മരിച്ചവരുടെ ഫേസ്ബുക്ക് അക്കൌണ്ടുകളില്‍ അടുത്ത ബന്ധുക്കള്‍ക്ക് അവകാശമുണ്ടെന്ന് ജര്‍മന്‍ കോടതി 

ബെര്‍ലിനില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ അമ്മയാണ് കോടതിയെ സമീപിച്ചത്

Update: 2018-07-13 02:36 GMT
Advertising

മരിച്ചവരുടെ സോഷ്യല്‍ മീഡിയ അക്കൌണ്ട് എന്തു ചെയ്യണമെന്നത് എല്ലാ രാജ്യത്തും സങ്കീര്‍ണവും കൌതുകമുള്ളതുമായ വിഷയമാണ്. ജര്‍മനിയില്‍ കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ ഒരു കോടതിവിധിയുണ്ടായി. മരിച്ചവരുടെ ഫേസ്ബുക്ക് അക്കൌണ്ടുകളില്‍ അടുത്ത ബന്ധുക്കള്‍ക്ക് അവകാശമുണ്ടെന്നാണ് ജര്‍മനിയിലെ കോടതി വിധിച്ചത്.

ബെര്‍ലിനില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ അമ്മയാണ് കോടതിയെ സമീപിച്ചത്. പെൺകുട്ടിയുടെ മരണം ആത്മഹത്യയാണോ അതോ അപകടമാണോ എന്ന് ഉറപ്പാക്കാൻ ഫേസ്ബുക്ക് അക്കൗണ്ട് ആക്സസ് നല്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കാൾസ്രുഹെയിലെ ഫെഡറൽ കോർട്ട് ഓഫ് ജസ്റ്റിസിനെ സമീപിച്ചത്. ഫേസ്ബുക്കിലെ വിവരങ്ങള്‍ ഡയറിയിലെ വിവരങ്ങള്‍ പോലെ പരിഗണിക്കണമെന്നും അമ്മയ്ക്ക് മകളുടെ ഫേസ്ബുക്ക് അക്കൌണ്ടില്‍ കയറാന്‍ അനുമതി നല്‍കണമെന്നും കോടതി വിധിച്ചു. ഇത് ഫേസ്ബുക്കിന് മാത്രമല്ല എല്ലാ സോഷ്യല്‍ മീഡിയക്കും ബാധകമാണെന്നും കോടതി വിധിച്ചു.

ഫേസ്ബുക്ക് സെർവറിൽ ഇപ്പോഴും അക്കൌണ്ടിന്റെ ഉള്ളടക്കം നിലനിൽക്കുന്നുണ്ടെങ്കിലും പെൺകുട്ടിയുടെ പ്രൊഫൈൽ മെമ്മോറിയൽ പേജായി മാറിയിട്ടുണ്ട്. പക്ഷേ കോടതി വിധി അംഗീകരിക്കാന്‍ ഫേസ്ബുക്ക് തയ്യാറല്ല. ഭരണഘടനാ കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് ഫേസ്ബുക്ക് അധികൃതര്‍.

Tags:    

Similar News