ഗ്രഹന്‍: ഹിമാചലിലെ ഒളിഞ്ഞിരിക്കുന്ന രത്‌നം
ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി മീഡിയവൺ ഒരുക്കിയ ഉത്തരേന്ത്യൻ പഠനയാത്രയായ സമ്മർ ടീൻ പാക്കിങ് സംഘം ഹിമാചൽ പ്രദേശിലെ കസോളിൽ നിന്ന് ഗ്രഹൻ വില്ലേജിലേക്ക് നടത്തിയ 9 കിലോമീറ്റർ ട്രക്കിങ് അവിസ്മരണീയമായ അനുഭവമാണ് കുട്ടികൾക്ക് സമ്മാനിച്ചത്
ഹിമാചല്‍ പ്രദേശിലെ വിദൂര ഗ്രാമങ്ങള്‍ക്കെല്ലാം വശ്യമായൊരു സൗന്ദര്യമുണ്ട്...പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും ശാന്തമായ അന്തരീക്ഷവും നിഷ്‌കളങ്കരായ ഗ്രാമീണരും എല്ലാം ചേരുന്ന ഒരു വശ്യസൗന്ദര്യം. കൂട്ടത്തില്‍ എടുത്തു പറയേണ്ട അഴകാണ് ഗ്രഹന്‍ വില്ലേജിന്. ഹിമാലയ താഴ്വാരത്തെ ഒളിഞ്ഞിരിക്കുന്ന രത്‌നമെന്നാണ് ഗ്രഹന്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ മിനി ഇസ്രായേലെന്ന് വിളിപ്പേരുള്ള കസോളിനടുത്താണ് ഈ സുന്ദര ഗ്രാമം.ഒരു കാലത്ത് അരാജക വാദികളായ ഹിപ്പികളുടെ താവളമായിരുന്ന കസോള്‍ ഇപ്പോള്‍ ഇസ്രായേലികളുടെ ഇന്ത്യയിലെ സങ്കേതമാണ്.ഇസ്രായേലി ഭക്ഷണ ശാലകള്‍ മുതല്‍ ഗ്രന്ഥശാല വരെയുണ്ട് കസോളില്‍...തെരുവിലൂടെ നടന്നു നീങ്ങുന്ന ഇസ്രായേലി യുവാക്കള്‍. ചിലര്‍ കോവര്‍ കഴുതയുടെ പുറത്ത് ഇസ്രായേലി ആത്മീയ സംഘത്തിന്റെ മഞ്ഞക്കൊടി പിടിച്ച് നീങ്ങുന്നതും കാണാം.
വിനോദ സഞ്ചാരികളായ വിദേശികളിലധികവും ഇസ്രായേലികള്‍ തന്നെ.നിര്‍ബന്ധിത സൈനിക സേവനത്തിന്റെ മടുപ്പ് മാറ്റാനായാണ് ഇവരിലധികവും കസോളിലെത്തുന്നത്. പലരും 6 മാസം മുതല്‍ ഒരു വര്‍ഷം വരെ ഇവിടെ തങ്ങുന്നവരാണ്.കസോളിലെ പുരാതന മാര്‍ക്കറ്റിനടുത്ത് നിന്ന് പഴയ മരപ്പാലം കടന്ന് വേണം ഗ്രഹന്‍ വില്ലേജിലേക്കുള്ള ട്രക്കിങ് തുടങ്ങാന്‍.
പാര്‍വതി നദിയുടെ പ്രധാന കൈവഴിയായ ഗ്രഹന്‍ നാലയുടെ തീരംവഴി 9 കിലോമീറ്റര്‍ കാല്‍നട യാത്ര.ദേവതാരു മരങ്ങള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന ഗ്രഹന്‍ നാലയെന്ന അരുവിയില്‍ പല ഡിസൈനുകളിലുള്ള വെണ്ണക്കല്ലുകള്‍. നടന്നുനടന്ന് ഇടക്ക് പുഴയില്‍ കുളിച്ചും വിശ്രമിച്ചും ഗ്രഹന്‍ വില്ലേജിനെ ലക്ഷ്യമാക്കി മുന്നോട്ട്.
