സ്വയം നിർമിച്ച വിമാനത്തിൽ കുടുംബസമേതം യൂറോപ്പ് ചുറ്റുന്ന മലയാളി!

ലണ്ടനിൽ ഫോർഡ് കമ്പനിയിൽ എഞ്ചിൻ ഡിസൈനറാണ് ഈ ആലപ്പുഴക്കാരന്‍

Update: 2022-07-28 02:50 GMT
Editor : abs | By : Web Desk
Advertising

തിരക്കുകളിൽ നിന്നെല്ലാം മാറി ഒരു യാത്ര നടത്താൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. സ്വന്തം വാഹനത്തിലാണെങ്കിൽ ആ യാത്ര ഏറെ മധുരതരമായിരിക്കും. അത് സ്വയം നിർമിച്ച വിമാനത്തിലാണെങ്കിലോ? വന്യമായ ഭാവനയാണ് എന്നു വിചാരിക്കേണ്ട. സ്വയം നിർമിച്ച വാഹനത്തിൽ യൂറോപ്പിൽ കുടുംബസമേതം പറന്നു കടക്കുന്ന ഒരാളുണ്ട് യുകെയിൽ- നല്ല അസ്സൽ മലയാളി.

ലണ്ടനിൽ മെക്കാനിക്കൽ എഞ്ചിനീയറായ അശോക് താമരാക്ഷനാണ് കക്ഷി. ആലപ്പുഴക്കാരനായ അശോക് ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പമാണ് നാലു സീറ്റുള്ള എയർ ക്രാഫ്റ്റിൽ സഞ്ചരിക്കുന്നത്. ജി-ദിയ എന്നാണ് അശോക് നിർമിച്ച വിമാനത്തിന്റെ പേര്. അശോകിന്റെ മകളുടെ പേരാണ് ദിയ. സ്വന്തം വിമാനമെന്ന, കോവിഡ് ലോക്ക്ഡൗണിനിടെ തലയ്ക്കു പിടിച്ച ആശയം 18 മാസമെടുത്താനാണ് അശോക് സാക്ഷാത്കരിച്ചത്. 

അശോക് നിര്‍മിച്ച വിമാനം 

 

ആര്‍.എസ്.പി നേതാവും മുൻ എംഎൽഎയുമായ പ്രൊഫ. എ.വി താമരാക്ഷന്റെയും ഡോ. സുഹൃദലതയുടെയും മകനാണ് അശോക്. ലണ്ടനിൽ ഫോർഡ് കമ്പനിയിൽ എഞ്ചിൻ ഡിസൈനറാണ്. 2018ലാണ് പൈലറ്റ് ലൈസൻസെടുത്തത്.

വിമാന നിർമാണത്തെ കുറിച്ച് അശോക് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞതിങ്ങനെ; 'തുടക്കത്തിൽ, 2018ൽ പൈലറ്റ് ലൈസൻസ് കിട്ടിയ ശേഷം യാത്രയ്ക്കായി രണ്ടു സീറ്റുള്ള ചെറിയ വിമാനം വാടകയ്‌ക്കെടുത്തിരുന്നു. കുടുംബത്തിൽ മക്കളടക്കം നാലു പേർ ആയതോടെ നാലു സീറ്റ് വിമാനം ആവശ്യമായി വന്നു. അത് അപൂർവ്വമായിരുന്നു. കിട്ടാവുന്നവ ഏറെ പഴക്കം ചെന്നതും. സ്വന്തമായി വിമാനം നിർമിക്കാമെന്ന ആശയം അങ്ങനെയാണ് ഉണ്ടായത്.' 

കുടുംബത്തോടൊപ്പം ആകാശ്

 

നിർമാണത്തിന് മുമ്പായി ദക്ഷിണാഫ്രിക്കയിൽ ചെറുവിമാനങ്ങൾ നിർമിക്കുന്ന കമ്പനിയിലെത്തി അശോക് കാര്യങ്ങൾ പഠിച്ചെടുത്തു. 'ജോഹന്നസ്ബർഗ് ആസ്ഥാനമായ സ്ലിങ് എയർക്രാഫ്റ്റ് സ്ലിങ് ടിഎസ്‌ഐ എന്ന പേരിൽ വിമാനം അവതരിപ്പിക്കുന്നുണ്ട് എന്നറിഞ്ഞു. കമ്പനിയിലെത്തി കിറ്റിന് ഓർഡർ കൊടുത്തു. വീട്ടുവളപ്പിൽ വർക്ക്‌ഷോപ്പും സജ്ജമാക്കി. യുകെ വ്യോമയാന അധികൃതരുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. യുകെയിൽ സ്വന്തമായി വിമാനം നിർമിക്കുന്ന കാര്യം പുതുമയല്ല. അസംബ്ൾ ചെയ്യാവുന്ന കിറ്റുകൾ നൽകുന്ന കമ്പനികൾ ഇവിടെയുണ്ട്' - അശോക് പറയുന്നു.

1.8 കോടി രൂപയാണ് വിമാനത്തിന്റെ ചെലവ്. മണിക്കൂറില്‍ 20 ലിറ്റർ ഇന്ധനം വേണ്ടി വരുന്ന വിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 200 കിലോമീറ്ററാണ്. യുകെയിലെ പല ഭാഗങ്ങൾക്ക് പുറമേ, ജർമനി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് കുടുംബസമേതം അശോക് യാത്ര ചെയ്തിട്ടുണ്ട്. യൂറോപ്പിൽ യുഎസിലും സ്വന്തമായി നിർമിച്ച വിമാനത്തിൽ യാത്ര ചെയ്യാൻ അനുമതിയുണ്ടെന്ന് ഇദ്ദേഹം പറയുന്നു. 

ഇത്തരം വിമാനങ്ങൾക്ക് ഇന്ത്യയിലും വൈകാതെ അനുമതി ലഭ്യമാകുമെന്ന് അശോക് പറയുന്നു. വിമാനക്കിറ്റുകൾ നൽകാൻ കമ്പനികൾ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്‍ഡോര്‍ സ്വദേശിയായ അഭിലാഷയാണ് ഭാര്യ. മക്കൾ താരയും ദിയയും. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News