പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനൊരുങ്ങി ഫേസ്ബുക്ക്
പ്രാദേശിക വാര്‍ത്തകള്‍ ന്യൂസ് ഫീഡ് വഴി അറിയാനാണ് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നതെന്ന നിരീക്ഷണമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫേസ്ബുക്കിനെ എത്തിച്ചതെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനൊരുങ്ങി ഫേസ്ബുക്ക്. പ്രാദേശിക പത്രങ്ങളിലും ടെലിവിഷനിലുമുള്ള വിവരങ്ങളാണ് ന്യൂസ് ഫീഡില്‍ കൂടുതലായി കാണുക. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. പ്രാദേശിക വാര്‍ത്തകള്‍ ന്യൂസ് ഫീഡ് വഴി അറിയാനാണ് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നതെന്ന നിരീക്ഷണമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫേസ്ബുക്കിനെ എത്തിച്ചതെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ന്യൂസ് ഫീഡില്‍ വിവിധ സ്ഥാപനങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ക്ക് പ്രാധാന്യം കുറച്ച് ഉപയോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ച് ന്യൂസ് ഫീഡ് ഉള്ളടക്കങ്ങള്‍ ക്രമീകരിക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിനൊപ്പം തന്നെ മാധ്യമ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുമെന്നും അതിനായി ഉപയോക്താക്കള്‍ക്കിടയില്‍ സര്‍വേ നടത്തുമെന്നും കമ്പനി അറിയിച്ചിരുന്നു. ഈ തീരുമാനം ഒരുപരിധി വരെ പ്രാദേശിക ഭാഷാ മാധ്യമങ്ങള്‍ക്ക് പ്രയോജനകരമാകും. മാത്രമല്ല, വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും ഒഴിവാക്കാനും ഇതുവഴി സാധിക്കുമെന്നും കമ്പനി വിലയിരുത്തുന്നു. പക്ഷെ, വാര്‍ത്താ ലിങ്കുകള്‍ക്ക് പൊതുവെ ന്യൂസ് ഫീഡില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം വാര്‍ത്താ വെബ്സൈറ്റുകള്‍ക്ക് തിരിച്ചടിയകുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്നതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ഫേസ്ബുക്ക് ഏറ്റുവാങ്ങിയത്. അതുകൊണ്ട് തന്നെ വാര്‍ത്തയിലെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള പദ്ധതികളാണ് നിലവില്‍ കമ്പനി ആവിഷ്കരിക്കുന്നത്.