മഞ്ഞുമലകളുടെ നാട്ടിലേക്ക്… സ്വിറ്റ്സർലൻഡിലൂടെ ഒരു കുടുംബയാത്ര

പ്രകൃതിയുടെ സൗന്ദര്യവും ചരിത്രത്തിന്‍റെ ഓർമകളും ശാസ്ത്രത്തിന്‍റെ വിസ്മയങ്ങളും തേടിയൊരു കുടുംബയാത്ര

Update: 2026-09-26 03:19 GMT
Editor : Rafeeq MM | By : Gulf Desk

കുടുംബ സ​​മേതം സ്വിറ്റ്​സർലാൻഡിലേക്ക്​ നടത്തിയ യാത്രയെ ​കുറിച്ച്​  പി.കെ. മുസ്തഫ മാനന്തേരി, റിയാദ്​  എഴുതുന്നു.

സ്വിറ്റ്​സർലാൻഡിലെ മനോഹാരിതക്കൊപ്പം ശാസ്​ത്രം, ഫുട്​ബാൾ, ചോക്ലേറ്റ്​ തുടങ്ങിയവയെല്ലാം അനുഭവിച്ചറിഞ്ഞുള്ള യാത്രയുടെ ഓർമകളാണ്​ പങ്കുവെക്കുന്നത്​ 

മഞ്ഞുപുതച്ച മലനിരകളും നീലത്തടാകങ്ങളും പച്ചപ്പണിഞ്ഞ താഴ്‌വരകളും കടന്ന്, പ്രകൃതിയുടെ സൗന്ദര്യവും ചരിത്രത്തിന്‍റെ ഓർമകളും ശാസ്ത്രത്തിന്‍റെ വിസ്മയങ്ങളും തേടിയൊരു കുടുംബയാത്ര. യുദ്ധഭൂമികളിൽ മുറിവേറ്റ മനുഷ്യർക്കായി കരുണയുടെ ചെങ്കൊടി ഉയർന്ന മണ്ണ്. സ്വാതന്ത്ര്യത്തെയുംസമത്വത്തെയും കുറിച്ചുള്ള ചിന്തകളിലൂടെ ലോകത്തെ സ്വാധീനിച്ച ജീൻ ജാക്ക് റൂസ്സോയുടെ ജന്മനാട്. പ്രപഞ്ചരഹസ്യങ്ങൾ തേടി മനുഷ്യൻ ഇന്നും പരീക്ഷണങ്ങൾ തുടരുന്ന സേണിന്‍റെ ആസ്ഥാനം. ചരിത്രവും ശാസ്ത്രവും പ്രകൃതിയും ഒരുപോലെ ആകർഷിക്കുന്ന സ്വിറ്റ്സർലൻഡ് ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന യാത്രാസ്വപ്നമായിരുന്നു. ആ സ്വപ്​നത്തിലേക്ക്​ കുടുംബത്തോടൊപ്പമാണ്​ എത്തിയത്​

Advertising
Advertising

ജനീവയിൽ ആദ്യ ചുവടുവെപ്പ്

ലേക്ക് ജനീവയുടെ തീരത്ത് വിരിഞ്ഞുകിടക്കുന്ന ജനീവ നഗരത്തിലായിരുന്നു ആദ്യ ചുവടുവെപ്പ്. വിമാനത്താവളത്തിൽനിന്ന് ഹോട്ടലിലെത്തി അൽപം വിശ്രമിച്ചശേഷം നഗരത്തിലേക്കിറങ്ങി. വൃത്തിയുള്ള തെരുവുകൾ, കൃത്യസമയത്ത് ഓടുന്ന ട്രാമുകൾ, റോഡരികിലെ പച്ചപ്പ്… തിരക്കുള്ള നഗരമാണെങ്കിലും അതിനിടയിലും ശാന്തത അനുഭവപ്പെട്ടു. തടാകത്തീരത്തുകൂടി നടക്കുമ്പോൾ മുഖത്ത് തഴുകിയെത്തിയ തണുത്ത കാറ്റും ദൂരെ തെളിഞ്ഞുനിന്ന മലനിരകളും യാത്രാക്ഷീണം പതുക്കെ മറക്കാൻ സഹായിച്ചു.

