ഭർത്താവും രണ്ടാം ഭാര്യയും ചേർന്ന് മകനെ ഭീഷണിപ്പെടുത്തിയെന്ന് കടയ്ക്കാവൂര്‍ കേസിലെ അമ്മ
സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കോടതി വിധിയിൽ സന്തോഷമുണ്ടെന്നും അമ്മ പറഞ്ഞു
നിരപരാധിയെന്ന് കടയ്ക്കാവൂർ പോക്സോ കേസിൽ പ്രതിയായ അമ്മ. ഭർത്താവും രണ്ടാം ഭാര്യയും ചേർന്ന് മകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. മകന് താൻ നൽകിയെന്ന് പൊലീസ് പറയുന്ന ഗുളികയെക്കുറിച്ച് അറിയില്ല. ചുമക്കുള്ള അലർജിക്ക് മകൻ മരുന്ന് കഴിക്കുന്നുണ്ട്. സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കോടതി വിധിയിൽ സന്തോഷമുണ്ടെന്നും അമ്മ പറഞ്ഞു.
വെള്ളിയാഴ്ചയാണ് കേസില്‍ പ്രതിയായ സ്ത്രീക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ സർക്കാർ കോടതിയില്‍ എതിർത്തിരുന്നു. നേരത്തെ തിരുവനന്തപുരം പോക്സോ കോടതി ജാമ്യം തള്ളിയതോടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസന്വേഷണത്തിന്‍റെ ഒരു ഘട്ടം കഴിഞ്ഞെന്ന നിരീക്ഷണത്തിൽ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഡിസംബര്‍ 18നാണ് പൊലീസ് അമ്മക്കെതിരെ കേസെടുത്തത്. വിവാഹ ബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. അമ്മയെ കേസില്‍ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്ന് ഇളയ മകന്‍ വെളിപ്പെടുത്തിയിരുന്നു. ചേട്ടനെ മര്‍ദിച്ച് പരാതി നല്‍കുകയായിരുന്നുവെന്നും ഇളയ മകന്‍ പറയുകയുണ്ടായി.