മിസ് കോളിന് പിന്നാലെ വ്യാപാരിയുടെ അക്കൗണ്ടില്‍ നിന്നും ഹാക്കര്‍മാര്‍ 1.86 കോടി തട്ടി
മാഹിമിന്റെ അക്കൗണ്ടില്‍ നിന്നും രാജ്യത്തെങ്ങുമുള്ള 14 അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. മൊബൈല്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നെങ്കിലും തട്ടിപ്പ് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ്...
പാതിരാത്രിയില്‍ മിസ്‌കോളുകള്‍ വന്നതിന് പിന്നാലെ മുംബൈ സ്വദേശിയായ വ്യാപാരി മാഹിം ബിസ്മാന്റെ അക്കൗണ്ടില്‍ നിന്നും ഹാക്കര്‍മാര്‍ പിന്‍വലിച്ചത് 1.86 കോടി രൂപ. ഡിസംബര്‍ 27ന് അര്‍ധരാത്രിയിലും 28ന് പുലര്‍ച്ചെയുമായാണ് തട്ടിപ്പ് നടന്നത്. സിം സ്വാപ് എന്ന പുതിയ തട്ടിപ്പ് രീതിയിലൂടെ സിം കാര്‍ഡിലെ ഉടമസ്ഥാവകാശം മാറ്റി 14 അക്കൗണ്ടുകളിലേക്ക് പണം മാറ്റിയ ശേഷം പിന്‍വലിക്കുകയായിരുന്നു.
ഡിസംബര്‍ 27ന് രാത്രി 11നും പിറ്റേന്ന് പുലര്‍ച്ചെ രണ്ടിനും ഇടക്കുള്ള സമയത്താണ് ആറ് മിസ്‌കോളുകള്‍ മുംബൈ വ്യാപാരിയായ മാഹിമിന് ലഭിക്കുന്നത്. ഇതില്‍ ഒരു നമ്പര്‍ യുകെയില്‍(+44) നിന്നുള്ളതായിരുന്നു. രാവിലെ ഈ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കാന്‍ ശ്രമിച്ചപ്പോഴാണ് സിംകാര്‍ഡ് വര്‍ക്ക് ചെയ്യുന്നില്ലെന്ന് തിരിച്ചറിഞ്ഞത്. മൊബൈല്‍ സേവന ദാതാക്കളോട് ഇക്കാര്യം അറിയിച്ചപ്പോള്‍ നിങ്ങളുടെ തന്നെ അഭ്യര്‍ഥന പ്രകാരം പുതിയ സിം നല്‍കിയിരുന്നുവെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ തട്ടിപ്പ് സൂചന ലഭിച്ച മാഹിം ബാങ്കിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ബാങ്ക് നടത്തിയ പരിശോധനയിലാണ് വലിയ തോതിലുള്ള തട്ടിപ്പ് നടന്നതായി തെളിഞ്ഞത്. മാഹിമിന്റെ അക്കൗണ്ടില്‍ നിന്നും രാജ്യത്തെങ്ങുമുള്ള 14 അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. ബാങ്ക് പെട്ടെന്ന് തന്നെ നടപടിയെടുത്തതിനാല്‍ അക്കൗണ്ടില്‍ നിന്നും പോയ 20 ലക്ഷം രൂപ പിന്‍വലിക്കും മുമ്പ് തിരികെ പിടിക്കാന്‍ സാധിച്ചു. എന്നാല്‍ ബാക്കി തുക പിന്‍വലിക്കപ്പെട്ടിരുന്നു.
മൊബൈല്‍ ഫോണുമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിരുന്നെങ്കിലും തട്ടിപ്പ് നടന്നെന്ന് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് മാഹിം പ്രതികരിച്ചത്. മൊബൈല്‍ വിവരങ്ങള്‍ ആര്‍ക്കും കൈമാറിയിരുന്നില്ലെന്നും സിം മാറ്റാന്‍ സേവനദാതാക്കളെ സമീപിച്ചിരുന്നില്ലെന്നും മാഹിം പറഞ്ഞു. സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്താണ് സിം സ്വാപ് ?