കണ്ണിനു കുളിരു പകരുന്ന കാഴ്ചകള്‍ക്കിടയിലും വഴിയരികിലെ മാലിന്യക്കൂമ്പാരം അസ്വസ്തതയുണ്ടാക്കുന്നു.. അസഹ്യമായ ദുര്‍ഗന്ധവും... തെരുവു പട്ടികളുടെയും പന്നികളുടെയും സൈ്വരവിഹാരം.നഗര മാലിന്യം കുന്നുകൂടിക്കിടക്കുന്നു... വിദേശ- ആഭ്യന്തര വിനോദ സഞ്ചാരികളെത്തുന്ന ഒരിടത്ത് മാലിന്യം സംഭരിക്കാന്‍ മടിയേതുമില്ലാത്ത അധികാരികള്‍. ഗ്രഹന്‍ ഗ്രാമവാസികള്‍ നടത്തുന്ന ഫോര്‍വീല്‍ ഡ്രൈവ് ജീപ്പ് സവാരിയും ഇവിടെയുണ്ട്. മരത്തടികള്‍കൊണ്ടുള്ള പാലത്തിലൂടെ ഒരു സാഹസിക ജീപ്പ് യാത്ര.എങ്കിലും ട്രക്കിങ് തെരഞ്ഞെടുക്കുന്നവരാണധികവും.
ചരിഞ്ഞ വഴികളിലൂടെ ഉയരങ്ങളിലേക്ക് നടക്കുമ്പോള്‍ കണ്‍മുമ്പില്‍ മഞ്ഞു മലകള്‍ തെളിഞ്ഞു വരും.നടപ്പാതക്കിരുവശവും ചെങ്കുത്തായ പാറക്കെട്ടുകളും കുന്നുകളും.മള്‍ബറിയും സ്‌ട്രോബറിയും പലതരം കാട്ടുപഴങ്ങളും വഴികരിലുണ്ട്.ഹിമാലയന്‍ പക്ഷികളുടെ ശബ്ദവും ചെറുവെള്ളച്ചാട്ടങ്ങള്‍ തീര്‍ക്കുന്ന മര്‍മരവും ചേരുമ്പോള്‍ കിലോമീറ്ററുകള്‍ നടന്നു കയറുന്നത് അറിയുകയേ ഇല്ല.
ആറ് കിലോമീറ്റര്‍ പിന്നിടുമ്പോള്‍ പിന്നെ ഒറ്റയടിപ്പാതയാണ്.ചെങ്കുത്തായ കയറ്റം കയറിവേണം ഗ്രഹനിലെത്താന്‍. സര്‍ പാസ് ട്രക്കിങ്ങിനായി ഇറങ്ങിത്തിരിച്ച പര്‍വ്വതാരോഹകരും ഗ്രാമീണരും വഴികാട്ടികളായി മുന്നില്‍ നടക്കുന്നുണ്ട്..പാറക്കല്ലുകളില്‍ ഗ്രഹനിലേക്കുള്ള ദിശാ സൂചികകള്‍. അവിടെയും ഇസ്രായേലി ടച്ച് കാണാം. മൂന്ന് മണിക്കൂറിലധികം സമയമെടുത്താണ് നാം ഗ്രഹനിലെത്തുക. പറുദീസ പോലെ ചേലുള്ളൊരു ഗ്രാമം.
