'എം.എസ്.എഫ് നേതാക്കള്‍ വരെ ആശംസ അറിയിച്ചു, നടക്കുന്നത് അനാവശ്യ തെരഞ്ഞെടുപ്പ്'; വി.പി സാനു
'വോട്ട് ചെയ്ത് അയച്ച ജനങ്ങളോട് വിശ്വാസ വഞ്ചന നടത്തുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്'
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്നത് അനാവശ്യ തെരഞ്ഞെടുപ്പാണെന്നും ജില്ലയിലെ എം.എസ്.എഫ് നേതാക്കള്‍ വരെ ആശംസ അറിയിച്ചതായും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനു. എസ്.എഫ്.ഐ ദേശീയ പ്രസിഡന്‍റ് കൂടിയായ സാനുവിന്‍റെ രണ്ടാം അങ്കമാണ് ഇത്തവണത്തേത്. ഒരു ന്യായവുമില്ലാതെ ജനങ്ങളുടെ മേല്‍ ഒരു തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കുകയാണെന്നും വോട്ട് ചെയ്ത് അയച്ച ജനങ്ങളോട് വിശ്വാസ വഞ്ചന നടത്തുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളതെന്നും വി.പി സാനു വ്യക്തമാക്കി.
കോവിഡ് കാരണം നട്ടെല്ലൊടിഞ്ഞ രാജ്യത്തെ ജനതയെ സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു നിലപാടും പ്രഖ്യാപിക്കാത്ത ബജറ്റ് സമയത്താണ് പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതെന്നും സി.എ.എ, കര്‍ഷക സമരം എന്നീ ദേശീയ വിഷയങ്ങള്‍ നടന്ന സമയത്ത് മുന്നില്‍ നിന്ന് നയിക്കുമെന്ന് പറഞ്ഞുപോയവരെ കണ്ടിട്ടില്ലെന്നും അതിനൊരു മാറ്റം മലപ്പുറത്തെ ജനത ആഗ്രഹിക്കുന്നുണ്ടെന്നും വി.പി സാനു പ്രതികരിച്ചു.
2019ലെ തെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ 2,60,153 വോട്ടിനാണ് സാനു മലപ്പുറത്ത് പരാജയപ്പെട്ടത്. എന്നാല്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. യു.ഡി.എഫിൽ മുസ്‌ലിം ലീഗിന്‍റെ ദേശീയ സീനിയർ വൈസ് പ്രസിഡന്‍റ് എം.പി.അബ്ദുസ്സമദ് സമദാനിയുടെ പേരാണ് ഉയർന്നു കേൾക്കുന്നതെങ്കിലും ഔദ്യോഗിക തീരുമാനമായിട്ടില്ല.
വി.പി സാനുവിന്‍റെ വാക്കുകള്‍:
ഇത് അനാവശ്യമായിട്ടുള്ള ഉപതെരഞ്ഞെടുപ്പാണ്. നേരത്തെ ഇത് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്താണ് അദ്ദേഹം അവിടെ പോയിട്ടുണ്ടായത്. അദ്ദേഹം ഇപ്പോള്‍ മല്‍സരിക്കുമെന്ന വാര്‍ത്തകളാണ്, നിലവിലെ എം.പിയെക്കുറിച്ച് കേള്‍ക്കുന്നത്. നിലവിലെ എം.പിയെ തെരഞ്ഞെടുക്കുന്നത് അഞ്ച് വര്‍ഷത്തേക്കാണ്. മുമ്പ് ഇ.അഹമ്മദ് സാഹിബ് മരിച്ചപ്പോഴാണ് ബൈ ഇലക്ഷന്‍ വന്നത്. അത് പോലെ എന്തെങ്കിലും അസുഖം കാരണം രാഷ്ട്രീയം ഉപേക്ഷിച്ച് അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ട് ഞാനിനി പാര്‍ലമെന്‍ററി രംഗത്തേക്കില്ല എന്ന് ഒരു വ്യക്തി തീരുമാനിച്ചു പോവുകയാണെങ്കില്‍ അതിനൊരു ന്യായമുണ്ട്. ഇത് അത്തരത്തിലുള്ള ഒരു വിഷയവുമില്ലാതെ ജനങ്ങളുടെ മേല്‍ ഒരു തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കുകയാണ്. ജനങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ച് പോയതാണ്, വിശ്വസിച്ച് ഏല്‍പ്പിക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് തങ്ങളുടെ ജനപ്രതിനിധിയായി ഉണ്ടാകുമെന്ന വിശ്വാസത്തിന്‍റെ പുറത്താണ്. അതാണ് വോട്ടായിട്ട് ജനങ്ങള്‍ നല്‍കുന്നത്. ആ വോട്ട് ചെയ്ത ജനങ്ങള്‍, അവര്‍ കൊടുത്ത വിശ്വാസത്തെ , വിശ്വാസ വഞ്ചന നടത്തുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്. തീര്‍ച്ചയായും അതിന് ജനം മറുപടി നല്‍കും. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അത് കൃത്യമായി ബോധ്യമുള്ളവരാണ് ഈ കേരളത്തിലെ ജനങ്ങള്‍. തീര്‍ച്ചയായും ആ വികസനത്തിനും മതനിരപേക്ഷ നിലപാടുകള്‍ക്കുമുള്ള അംഗീകാരം കേരളത്തിലെ 140 മണ്ഡലങ്ങളിലും നല്‍കുമ്പോള്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരും തീര്‍ച്ചയായും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിക്ക് ആ പിന്തുണയും സഹായവും നല്‍കും.
