Writer - അൻഫസ് കൊണ്ടോട്ടി
anfas123
അടിക്കിടെ ഫോണിലേക്ക് കടന്നുവരുന്ന പ്രമോഷണല്‍ മെസ്സേജുകള്‍ നിയന്ത്രണവിധേയമാക്കുന്നതിനുള്ള പദ്ധതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൈകോര്‍ത്തുകൊണ്ടുള്ള പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായാണ് ടെലികോം അതോറിറ്റിയുടെ നീക്കം. പദ്ധതിപ്രകാരം ചെറിയൊരു വിഭാഗം മൊബൈല്‍ ഉപഭോക്താക്കളിലേക്ക് ജാഗ്രതാ നിര്‍ദേശവുമായി എസ്എംഎസ് വരുമെന്നും അതില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ട്രായ് അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തില്‍ ചില ഉപഭോക്താക്കള്‍ക്ക് 127000 എന്ന ഷോര്‍ട്ട് കോഡില്‍ നിന്ന് എസ്എംഎസ് സന്ദേശം ലഭിക്കും. എസ്എംഎസ് ലഭിക്കാത്തവര്‍ നിരാശരാകേണ്ടതില്ലെന്നും പദ്ധതിയുടെ പ്രാരംഭമെന്നോളം നിലവിലെ പരിമിതികളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ട്രായ് വ്യക്തമാക്കി.
'ടെലികോം മാനേജ്‌മെന്റുമായി കണക്ട് ചെയ്യാവുന്ന ലിങ്കും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള സന്ദേശവും ഓരോ എസ്എംഎസിലും ഉള്‍പ്പെട്ടിട്ടുണ്ടാകും. ഇതുവഴി, തങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട ബാങ്ക് നിര്‍ദേശങ്ങളും പ്രമോഷണൽ പരസ്യങ്ങളെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് അറിയാനാകും. നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകണോ വേണ്ടയോ എന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം.'
'വ്യക്തിപരവും സാമ്പത്തികവുമായി വിവരങ്ങളെ പദ്ധതിയുടെ ഒരുഘട്ടത്തിലും ആവശ്യപ്പെടുന്നില്ല'. ടെലികോം അതോറിറ്റി വ്യക്തമാക്കി. 127000 എന്ന ഷോര്‍ട്ട്‌കോഡില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് മാത്രമേ മറുപടി നല്‍കാവൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റിസര്‍വ് ബാങ്കുമായി ട്രായ് കൈകോര്‍ത്തുകൊണ്ടുള്ള ഈ പ്രോജക്ടില്‍ ഒമ്പത് ടെലികോം സര്‍വീസ് കമ്പനികളെയും 11 ബാങ്കുകളെയുമാണ് നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുതുതമായി രൂപകല്‍പന ചെയ്തിട്ടുള്ള ഡിജിറ്റല്‍ സംവിധാനം രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കുന്നതിന് മുമ്പായി ഗുണമേന്മ ഉറപ്പുവരുത്തുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. 2026 ഫെബ്രുവരിയോടെ പൈലറ്റ് പ്രോജക്ട് പൂര്‍ത്തീകരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
2018ലെ കസ്റ്റമര്‍ പ്രിഫെറന്‍സ് റെഗുലേഷന്‍സ് നിയമം പ്രകാരം, തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള പ്രമോഷണല്‍ സന്ദേശങ്ങള്‍ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍, ഇതത്ര സുഗമമായിരുന്നില്ലെന്നാണ് ടെലികോം അതോറിറ്റിയുടെ പക്ഷം.
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുഗമമായി പ്രമോഷണല്‍ മെസ്സേജുകളെ നിയന്ത്രിക്കുന്നതിനായാണ് പുതിയ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.