ഒടുവില്‍ മാപ്പ് പറഞ്ഞ് ആപ്പിള്‍; ഐഫോണ്‍ ബാറ്ററി മാറ്റിവാങ്ങാന്‍ ചെയ്യേണ്ടത്...

Update: 2018-06-01 07:12 GMT
Editor : Alwyn K Jose
ഒടുവില്‍ മാപ്പ് പറഞ്ഞ് ആപ്പിള്‍; ഐഫോണ്‍ ബാറ്ററി മാറ്റിവാങ്ങാന്‍ ചെയ്യേണ്ടത്...
Advertising

പഴയ ഐഫോണ്‍ മോഡലുകളുടെ പ്രകടനക്ഷമത കുറച്ചതിനെതിരെ അമേരിക്കയില്‍ പരാതികള്‍ പെരുകിയതോടെ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞ് ആപ്പിള്‍.

പഴയ ഐഫോണ്‍ മോഡലുകളുടെ പ്രകടനക്ഷമത കുറച്ചതിനെതിരെ അമേരിക്കയില്‍ പരാതികള്‍ പെരുകിയതോടെ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞ് ആപ്പിള്‍. കമ്പനിയുടെ വെബ്‍സൈറ്റിലാണ് ഖേദപ്രകടനം നടത്തിയിരിക്കുന്നത്. പഴക്കംചെന്ന ബാറ്ററികളുള്ള ഐഫോണുകളുടെ പ്രകടനമികവും വേഗതയും കുറഞ്ഞത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ചയാണ്. വിശ്വസിച്ചവരെ ചതിച്ചെന്ന് കാണിച്ച് നിരവധി ഉപഭോക്താക്കള്‍ അമേരിക്കയിലെ കോടതികളില്‍ ആപ്പിളിനെതിരെ പരാതി നല്‍കുകയും ചെയ്തു. കേസ് പുലിവാലാകുമെന്ന് ഉറപ്പായതോടെയാണ് മാപ്പ് പറഞ്ഞ് ആപ്പിള്‍ രംഗത്തുവന്നിരിക്കുന്നത്. വിഷയത്തില്‍ കുറച്ച് തെറ്റിദ്ധാരണകളുണ്ടായെന്ന് ആപ്പിള്‍ ഖേദപ്രകടനത്തില്‍ സൂചിപ്പിച്ചു.

പഴയ ലിഥിയം അയേണ്‍ ബാറ്ററികളുള്ള മോഡലുകളില്‍ ഐഒഎസ് അപ്ഡേഷന്‍ നല്‍കി ഉപഭോക്താക്കള്‍ അറിയാതെയാണ് ആപ്പിള്‍ പ്രൊസസറിന്റെ വേഗത കുറച്ചത്. എത്ര ജോലി കൊടുത്താലും ഹാങ്ങാവാത്ത ഫോണ്‍ ഒരു സുപ്രഭാതത്തില്‍ ഇഴയാന്‍ തുടങ്ങിയത് ആശയക്കുഴപ്പമുണ്ടാക്കുകയും ഫോണ്‍ പഴയതായെന്ന് ധരിച്ച് പുതിയത് വാങ്ങാന്‍ നിര്‍ബന്ധിതരായെന്നുമാണ് ഉപഭോക്താക്കളില്‍ ഭൂരിഭാഗത്തിന്റെയും പരാതി. സംഭവത്തിന് ശേഷം സൗജന്യമായോ വില കുറച്ചോ ബാറ്ററികള്‍ മാറ്റി നല്‍കാന്‍ തയാറാകാതെ ആപ്പിള്‍ കമ്പനി പുതിയ ഫോണ്‍ വാങ്ങാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും ഇത് വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കള്‍ കേസ് നല്‍കിയിരിക്കുന്നത്.

ഇതോടെ ബാറ്ററി മാറ്റിവാങ്ങുന്നതിന് പ്രത്യേക ഓഫറും ആപ്പിള്‍ പ്രഖ്യാപിച്ചു. വാറണ്ടിയില്ലാത്ത ഐഫോണുകളുടെ ബാറ്ററി വാങ്ങുന്നതിന് 79 ഡോളറാണ് വില. ഇത് 29 ഡോളറായാണ് ആപ്പിള്‍ കുറച്ച് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഐഫോണ്‍ 6, 6 പ്ലസുകളുടെ ബാറ്ററി മാറ്റിവാങ്ങാന്‍ 6500 രൂപയാണ് നിലവിലെ ചെലവ്. പഴയ ഐഫോണുകളുടെ ബാറ്ററി പ്രശ്നവും അതിലുണ്ടായ മാറ്റവും പ്രശ്നങ്ങളുടെ മാനവും സംബന്ധിച്ച് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതില്‍ വീഴ്ചയുണ്ടായി. ഉപഭോക്താക്കളില്‍ ചിലരെ ആപ്പിള്‍ നിരാശപ്പെടുത്തിയെന്ന് ബോധ്യപ്പെട്ടു. ഞങ്ങള്‍ മാപ്പ് പറയുന്നു. ഞങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച് തെറ്റിദ്ധാരണകളുണ്ടായി. ഒരു ആപ്പിള്‍ ഡിവൈസിന്റെയും ആയുസ് കുറയ്ക്കുന്ന തരത്തിലുള്ള ഒരു മാറ്റവും ബോധപൂര്‍വം ഞങ്ങള്‍ നടത്തിയിട്ടില്ല, നടത്തുകയുമില്ല. ഐഫോണുകളുടെ ദീര്‍ഘായുസ് തന്നെയാണ് ആപ്പിളിന്റെ ലക്ഷ്യമെന്നും കമ്പനിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News