എം.എസ്.എഫിലൊക്കെയുണ്ടായിരുന്ന നേതാക്കള്‍ വരെ ആശംസകള്‍ അറിയിച്ചു. മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ വിജയിക്കുമെന്ന രൂപത്തിലുള്ള പ്രതികരണം അവരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്. ലീഗ് അണികളുടെ ഭാഗത്ത് നിന്നും, കേഡര്‍ സ്വഭാവം പുലര്‍ത്തുന്ന പാര്‍ട്ടിയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പോലും ആ നിലയില്‍ പറയുന്നുവെങ്കില്‍ പൊതുജനം എത്രമാത്രം ഇത് അനാവശ്യ തെരഞ്ഞെടുപ്പാണെന്ന് ചിന്തിക്കുന്നു എന്നത് വളരെ ക്യത്യമാണ്.
ഏറ്റവും വലിയ ഭീഷണികളെ നമ്മുടെ രാജ്യം നേരിട്ട സമയം, പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച സമയത്തിന് ഒരു പ്രത്യേകതയുണ്ട്. ഫെബ്രുവരി ആദ്യത്തിലാണ് അദ്ദേഹം രാജിവെക്കുന്നത്. രാജിവെക്കുന്ന സമയത്ത് ഇന്ത്യയിലെ പാര്‍ലമെന്‍റില്‍ ബജറ്റ് അവതരിപ്പിച്ചു. ആ ബജറ്റ് എന്ന് പറഞ്ഞാല്‍ കോവിഡ് കാരണം നട്ടെല്ലൊടിഞ്ഞ രാജ്യത്തെ ജനതയെ സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു നിലപാടും പ്രഖ്യാപിക്കാത്ത, പദ്ധതിയും പ്രഖ്യാപിക്കാത്ത ബജറ്റാണ്. ആ ബജറ്റ് വിഷയത്തില്‍ പോലും ഒരു ചര്‍ച്ച നടത്തി ജനങ്ങളുടെ എതിര്‍പ്പ് ഇതാണ്, ഇതാണ് ജനങ്ങള്‍ക്ക് ആവശ്യം, ഇതാണ് മലപ്പുറത്തിന് ആവശ്യം എന്ന് പറഞ്ഞുകൊണ്ട് ഒരു പ്രസംഗം നടത്തിയതായി ഞാന്‍ കണ്ടിട്ടില്ല. ആ സമയത്ത് രാജിവെച്ചു വരികയാണ്.
കോവിഡ് കഴിഞ്ഞാല്‍ സി.എ.എ നടപ്പിലാക്കുമെന്ന് അമിത് ഷാ ക്യത്യമായി പറഞ്ഞിരിക്കുകയാണ്. ഉടനെ വന്ന മറുപടി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റേതാണ്. വളരെ ക്യത്യമായി പറഞ്ഞു, നേരത്തെ പറഞ്ഞു നടപ്പിലാക്കില്ല, നടപ്പിലാക്കാന്‍ അനുവദിക്കില്ല, വളറെ അസന്നിഗ്ദമായി യാതൊരുവിധ സംശയവുമില്ലാതെ പ്രഖ്യാപിക്കാന്‍ ഇടതുപക്ഷത്തിനാണ് സാധിച്ചത്. കര്‍ഷകര്‍ നടത്തുന്ന സമരം നൂറ് ദിനം പിന്നിട്ടിരിക്കുകയാണ്. ആ സമരത്തിന്‍റെ ഭാഗമായി പാര്‍ലമെന്‍റില്‍ ആ വിഷയം അവതരിപ്പിച്ചപ്പോള്‍ അതില്‍ എതിര്‍ത്തതിന്‍റെ പേരില്‍ സസ്പെന്‍ഷനിലായത് സി.പി.ഐ.എമ്മിന്‍റെ എം.പിമാരാണ്. മറ്റാരുമല്ല. ഈ നിലയില്‍ ഏറ്റവും ക്യത്യമായ നിലപാട് രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് അധസ്ഥിത വിഭാഗങ്ങള്‍ക്ക് രാജ്യത്ത് ഏറ്റവും പ്രയാസം അനുഭവിക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസമാകുന്ന നിലപാട് പാര്‍ലമെന്‍റില്‍ സ്വീകരിച്ചത് ഇടതുപക്ഷമാണ്. ആ സമയത്തൊക്കെ അത്തരത്തില്‍ മുന്നില്‍ നിന്ന് നയിക്കുമെന്ന് പറഞ്ഞുപോയവരെ കണ്ടിട്ടില്ല. പി.കെ കുഞ്ഞാലിക്കുട്ടി മാത്രമല്ല, കേരളത്തിലെ പതിനെട്ട് എം.പിമാരുടെയും അവസ്ഥയെടുത്താല്‍ അതായിരുന്നു നമ്മള്‍ കണ്ടത്. അതിനൊരു മാറ്റം മലപ്പുറത്തെ ജനത ആഗ്രഹിക്കുന്നുണ്ട്.