മഞ്ഞുപുതച്ച് തലയുര്‍ത്തി നില്‍ക്കുന്ന ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ കല്ലും മരങ്ങളും അടുക്കിവെച്ച് പണിത ഇരുനില വീടുകളുള്ള സുന്ദര ഗ്രാമം. രണ്ട് നൂറ്റാണ്ടെങ്കിലും പഴക്കമുള്ള അറുപതോളം വീടുകളുണ്ട് ഈ ഗ്രാമത്തില്‍.നേരത്തെ ഉണരുകയും വേഗത്തില്‍ വീടണയുകയും ചെയ്യുന്ന കര്‍ഷകരുടെ ഗ്രാമം.പുലര്‍ച്ചെ കന്നുകാലികള്‍ക്ക് പുല്ല് തേടിപ്പോകുന്ന കര്‍ഷകര്‍. ഇരുനില വീടുകളുടെ താഴത്തെ നില തൊഴുത്തുകളും വിറകു പുരകളുമാണ്.
വീടുകളുടെ മേല്‍ക്കൂരയായി സ്ലേറ്റു കല്ലുകള്‍ പാകിയത് കാണാം.ഏത് മഞ്ഞുവീഴ്ചയെയും പ്രതിരോധിക്കാവുന്ന തരത്തില്‍ ചരിഞ്ഞ മേല്‍ക്കൂരകളില്‍ കലാപരമായി അടുക്കിവെച്ച കല്ലുപാളികള്‍ക്ക് വല്ലാത്തൊരു ചന്തമാണ്. കുന്നിന്‍മുകളിലെ കടുത്ത കാറ്റിനെയും പ്രതിരോധിക്കാനാവുന്ന വേറിട്ട നിര്‍മിതി.
ഇത്തരം വീടുകളില്‍ പലതുമിന്ന് സഞ്ചാരികള്‍ക്കായി ഹോംസ്റ്റേകളും കഫേകളും ആക്കി മാറ്റിയിട്ടുണ്ട്. കൂട്ടത്തില്‍ മെച്ചപ്പെട്ട ഗന്‍ഷന്‍ ഭായിയുടെ ഹോം സ്റ്റേയിലാണ് ഞങ്ങള്‍ തങ്ങിയത്. കല്ലു കൊണ്ടുള്ള മേല്‍ക്കൂരയും പൈന്‍മരത്തടികളും കല്ലുകളും അടുക്കി വെച്ച് പണിത ചുമരുകളും ഇതിനകത്ത് താമസിക്കുന്നവര്‍ക്ക് ഏത് തണുത്ത കാലാവസ്ഥയിലും സുഖമുള്ളൊരു ചൂട് പകരുന്നുണ്ട്..
ഗ്രാമത്തിന് നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഗ്രഹനിലെ ദേവതാക്ഷേത്രം. ഗ്രാമീണരുടെ സാംസ്‌കാരികവും ആത്മീയവും സാമൂഹികവുമായ കാര്യങ്ങളുടെ കേന്ദ്ര ബിന്ദുവാണ് ഈ ആരാധനാലയം. പൈന്‍മരത്തടികളില്‍ കൊത്തുപണികളാല്‍ അലംകൃതമായ ക്ഷേത്രത്തിനകത്തേക്ക് പുറത്ത് നിന്നെത്തുന്നവര്‍ക്ക് പ്രവേശനമില്ല. പുറത്ത് നിന്നുള്ളവരുമായി ഗ്രാമവാസികള്‍ വിവാഹബന്ധത്തിലും ഏര്‍പ്പെടില്ല. പ്രധാനപ്പെട്ട കാര്യം ഗ്രഹന്‍ പൂര്‍ണമായും ആല്‍ക്കഹോള്‍ ഫ്രീ വില്ലേജാണ് എന്നതാണ്. ഹഷീഷും കഞ്ചാവും സുലഭമായി ലഭിക്കുന്ന കസോളിനടുത്തായിട്ടും മദ്യമോ ലഹരിയോ കയറ്റാത്ത ഗ്രാമമായി ഗ്രഹന്‍ നില കൊള്ളുന്നതിന് പിന്നിലും ദേവതാ ക്ഷേത്രം മുന്നോട്ടുവെക്കുന്ന കര്‍ശന നിയമമാണ്.
