ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസില്‍ യുവതിയുടെ പ്രസവം

തിരുവല്ല കോയിപ്രം താവളത്തിൽ ഹൗസിൽ റോയ്സിന്‍റെ ഭാര്യ മേഘ(24) ആണ് കനിവ് 108 ആംബുലൻസിനുള്ളിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്

Update: 2021-02-08 02:31 GMT

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. തിരുവല്ല കോയിപ്രം താവളത്തിൽ ഹൗസിൽ റോയ്സിന്‍റെ ഭാര്യ മേഘ(24) ആണ് കനിവ് 108 ആംബുലൻസിനുള്ളിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്‌ച പുലർച്ചെയാണ് ആണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മേഘയെ ബന്ധുക്കൾ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു ഇവിടെ നിന്ന് മേഘയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശം നൽകി. തുടർന്ന് കണ്ട്രോൾ റൂമിൽ നിന്നുള്ള നിർദേശാനുസരണം പുലർച്ചെ 5.30ന് തിരുവല്ല താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രാജീവ് ടി.ഡി, പൈലറ്റ് അരുൺ പി എന്നിവർ ആശുപത്രിയിൽ എത്തി മേഘയെ ആംബുലൻസിലേക്കി മാറ്റി കോട്ടയത്തേക്ക് യാത്ര തിരിച്ചു.

Advertising
Advertising

യാത്രാമധ്യേ മേഘയുടെ ആരോഗ്യനില വഷളാകുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രാജീവ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്നും മനസിലാക്കി. രാജീവിന്‍റെ നിർദേശാനുസരണം ഉടൻ തന്നെ അരുൺ ആംബുലൻസ് ചങ്ങനാശേരി പന്തിയംകവല ഭഗത് റോഡ് വശത്തായി ഒതുക്കി. തുടർന്ന് 6.08ന് രാജീവിന്‍റെ പരിചരണത്തിൽ മേഘ പെൺ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. റോയ്‌സ് മേഘ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്. ഫെബ്രുവരിയിൽ പത്തനംതിട്ട ജില്ലയിൽ കനിവ് 108 ആംബുലൻസിന്‍റെ വൈദ്യസഹായത്തിൽ നടക്കുന്ന രണ്ടാമത്തെ പ്രസവം ആണ് ഇത്.

Tags:    

Similar News