പാകിസ്താന് സ്വാതന്ത്ര്യ ദിനാശംസ നേരുന്നത് ക്രിമിനൽ കുറ്റമല്ല: സുപ്രിംകോടതി

"ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ വിമർശിക്കാൻ ഓരോ പൗരനും സ്വാതന്ത്ര്യമുണ്ട്"

Update: 2024-03-08 07:06 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞതിനെ വിമർശിക്കുന്നതും പാകിസ്താന് സ്വാതന്ത്ര്യദിനാശംസ നേരുന്നതും ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രിംകോടതി. സർക്കാർ തീരുമാനങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം രാജ്യത്തെ ഓരോ പൗരനുമുണ്ടെന്നും കോടതി വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് കരിദിനമാണെന്ന് ചൂണ്ടിക്കാട്ടി വാട്‌സ്ആപ്പ് സ്റ്റാറ്റസ് വച്ചതിൽ കോളജ് പ്രൊഫസർക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.

'ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പുനൽകിയ ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെ വിമർശിക്കാൻ ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ട്. ഓരോ വിമർശനവും ശിക്ഷാനിയമത്തിലെ 153എ(വിവിധ മത സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തൽ)യ്ക്ക് കീഴിൽ വരുന്ന കുറ്റമായി കണക്കാക്കുകയാണ് എങ്കിൽ ജനാധിപത്യം നിലനിൽക്കില്ല. നിയമപരമായി വിയോജിക്കാനുള്ള അവകാശം മൗലികമാണ്. വിയോജിക്കാനുള്ള അവകാശം മാനിക്കപ്പെടണം. സർക്കാർ തീരുമാനങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവസരം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. അത് ഭരണഘടന ഉറപ്പുനൽകുന്നതുമാണ്.' - ജസ്റ്റിസ് അഭയ് എസ് ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.  




കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ദിവസം കരിദിനം (ബ്ലാക് ഡേ) ആണെന്ന് വാട്‌സ് ആപ് സ്റ്റാറ്റച് വച്ച കശ്മീരി പ്രൊഫസർ ജാവേദ് അഹ്‌മദ് ഹജമിനെതിരെയുള്ള കേസാണ് കോടതി പരിഗണിച്ചത്. 152 എ വകുപ്പ് പ്രകാരം മഹാരാഷ്ട്ര പൊലീസാണ് ഹജമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കോലാപൂരിലെ സഞ്ജയ് ഘോദാവദ് കോളജ് അധ്യാപകനാണ് ഇദ്ദേഹം. 

'ആഗസ്റ്റ് 5- ബ്ലാക് ഡേ ജമ്മു ആൻഡ് കശ്മീർ, '14 ആഗസ്ത് - ഇൻഡിപെൻഡൻസ് ഡേ പാകിസ്താൻ', '370-ാം വകുപ്പ് എടുത്തു കളഞ്ഞു, ഞങ്ങൾ സന്തുഷ്ടരല്ല' എന്നാണ് ഇദ്ദേഹം സ്റ്റാറ്റസ്  വച്ചിരുന്നത്. കേസ് ആദ്യം പരിഗണിച്ച ബോംബെ ഹൈക്കോടതി എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഫസർ സുപ്രിം കോടതിയെ സമീപിച്ചത്. എഫ്ഐആര്‍ സുപ്രിംകോടതി റദ്ദാക്കി. 

പാകിസ്താൻ അടക്കമുള്ള ഏതു രാഷ്ട്രങ്ങളുടെയും സ്വാതന്ത്ര്യദിനത്തിൽ ആശംസ അറിയിക്കുന്നതിൽ തെറ്റില്ലെന്ന് കോടതി പ്രത്യേകം എടുത്തുപറഞ്ഞു. 'അവരവരുടെ സ്വാതന്ത്ര്യദിനത്തിൽ ആ രാഷ്ട്രത്തിലെ പൗരന്മാർക്ക് ആശംസ അറിയിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. ആഗസ്ത് 14ന് പാകിസ്താന് സ്വാതന്ത്ര്യദിനാംശ നേരുന്നതു കൊണ്ട് ഒരു പ്രശ്‌നവുമില്ല. അത് സൗമനസ്യത്തിന്റെ പ്രകടനമാണ്. ഇത്തരം കേസുകളിൽ അത് വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കും എന്ന് കരുതേണ്ടതില്ല.' - ബഞ്ച് നിരീക്ഷിച്ചു. 

Summary: Every citizen has the right to criticise the action of abrogation of Article 370 or any other decision of the government: Supreme Court 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News