ഗ്രഹനിലെ ഗ്രാമീണരധികവും ക്ഷീരകര്‍ഷകരാണ്. കന്നുകാലി വളര്‍ത്തലും കൃഷിയുമായി അവര്‍ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നു.... തണുപ്പകറ്റാനുള്ള ഹിമാചലിലെ കട്ടിക്കുപ്പായം പല വീടുകളിലും നാടന്‍ തറികളില്‍ തയ്‌ച്ചെടുക്കുന്നവയാണ്. ഇവിടെയെത്തുന്ന സഞ്ചാരികളിലധികവും പര്‍വ്വതാരോഹകരാണ്... നാല് ദിവസം നീണ്ടു നില്‍ക്കുന്ന സര്‍പാസ്സ് ട്രക്കിങിനായി ദിനേനെ നൂറു കണക്കിന് ട്രക്കര്‍മാരാണ് ഗ്രഹനിലെത്തുന്നത്.
ഗ്രഹനിലെ കഫേകളില്‍ ഇസ്രായേലി ഇറ്റാലിയന്‍ കോണ്ടിനെന്റല്‍ വിഭവങ്ങള്‍ ലഭിക്കും. ഇസ്രായേലി ഭക്ഷണങ്ങള്‍ക്ക് പേരുകേട്ട സാമിസ് കഫേയില്‍ എപ്പോഴും നല്ല തിരക്കാണ്. പുതുതായി തുടങ്ങുന്ന കഫേകളും പഴയ ശൈലിയില്‍ പൈന്‍മരങ്ങളും കല്ലും ഉപയോഗിച്ച് തന്നെയാണ് പടുത്തുയര്‍ത്തുന്നത്.പുലര്‍കാലങ്ങളിലെ നിശബ്ധതയില്‍ കിളിനാദങ്ങള്‍ക്കൊപ്പം അകലെയൊരു വെള്ളച്ചാട്ടത്തിന്റെ ശബ്ദവും കേള്‍ക്കാം. ഒരു മണിക്കൂര്‍ സമയം നടന്നാല്‍ മനോഹരമായ വെള്ളച്ചാട്ടത്തിനടുത്തെത്താം. പുഴയോരത്തും വഴിയിലെ കഫേകളിലുമെല്ലാം തമ്പടിച്ചിരിക്കുന്ന ഇസ്രായേലികളെക്കാണാം.
പുറം ലോകവുമായി ബന്ധമില്ലാതെ കിടക്കുന്ന ഗ്രാമത്തില്‍ ഒരു പ്രൈമറി വിദ്യാലയവും സാംസ്‌കാരിക കേന്ദ്രവുമുണ്ട്.പുറമെ നിന്നെത്തുന്നവരുമായി ഹൃദ്യമായ ബന്ധം പുലര്‍ത്തുന്ന ഗ്രാമീണര്‍ നമ്മുടെ മനസ്സ് കവരും. നഗര വെളിച്ചമോ ശബ്ദകോലാഹലങ്ങളോ ഇല്ലാത്ത ഗ്രഹനിലെ രാത്രി കാഴ്ചകള്‍ അതിമനോഹരമാണ്. നക്ഷത്രങ്ങളെ നല്ല തിളക്കത്തോടെ തന്നെ കാണാം. സമുദ്രനിരപ്പിൽ നിന്ന് 7700 അടി ഉയരത്തിൽ മഞ്ഞു മലകളും പൈൻമരക്കാടുകളും വെണ്ണക്കൽ ശൈലങ്ങളും തീർത്ത പ്രകൃതിയുടെ ചെപ്പിൽ ഒളിഞ്ഞിരിക്കുന്ന ഗ്രഹൻ , സുന്ദര കാഴ്ചകളും ഹൃദ്യമായ അനുഭവങ്ങളും സമ്മാനിച്ച് , തിരിച്ചിറങ്ങാൻ സമ്മതിക്കാതെ നമ്മെ വലിച്ചടുപ്പിക്കുന്നൊരു മനോഹര തുരുത്താണ്.