കൊട്ടാരക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വിനു മോഹന്‍?
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ ബാലഗോപാലാണ് ഇത്തവണ ഇടത് സ്ഥാനാർത്ഥി
കൊട്ടാരക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വിനു മോഹന്‍ മത്സരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയിലാണ് താരത്തിന്‍റെ പേര് ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുള്ളത്. അതെ സമയം കൊട്ടാരക്കരയില്‍ ബി.ജെ.പി വക്താവ് സന്ദീപ് വാര്യരിന് സാധ്യത കല്‍പ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം തൃത്താലയില്‍ മത്സരിക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഏഴ് തവണ ബാലകൃഷ്ണ പിള്ളയെ നിയമസഭയിലെത്തിച്ച കൊട്ടാരക്കര ഐഷ പോറ്റിയിലൂടെ ഇടതുപക്ഷം തിരിച്ചുപിടിക്കുകയായിരുന്നു. പന്ത്രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് 2006ൽ ഐഷ പോറ്റി കൊട്ടാരക്കരയിൽ ജയിക്കുന്നത്. 2011ൽ ഭൂരിപക്ഷം 20000 ആയി. 2016ല്‍ മൂന്നാം തവണ 42632 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഐഷാ പോറ്റി വിജയിക്കുന്നത്. മുന്‍പ് വിജയ ചരിത്രമുള്ളതിനാല്‍ തന്നെ ഇടതു മുന്നണി ഉറപ്പിച്ച സീറ്റുകളിൽ ഒന്നാണ് കൊട്ടാരക്കര. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ ബാലഗോപാലാണ് ഇത്തവണ ഇടത് സ്ഥാനാർത്ഥി.
കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്, എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം. 2016ലെ കണക്കനുസരിച്ച 200586 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.