നവംബറാകാന്‍ കാത്തിരിക്കേണ്ട; മെസിയുടെ അർജന്റീന കാണാന്‍ 'വിസ വേണ്ട'
മരുഭൂമികളും കാടുകളും മരങ്ങളും പര്‍വത നിരകളൊക്കെയും ഈ ലാറ്റിനമേരിക്കൻ രാജ്യത്തെ വേറിട്ടതാക്കുന്നു
ബ്യൂണസ്ഐറിസ്: ഡീഗോ മറഡോണയും ലയണല്‍ മെസ്സിയും ഇവരെയെല്ലാം കൂട്ടിയിണക്കുന്ന ഫുട്ബോളും മാത്രമല്ല അര്‍ജന്റീനയിലുള്ളത്. കാണാനും ആസ്വദിക്കാനും കുളിര്‍മ നല്‍കാനുമൊക്കെ പറ്റുന്ന ഇടങ്ങളും സാഹചര്യങ്ങളുമൊക്കെ അർജന്റീനയില്‍ ധാരാളമുണ്ട്.
വിനോദ സഞ്ചാരികളെ മാടിവിളിക്കുന്ന അർജന്റീന ഇതിനായി വിസയിലുൾപ്പെടെ ഇളവുകളും നൽകുന്നുണ്ട്. ഇന്ത്യക്കാർക്ക് വിസ ലഭിക്കാനുള്ള മാർഗങ്ങൾ അടുത്തിടെ ലഘൂകരിക്കുകയും ചെയ്തിരുന്നു. പുതിയ നിയമങ്ങൾ പ്രകാരം, യുഎസ് ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ യാത്രക്കാർക്കാണ് ഇനി പ്രത്യേക അർജന്റീനിയൻ വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ മെസിയുടെ നാട്ടിലേക്ക് വരാനാകും.
ഇന്ത്യയിലെ അർജന്റീനിയൻ അംബാസഡറായ മരിയാനോ കോസിനോയാണ് ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുപ്രകാരം യുഎസ് ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് അർജന്റീനിയൻ വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാം. കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികളെ ഞങ്ങളുടെ മനോഹരമായ രാജ്യത്തേക്ക് സ്വാഗതം ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അർജന്റീനയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകവും പ്രകൃതി അത്ഭുതങ്ങളുമൊക്കെ ആസ്വദിക്കാനും പകര്‍ത്താനുമുള്ള സുവര്‍ണാവസരമയാണ് ഇതിനെ കാണുന്നത്.
അതേസമയം വൈവിധ്യമാർന്ന ഭൂമിശാസ്ത്രമാണ് രാജ്യത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. മരുഭൂമികളും കാടുകളും പര്‍വത നിരകളൊക്കെയും ഈ ലാറ്റിനമേരിക്കൻ രാജ്യത്തെ വേറിട്ടതാക്കുന്നു. അർജന്റീനയുടെ സാംസ്കാരിക, കലാപര, വാസ്തുവിദ്യാ പൈതൃകം ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ വൈവിധ്യപൂർണവുമാണ്. ലാബോക്ക, റെക്കോലെറ്റ നഗരങ്ങളിലെ കലാ-സാംസ്കാരിക വൈവിധ്യങ്ങള്‍ കൊണ്ട് അര്‍ജന്റീനിയന്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിനെ ലാറ്റിനമേരിക്കയുടെ യൂറോപ്പ് എന്ന് വിശേഷിപ്പിക്കുന്നവരും കുറവല്ല.
നിരവധി സാംസ്കാരിക ആകർഷണങ്ങൾക്ക് പുറമേ, മറ്റ് പ്രധാന ആകർഷണങ്ങൾ - ചില വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം, ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളുടെ കൂട്ടമായ ഇഗ്വാസുവാണ്. ലോകത്തെ ഏഴ് പ്രകൃതി വിസ്മയങ്ങളിൽ ഒന്നായ ഇഗ്വാസുവിനെ പരിഗണിക്കുന്നത്. വലിപ്പമാണ് ഇഗ്വാസുവിനെ മനോഹരമാക്കുന്നത്. ഒറ്റ വെള്ളച്ചാട്ടമല്ല ഇത്, മറിച്ച് ചെറുതും വലുതുമായ 275 ഓളം വെള്ളച്ചാട്ടങ്ങളുടെ ഒരു സംഗമമാണിത്.
അർജന്റീനയുടെയും ബ്രസീലിന്റെയും അതിർത്തികൾ പങ്കിടുന്ന ഈ വെള്ളച്ചാട്ടം, അർജന്റീന, ബ്രസീൽ രാജ്യങ്ങളെ വേർതിരിക്കുന്ന ഇഗ്വാസു നദിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ഇഗ്വാസുവിന്റെ ഉദ്ഭവം ബ്രസീലിയൻ മല നിരകളിൽ നിന്നാണ്. പക്ഷേ, വെള്ളച്ചാട്ടത്തിന്റെ നാലിൽ മൂന്നു ഭാഗവും അർജന്റീനയിലാണ് സ്ഥിതിചെയ്യുന്നത്. വെള്ളച്ചാട്ടങ്ങളുടെ തിരക്കുകളിൽ നിന്ന് മാറി, പ്രകൃതി സ്നേഹികൾക്ക് ശാന്തമായി കാടിൻ്റെ സൗന്ദര്യം ആസ്വദിക്കുവാനമുള്ള സൗകര്യവുണ്ട്. ഇതിനായി പ്രത്യേക ട്രെയിൻ സർവീസുമുണ്ട്.
ബ്യൂണസ് ഐറിസ്, സാൻ കാർലോസ് ഡി ബാരിലോച്ചെ, മെൻഡോസ, സാൾട്ട, ഉഷ്യൂയിയ തുടങ്ങിയ നഗരങ്ങളിലൊക്കെ കാണാനും ആസ്വദിക്കാനും പറ്റിയ ഇടങ്ങളൊക്കെ ധാരാളമുണ്ട്.