സേൺ: പ്രപഞ്ചരഹസ്യങ്ങളുടെ വാതിൽ തുറന്നപ്പോൾ

പ്രകൃതിയുടെ സൗന്ദര്യം തേടി സ്വിറ്റ്സർലൻഡിലെത്തുന്ന സഞ്ചാരികൾക്ക് മഞ്ഞുമലകളും തടാകങ്ങളുമായിരിക്കാം ആദ്യ പരിഗണന. എന്നാൽ ശാസ്ത്രത്തോടും പ്രപഞ്ചരഹസ്യങ്ങളോടും താൽപര്യമുള്ള എന്നെ സംബന്ധിച്ചിടത്തോളം സേൺ സന്ദർശനം ഏറെ പ്രിയപ്പെട്ട അധ്യായമായിരുന്നു. ഭൂമിക്കടിയിൽ 27 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന ലാർജ് ഹാഡ്രോൺ കൊളൈഡർ എന്ന ഭീമാകാര കണികാത്വരിത്രം പ്രവർത്തിക്കുന്ന ഗവേഷണകേന്ദ്രമാണിത്. പ്രകാശവേഗത്തോടടുത്ത വേഗത്തിൽ പ്രോട്ടോണുകളെ പായിച്ച് പരസ്പരം കൂട്ടിയിടിപ്പിക്കുന്നതിലൂടെ ദ്രവ്യത്തിന്‍റെ അടിസ്ഥാനഘടനയെയും പ്രകൃതിയുടെ നിയമങ്ങളെയും കുറിച്ചുള്ള ഉത്തരങ്ങൾ തേടുകയാണ് ഇവിടെ ശാസ്ത്രജ്ഞർ. സേണിലെ ശാസ്ത്രപ്രദർശനങ്ങൾ ഈ സങ്കീർണമായ ഗവേഷണലോകത്തെ അടുത്തറിയാനുള്ള അവസരമൊരുക്കുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ രാജ്യങ്ങളുടെയും ഭാഷകളുടെയും അതിരുകൾക്കപ്പുറം പ്രപഞ്ചത്തിന്‍റെ രഹസ്യങ്ങൾ തേടി ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനം കണ്ടപ്പോൾ മനുഷ്യന്‍റെ അടങ്ങാത്ത ജിജ്ഞാസയോടുള്ള ആദരവായിരുന്നു മനസ്സിൽ നിറഞ്ഞത്. സേൺ സന്ദർശനത്തിനുശേഷം ഐക്യരാഷ്ട്രസഭയുടെ ജനീവ ഓഫീസും ലോകാരോഗ്യ സംഘടനയുൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലൂടെയും യാത്ര നീണ്ടു.

റിഗി കുൽമിലേക്ക്, മേഘങ്ങൾക്കുമുകളിലൂടെ

ജനീവയിലെ താമസം അവസാനിപ്പിച്ച് ബെർണിന് സമീപമുള്ള അപ്പാർട്ട്മെന്‍റിലേക്ക് ഞങ്ങൾ താമസം മാറ്റി. അവിടെനിന്നായിരുന്നു സ്വിറ്റ്സർലൻഡിന്‍റെ മലനിരകളും തടാകങ്ങളും തേടിയുള്ള അടുത്ത യാത്രകൾ. ബെർണിൽനിന്ന് ട്രെയിനിൽ ആർത്ത്-ഗോൾഡൗവിലെത്തി. അവിടെ ഞങ്ങളെ കാത്തിരുന്നത് കുത്തനെയുള്ള മലഞ്ചരിവുകളിലൂടെ ഉയരങ്ങളിലേക്ക് കയറുന്ന കോഗ്‌വീൽ റെയിൽവേ. കൊച്ചുതീവണ്ടി പതുക്കെ മലകയറിത്തുടങ്ങിയപ്പോൾ ജനാലക്കപ്പുറം പ്രകൃതി സൗന്ദര്യത്തിന്‍റെ തിരശ്ശീലകൾ ഒന്നൊന്നായി നീക്കിത്തുടങ്ങി. പച്ചപ്പണിഞ്ഞ മലഞ്ചരിവുകൾ, താഴ്‌വരകളിൽ ചിതറിക്കിടക്കുന്ന മരവീടുകൾ, ദൂരെ നീലപ്പരപ്പായി തെളിഞ്ഞുവരുന്ന തടാകങ്ങൾ. ഒടുവിൽ റിഗി കുൽമിന്‍റെ നെറുകയിലെത്തിയപ്പോൾ മുന്നിൽ വിരിഞ്ഞുനിന്നത് ഏറെനേരം നോക്കിനിൽക്കാൻ തോന്നുന്നൊരു പ്രകൃതിദൃശ്യമായിരുന്നു. മലനിരകൾക്കിടയിൽ നീണ്ടുകിടക്കുന്ന തടാകങ്ങൾ, പച്ചപ്പിൽ ഒളിച്ച കൊച്ചുഗ്രാമങ്ങൾ, ദൂരെ ആകാശത്തിന്‍റെ അതിരിൽ അലിഞ്ഞുചേരുന്ന മലനിരകൾ… തിരിച്ചിറങ്ങാൻ ​തെരഞ്ഞെടുത്തത് റിഗി കാൾട്ട്ബാദിൽനിന്ന് വെഗിസിലേക്കുള്ള കേബിൾ കാർ ആയിരുന്നു. മലഞ്ചരിവുകൾക്കും താഴ്‌വരകൾക്കും മുകളിലൂടെ പതുക്കെ താഴേക്കിറങ്ങുമ്പോൾ, അതുവരെ താഴെനിന്ന് നോക്കിക്കണ്ട ലോകം ഇത്തവണ ഞങ്ങളുടെ കാൽക്കീഴിൽ വിരിഞ്ഞുനിന്നു. വെഗിസിലെത്തിയപ്പോൾ അടുത്ത യാത്ര ലൂസേൺ തടാകത്തിന്‍റെ നീലപ്പരപ്പിലൂടെയായിരുന്നു.