സിം സ്വാപ് എന്ന രീതിയിലൂടെയാണ് ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ സൂചന. ബാങ്ക് അക്കൗണ്ടുമായി ബന്ധിക്കപ്പെട്ട മൊബൈല്‍ ഫോണിലെ സിമ്മിന്റെ ഉടമാവകാശം മാറ്റി പണം പിന്‍വലിക്കുന്ന രീതിയാണിത്. ഒരിക്കല്‍ ഇത്തരത്തില്‍ ഉടമാവകാശം മാറ്റിയാല്‍ സിം പ്രവര്‍ത്തനരഹിതമാവുകയും ചെയ്യും. നമ്മള്‍ വിവരം അറിഞ്ഞ് വരുമ്പോഴേക്കും ഓണ്‍ലൈന്‍ ബാങ്കിംങ് വഴി പണം പിന്‍വലിക്കലും നടന്നിരിക്കും.
തട്ടിപ്പിന് ഇരയാകുന്നവര്‍ പെട്ടെന്ന് ശ്രദ്ധിക്കാതിരിക്കാന്‍ പാതിരാത്രിയും അവധി ദിവസങ്ങളുമൊക്കെയാണ് തട്ടിപ്പുകാര്‍ ഇത് നടത്തുക. സിം സ്വാപ് നടത്തുന്നതിന് മുമ്പ് തന്നെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചിരിക്കും. പ്രത്യേകിച്ചും ഓണ്‍ലൈന്‍ ബാങ്കിംങ് യൂസര്‍നെയിമും പാസ്‌വേഡും പോലുള്ളവ. മൊബൈല്‍ സിമ്മിലെ 20 അക്ക നമ്പര്‍ സ്വന്തമാക്കിയാണ് ഇവര്‍ സിമ്മിന്റെ ഉടമാവകാശം മാറ്റുന്നത്.
മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്യുന്ന മൊബൈല്‍ കമ്പനികളുടെ എക്‌സിക്യൂട്ടിനെ പോലെയൊക്കെയാകും പലപ്പോഴും ഇരകളെ സമീപിക്കുക. സിം മാറ്റാന്‍ തയ്യാറാണെന്ന് അറിഞ്ഞാല്‍ സ്വാഭാവികമായും ഇവര്‍ക്ക് സിം നമ്പര്‍ കൈമാറുകയും ചെയ്യും. എന്നാല്‍ സിം നമ്പറുകള്‍ ഹാക്കിംങിലൂടെ സ്വന്തമാക്കുന്നവരുമുണ്ടെന്നും സൂചനയുണ്ട്. മുംബൈ സംഭവത്തില്‍ അങ്ങനെ സംഭവിച്ചതാകാമെന്ന് സൈബര്‍ പൊലീസ് സൂചന നല്‍കുന്നുണ്ട്.
വ്യാജ ബാങ്ക് വെബ് സൈറ്റ് വഴി അറിയാതെ അക്കൗണ്ട് തുറക്കുകയോ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ഹാക്കര്‍മാര്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ ലഭിക്കാം. ദുഷ്ടപ്രോഗ്രാം ഒളിപ്പിച്ചുവെച്ചുള്ള ഇമെയില്‍ സന്ദേശങ്ങള്‍ വഴിയോ ആപ്ലിക്കേഷനുകള്‍ വഴിയോ ഹാക്കര്‍മാര്‍ സ്മാര്‍ട്ട് ഫോണിലോ കമ്പ്യൂട്ടറിലോ നുഴഞ്ഞു കയറിയാലും വിവരങ്ങള്‍ നഷ്ടമാകാനുള്ള സാധ്യതയുണ്ട്.
സിം പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉടമകള്‍ ശ്രദ്ധിക്കാതിരിക്കാനാണ് പാതി രാത്രി മിസ് കോള്‍ അടിക്കുന്നത്. സിം ഉടമാവകാശം മാറ്റാന്‍ അപേക്ഷ നല്‍കിയാല്‍ സാധാരണ ഗതിയില്‍ മൂന്ന് നാല് മണിക്കൂറിനുള്ളില്‍ അത് നടക്കും. മിസ് കോള്‍ വരുന്നതിനാല്‍ ഉടമാവകാശം മാറിയശേഷം സിം പ്രവര്‍ത്തനരഹിതമാകുന്നത് പലപ്പോഴും ശ്രദ്ധിക്കാതെ പോവുകയും ചെയ്യും. ഓണ്‍ ലൈന്‍ ബാങ്കിംങും ഫോണ്‍ സിം സേവനങ്ങളും അര്‍ധ രാത്രിയിലും പ്രവര്‍ത്തിക്കുന്നത് ദുരുപയോഗം ചെയ്യുക കൂടിയാണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്.