യു.ഡി.എഫില്‍ സീറ്റ് വിഭജനം ഇപ്പോഴും കീറാമുട്ടി; അധിക സീറ്റിന്‍റെ കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് കോൺഗ്രസ്

ജോസഫ് ഗ്രൂപ്പുമായും സീറ്റുകളുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ കോണ്‍ഗ്രസിനായില്ല

Update: 2021-03-10 07:40 GMT

യു.ഡി.എഫില്‍ സീറ്റ് വിഭജനം ഇപ്പോഴും കീറാമുട്ടിയായി തുടരുകയാണ്. അധിക സീറ്റിന്‍റെ കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് ലീഗിനെ അറിയിച്ചു. ജോസഫ് ഗ്രൂപ്പുമായും സീറ്റുകളുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ കോണ്‍ഗ്രസിനായില്ല.

12 സീറ്റ് ചോദിച്ച പി.ജെ ജോസഫിന് എത്ര സീറ്റ് എന്നതിൽ ധാരണയാകണം. അതിൽ ഏതൊക്കെ എന്നതിലും തീരുമാനം വൈകുകയാണ്. കോട്ടയം ജില്ലയിൽ അധിക സീറ്റിൽ കണ്ണുവച്ച കോൺഗ്രസ് മൂവാറ്റുപുഴ നൽകാതെ ഒത്തുതീർപ്പിലെത്താനാണ് ശ്രമം. എന്നാൽ പി.ജെ ജോസഫ് പക്ഷം അയഞ്ഞിട്ടുമില്ല. ഡൽഹിയിലുള്ള കോൺഗ്രസ് നേതാക്കൾ ജോസഫ് വിഭാഗവുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും മഞ്ഞുരുകിയിട്ടില്ല. പട്ടാമ്പി സീറ്റിൽ പിടുത്തമിട്ട മുസ്ലിം ലീഗിനെ മെരുക്കാനും കോൺഗ്രസ് ശ്രമം തുടരുകയാണ്.

ലീഗാവട്ടെ തങ്ങൾ ആവശ്യപ്പെട്ട സീറ്റുകൾ തന്നെ വേണമെന്ന നിർബന്ധത്തിലാണ്. ഇത് പരിഹരിക്കാനുള്ള ഫോർമുല ഇപ്പോഴും ഫലം കണ്ടിട്ടില്ല. മാണി സി. കാപ്പന്‍റെ എന്‍.സി.കെക്ക് ലഭിക്കേണ്ട അധിക സീറ്റിന്‍റെ കാര്യത്തിലും സി.പി ജോൺ ആവശ്യപ്പെട്ട ജയസാധ്യതയുള്ള സീറ്റും ഏതെന്നത് കൃത്യമാക്കാനായിട്ടില്ല. ഇടതു മുന്നണി പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കുമ്പോഴും യു.ഡി.എഫ് ചർച്ച വഴിമുട്ടി നിൽക്കുന്നതിൽ ഘടകകക്ഷികൾ അതൃപ്തരാണ്.

Tags:    

Similar News