17 വര്‍ഷമായിട്ടും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന മൊബൈല്‍ഫോണ്‍

Update: 2018-05-13 13:51 GMT
Editor : Subin
17 വര്‍ഷമായിട്ടും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന മൊബൈല്‍ഫോണ്‍

നോക്കിയയുടെ 3310 ഫോണാണ് ദീര്‍ഘായുസ്സുകൊണ്ട് ഏവരുടേയും കണ്ണുതള്ളിക്കുന്നത്...

പരമാവധി രണ്ടോ മൂന്നോ വര്‍ഷം ഉപയോഗിച്ചാല്‍ വലിയ കാര്യമെന്ന് കരുതുന്ന പുതു തലമുറ സ്മാര്‍ട്ട്‌ഫോണുകളുടെ കാലത്താണ് 17 വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍ യാതൊരു കേടുമില്ലാതെ ഞെട്ടിക്കുന്നത്. നോക്കിയയുടെ 3310 ഫോണാണ് ദീര്‍ഘായുസ്സുകൊണ്ട് ഏവരുടേയും കണ്ണുതള്ളിക്കുന്നത്.

9/11 ആക്രമണത്തിന് ഒരു വര്‍ഷം മുമ്പ് 2000ത്തിലാണ് നോക്കിയ 3310 പുറത്തിറങ്ങുന്നത്. അന്ന് മൊബൈല്‍ വിപണിയില്‍ എതിരാളികളില്ലാത്ത മഹാരഥന്മാരായിരുന്നു നോക്കിയ. പുറത്തിറങ്ങിയ വര്‍ഷം തന്നെയാണ് മുന്‍ ബ്രിട്ടീഷ് സൈനികനായ ഡേവ് മിച്ചല്‍ നോക്കിയ 3310 സ്വന്തമാക്കുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുദ്ധമേഖലയില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി സേവനമെടുക്കുമ്പോഴും ഡേവിനൊപ്പം ഈ മൊബൈല്‍ ഉണ്ടായിരുന്നു.

Advertising
Advertising

ഇപ്പോള്‍ 49 വയസുള്ള ഡേവ് മിച്ചലിന്റെ കയ്യില്‍ നിന്നും 17 വര്‍ഷത്തിനിടെ എണ്ണമറ്റ തവണ നോക്കിയ 3310 താഴെ വീണിട്ടുണ്ട്. ഓരോ വീഴ്ച്ചയിലും പല കഷണങ്ങളായി ചിതറുന്ന ഫോണ്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ കൂട്ടിച്ചേര്‍ക്കാനും കഴിയും. 17 വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന നോക്കിയ 3310 അടുത്തൊന്നും പ്രവര്‍ത്തനം നിര്‍ത്താനുള്ള സൂചന പോലും നല്‍കുന്നില്ല.

സ്മാര്‍ട്ട്‌ഫോണ്‍ കാലത്ത് ഡേവ് മിച്ചലിന്റെ ഫോണിന്റെ പല വിശേഷങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. പത്ത് ദിവസത്തിലൊരിക്കല്‍ മാത്രമാണ് അദ്ദേഹം തന്റെ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത്. ഒരിക്കല്‍ വാഷിംങ് മെഷീനിലും പിന്നൊരിക്കല്‍ സോസിലും ഡേവ് മിച്ചലിന്റെ ഫോണ്‍ വീണു. പലതവണ വെള്ളത്തിലും അപ്പോഴൊക്കെ ഒന്ന് ബാറ്ററി മാറ്റിവെച്ച് തുടച്ച് ഈര്‍പ്പം കളഞ്ഞശേഷം പഴയരൂപത്തിലാക്കി സ്വിച്ച് ഓണ്‍ ചെയ്താല്‍ പഴയതുപോലെ ഈ ഫോണ്‍ പ്രവര്‍ത്തിച്ചു.

നോക്കിയ 3310ന്റെ പല സ്‌പെസിഫിക്കേഷനുകളും ഇപ്പോഴത്തെ സ്മാര്‍ട്ട് ഫോണുകളുമായി താരതമ്യത്തിന് പോലും സാധ്യമല്ല. ഒരു കെബിയാണ് നോക്കിയ 3310ന്റെ മെമ്മറി. ആകെ 250 കോണ്‍ടാക്ട് നമ്പറുകള്‍ മാത്രമാണ് ശേഖരിക്കാനാവുക. 84*48 പിക്‌സല്‍ മോണോക്രോം ഡിസ്‌പ്ലേ, ക്യാമറയോ ഇന്റര്‍നെറ്റോ ഇല്ല. സ്വന്തം മൊബൈലിന്റെ ന്യൂനതകളേക്കാള്‍ സാധ്യതകളെ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഡേവ് മിച്ചല്‍ തന്റെ മൊബൈല്‍ നോക്കിയ കമ്പനിക്ക് പോലും കൊടുക്കാന്‍ തയ്യാറല്ല.

Writer - Subin

contributor

Editor - Subin

contributor

Similar News