'വാട്‌സ്ആപ്പിൽ റെഡ് ടിക്ക് വന്നാൽ പേടിച്ചോ! സർക്കാർ കാണുന്നുണ്ട്; പണി നേരിട്ടുവരും'-സോഷ്യൽ മീഡിയ പ്രചാരണത്തിൽ വിശദീകരണം

ബ്ലൂ ടിക്കിനു പകരം മൂന്ന് റെഡ് ടിക്കാണെങ്കിൽ സർക്കാർ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉടൻ കോടതിയിൽനിന്ന് സമൻസ് വരുമെന്നും കുറിപ്പിലുണ്ട്

Update: 2023-07-30 12:31 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: വാട്‌സ്ആപ്പ് ചാറ്റുകൾ ഇനി കേന്ദ്ര സർക്കാർ നിരീക്ഷണത്തിലായിരിക്കുമെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ വിശദീകരണവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ(പി.ഐ.ബി). വാട്‌സ്ആപ്പ് ചാറ്റുകൾ നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്നതടക്കമുള്ള വിവരങ്ങളുമായി കേന്ദ്ര സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയെന്നായിരുന്നു പ്രചാരണം.

സാധാരണ വാട്‌സ്ആപ്പിൽ മെസേജ് അയക്കുമ്പോൾ വരാറുള്ള ബ്ലൂ ടിക്കിനു പകരം റെഡ് ടിക്ക് ആണ് വരുന്നതെങ്കിൽ കേന്ദ്ര സർക്കാർ നിരീക്ഷണത്തിലാണെന്നായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പിലുണ്ടായിരുന്നത്. അയച്ച മെസേജ് സർക്കാർ നിരീക്ഷിച്ച് കുറ്റകരമായ എന്തെങ്കിലുമാണെങ്കിൽ നേരിട്ടു നടപടി വരുമെന്നും ഇതിൽ വാദമുണ്ടായിരുന്നു.

എന്നാൽ, പ്രചാരണം തെറ്റാണെന്ന് പി.ഐ.ബിയുടെ ഫാക്ട് ചെക്ക് ട്വിറ്റർ ഹാൻഡിലിൽ അറിയിച്ചു. കേന്ദ്ര സർക്കാർ ഇത്തരമൊരു മാർഗനിർദേശം പുറത്തിറക്കിയിട്ടില്ലെന്ന് പി.ഐ.ബി ട്വീറ്റിൽ പറയുന്നു. വൈറലാകുന്ന കുറിപ്പ് വ്യാജമാണെന്നും വിശദീകരിച്ചിട്ടുണ്ട്.

വാട്‌സ്ആപ്പിൽ സാധാരണ ഒരു ടിക്ക് മാത്രമാണെങ്കിൽ മെസേജ് അയച്ചു എന്നാണ് അർത്ഥമാക്കുന്നത്. രണ്ടെണ്ണമാണെങ്കിൽ മെസേജ് അയക്കപ്പെട്ട ആൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്. രണ്ട് ബ്ലൂ ടിക്ക് ആയാൽ മെസേജ് അപ്പുറത്തുള്ളയാൾ കണ്ടുവെന്നുമെന്നാണ് അറിയിക്കുന്നത്.

എന്നാൽ, ഇത് മൂന്ന് ബ്ലൂ ടിക്ക് ആണെങ്കിൽ സർക്കാർ നമ്മുടെ മെസേജ് ശ്രദ്ധിച്ചിട്ടുണ്ടെന്നായിരിക്കും ഇനി അർത്ഥമാക്കുന്നതെന്നാണ് വൈറൽ കുറിപ്പിൽ വാദിച്ചിരുന്നത്. രണ്ട് ബ്ലൂ ടിക്കിനൊപ്പം ഒരു റെഡ് ടിക്ക് കൂടി വന്നാൽ സർക്കാർ നമുക്കെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്. ഒരു ബ്ലൂ ടിക്കും രണ്ട് റെഡ് ടിക്കുമാണെങ്കിൽ സർക്കാർ നമ്മുടെ വാട്‌സ്ആപ്പ് വിവരങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും മൂന്ന് റെഡ് ടിക്കാണെങ്കിൽ സർക്കാർ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉടൻ കോടതിയിൽനിന്ന് സമൻസ് ലഭിക്കുമെന്നും കുറിപ്പിൽ വാദിച്ചിരുന്നു.

Summary: '3 red ticks to monitor chats '-Press Information Bureau fact-check in new WhatsApp guideline claim

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News