ഇനി ഉയർന്ന ക്വാളിറ്റിയില്‍ വിഡിയോകൾ പങ്കുവയ്ക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്സ്ആപ്പ് വഴി ഇനിമുതൽ വിഡിയോ അയയ്ക്കുമ്പോൾ ഓട്ടോ, ബെസ്റ്റ് ക്വാളിറ്റി, ഡാറ്റാ സേവർ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ കാണിക്കും

Update: 2021-07-02 16:56 GMT
Editor : Shaheer | By : Web Desk
Advertising

വാട്‌സ്ആപ്പിൽ പങ്കുവയ്ക്കപ്പെടുന്ന വിഡിയോകൾക്കും ചിത്രങ്ങൾക്കും ക്വാളിറ്റി പോരെന്നായിരുന്നു ഇതുവരെയുള്ള ഉപയോക്താക്കളുടെ പരാതി. ആ പരാതിക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇന്‍സ്റ്റന്‍റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. വിഡിയോകൾ അതിന്‍റെ മികച്ച ക്വാളിറ്റിയില്‍ തന്നെ അയയ്ക്കാനാകുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. 'വിഡിയോ അപ്ലോഡ് ക്വാളിറ്റി' എന്ന പേരിലുള്ള പുതിയ ഫീച്ചറോടെയുള്ള വാട്‌സ്ആപ്പിന്റെ ആൻഡ്രോയ്ഡ് ബീറ്റ പതിപ്പ് പുറത്തെത്തിയിട്ടുണ്ട്.

നിലവിൽ 16 എംബിയിൽ കുറഞ്ഞ ഫയലുകൾ മാത്രമേ വാട്‌സ്ആപ്പിൽ പങ്കുവയ്ക്കാനാകൂ. എന്നാൽ, പുതിയ ഫീച്ചർ പ്രകാരം 4കെ റെസല്യൂഷനിലുള്ള വിഡിയോകൾ വരെ അയയ്ക്കാനാകും. ഇനിമുതൽ വിഡിയോ അയയ്ക്കുമ്പോൾ ഏത് റെസല്യൂഷനിലുള്ള വിഡിയോ ആണ് വേണ്ടതെന്ന് ചോദിച്ചുകൊണ്ടുള്ള പോപ് അപ്പ് ലഭിക്കും. ഇതോടൊപ്പം വോയ്‌സ് ക്വാളിറ്റി കൂട്ടാനും നീക്കം നടക്കുന്നുണ്ട്.

വാട്സ്ആപ്പ് വഴി ഇനിമുതൽ വിഡിയോ അയയ്ക്കുമ്പോൾ മൂന്ന് ഓപ്ഷനുകളാണ് കാണിക്കുക. ഒന്നാമത്തേത് ഓട്ടോമാറ്റിക് സംവിധാനമാണ്. ഇതുവഴി ഏറ്റവും ചുരുങ്ങിയ ക്വാളിറ്റിയിലുള്ള ഫയലുകളായായിരിക്കും അയയ്ക്കുക. രണ്ടാമത്തേത് ബെസ്റ്റ് ക്വാളിറ്റി. ഇത് തിരഞ്ഞെടുത്താൽ ഏറ്റവും മികച്ച ക്വാളിറ്റിയോടെയായിരിക്കും ഫയലുകൾ അയക്കുക. ഉയര്‍ന്ന നിലവാരത്തിലുള്ള ഈ ഫയലുകൾക്ക് കൂടുതൽ ഡാറ്റയും ചെലവാകും.

ഡാറ്റാ സേവർ സെറ്റിങ്‌സ് ആണ് മൂന്നാമത്തെ ഓപ്ഷൻ. ഇതു തിരഞ്ഞെടുത്താൽ വിഡിയോ കംപ്രസ് ചെയ്തായിരിക്കും പങ്കുവയ്ക്കപ്പെടുക. ഫയൽ സൈസ് കുറയുന്നതിനൊപ്പം അയയ്ക്കുന്ന വേഗവും എളുപ്പമാകും. ഡാറ്റയും കുറച്ചേ ചെലവാകൂ. പുതിയ മാറ്റങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ കുറച്ചുകൂടി സമയമെടുക്കുമെന്നാണ് അറിയുന്നത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News