തടാകത്തിന്‍റെ ഇരുവശങ്ങളിലും ഉയർന്നുനിൽക്കുന്ന മലനിരകൾ. അവയുടെ അടിവാരങ്ങളിൽ ഒതുങ്ങിക്കിടക്കുന്ന ഗ്രാമങ്ങൾ. വെള്ളത്തിൽ പ്രതിഫലിക്കുന്ന മലകളുടെ നിഴലുകൾ. ബോട്ട് മുന്നോട്ടുനീങ്ങുമ്പോൾ കുറച്ചുനേരം മുമ്പ് സഞ്ചരിച്ച മലനിരകളെ താഴെനിന്ന് വീണ്ടും നോക്കിക്കണ്ടു. ഒരേ ദിവസം മലമുകളിലേക്ക് തീവണ്ടിയിൽ, താഴേക്ക് കേബിൾ കാറിൽ, പിന്നെ തടാകത്തിലൂടെ ബോട്ടിൽ… മലയും മേഘവും തടാകവും ചേർന്നൊരു മനോഹരയാത്ര!

ലൂസേൺ, ചരിത്രം വെള്ളത്തിനരികിൽ

ലൂസേൺ തടാകത്തിന്‍റെ തീരത്ത്, മലനിരകളുടെ പശ്ചാത്തലത്തിലുള്ള മനോഹരനഗരമാണ് ലൂസേൺ. ബോട്ടിൽനിന്നിറങ്ങി നഗരത്തിലേക്ക് നടന്നപ്പോൾ വരവേറ്റത് പഴയ യൂറോപ്യൻ ശൈലിയിലുള്ള കെട്ടിടങ്ങളും നദീതീരത്തെ മനോഹരമായ തെരുവുകളുമായിരുന്നു. റോയ്സ് നദിക്കു കുറുകെ നീണ്ടുകിടക്കുന്ന ചരിത്രപ്രസിദ്ധമായ കപ്പൽ പാലമായിരുന്നു ഏറെ ആകർഷിച്ചത്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ മരപ്പാലത്തിലൂടെ നടക്കുമ്പോൾ ആധുനിക നഗരത്തിന്‍റെ തിരക്കുകൾക്കിടയിലും പഴയൊരു കാലത്തിന്‍റെ സാന്നിധ്യം അനുഭവപ്പെട്ടു. എത്രയോ തലമുറകൾ നടന്നുപോയ അതേ വഴിയിലൂടെയാണ്​ ഞങ്ങളും നടക്കുന്നതെന്ന ചിന്ത തന്നെ കൗതുകകരമായിരുന്നു സ്വിറ്റ്സർലൻഡിന്‍റെ പ്രകൃതിഭംഗി മാത്രമല്ല, ചരിത്രവും ശാസ്ത്രവും ഈ യാത്രയിൽ ഓരോ ചുവടിലും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു
. എന്നാൽ മുന്നിലുള്ള യാത്ര അതിലും ഉയരങ്ങളിലേക്കായിരുന്നു… സ്വർണപാതയിൽനിന്ന് മഞ്ഞിന്‍റെ ലോകത്തേക്ക് നടത്തിയ യാത്രയെക്കുറിച്ച്​ നാളെ....

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News