ദുബൈയിൽ ഷെയറിങ് ടാക്‌സി വ്യാപിപ്പിക്കുന്നു
മക്തൂം എയർപോർട്ടിൽ നിന്നും വേൾഡ് ട്രേഡ് സെന്ററിൽ നിന്നും സേവനം
ദുബൈ: ദുബൈയിൽ ഷെയറിങ് ടാക്‌സി സംവിധാനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞവർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ദുബൈ-അബൂദബി ഷെയറിങ് ടാക്‌സികൾ വിജയകരമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം.
ദുബൈ മക്തൂം വിമാനത്താവളത്തിൽ നിന്ന് മറീന മാൾ, ബിസിനസ് ബേ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും പാം ജുമൈറയിൽ നിന്ന് അറ്റ്‌ലാന്റിസ് മോണോ റെയിൽ സ്റ്റേഷനിലേക്കും ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നിന്ന് ബിസിനസ് ബേ മെട്രോ, സത് വ ബസ്റ്റേഷൻ, മറീന മാൾ എന്നിവിടങ്ങളിലേക്കുമാണ് ദുബൈ ആർ.ടി.എ ഷെയറിങ് ടാക്‌സി സംവിധാനം ആരംഭിക്കുന്നത്.
ആറുമാസം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സർവീസ്. കൂടുതൽ യാത്രക്കാർ ഒരു ടാക്‌സിയിൽ നിരക്ക് പങ്കിട്ടെടുത്ത് യാത്ര ചെയ്യുന്ന സംവിധാനമാണ് ഷെയറിങ് ടാക്‌സി സേവനം. കഴിഞ്ഞവർഷം ദുബൈ ഇബ്‌നുബത്തൂത്ത മാളിൽ നിന്ന് അബൂദബിയിലെ അൽവഹ്ദ മാളിലേക്കാണ് ആർ.ടി.എ ആദ്യമായി ഈ സംവിധാനത്തിന് തുടക്കമിട്ടത്. ടാക്‌സി ഉപയോഗിച്ചവരുടെ എണ്ണത്തിൽ 228 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.