സ്വന്തം വീട്ടിലിരുന്ന് വിദേശത്ത് 1.8 കോടി രൂപയുടെ ജോലി സ്വന്തമാക്കിയ ഇന്ത്യൻ സോഫ്റ്റ്‌വെയർ ഡെവലപ്പറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കോളജ് പഠനകാലത്തെ ബുദ്ധിമുട്ടുകൾക്കിടയിലും ആഗോള സാങ്കേതിക ഭീമന്മാരിൽ നിന്ന് ജോലി വാഗ്ദാനങ്ങൾ നേടിയതെങ്ങനെയെന്ന് പങ്കുവെക്കുകയാണ് കാർത്തിക് മോദിയെന്ന യുവാവ്.
സാങ്കേതിക അഭിമുഖങ്ങൾക്ക് പലപ്പോഴും നിർണായകമായി കണക്കാക്കപ്പെടുന്ന ഡാറ്റാ സ്ട്രക്ചേഴ്‌സ് ആൻഡ് അൽഗോരിതംസ് എന്ന പ്രധാന വിഷയത്തിൽ താൻ ഒരിക്കൽ പരാജയപ്പെട്ടിട്ടുണ്ടെന്നും കാർത്തിക് മോദി ഇൻസ്റ്റാഗ്രാമിലെ ഒരു വീഡിയോയിൽ വെളിപ്പെടുത്തി. വിദേശത്ത് വലിയ നെറ്റ്‌വർക്കോ സ്വാധീനമോ ഇല്ലാതെ തന്നെയാണ് നേട്ടം കരസ്ഥമാക്കിയത്. നിലവിൽ ആമസോണിൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എൻജിനീയറാണ് കാർത്തിക്. നേരത്തെ മൈക്രോസോഫ്റ്റ്, ഊബർ തുടങ്ങിയ പ്രമുഖ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.
ബാക്ക്‌ലോഗ് ഉണ്ടായപ്പോൾ തുടക്കത്തിൽ തന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചുറ്റുമുള്ള പലരും പ്ലേസ്‌മെന്റുകൾക്കായി തയാറെടുക്കുമ്പോൾ ആ വിഷയം ജയിച്ചു തീർക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. തോറ്റുകൊടുക്കാൻ തയ്യാറാകാതെ, തയ്യാറെടുപ്പുകളെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ ഈ തിരിച്ചടിയെ ഒരു അവസരമാക്കി മാറ്റി.
അഹങ്കാരമെല്ലാം മാറ്റിവെച്ച് അടിസ്ഥാന കാര്യങ്ങളിലേക്ക് മടങ്ങുകയും പ്രധാന ആശയങ്ങളെക്കുറിച്ചുള്ള തന്റെ അറിവ് വീണ്ടെടുക്കുകയും ചെയ്തതായി കാർത്തിക് പറഞ്ഞു. ക്രമമല്ലാത്ത നീണ്ട പഠന രീതികളെ ആശ്രയിക്കുന്നതിന് പകരം, ദിവസവും ഒന്നോ രണ്ടോ പ്രധാനപ്പെട്ട കണക്കുകളോ പ്രശ്നങ്ങളോ പരിഹരിച്ചുകൊണ്ട് പഠനത്തിൽ സ്ഥിരത നിലനിർത്താനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
നിരവധി അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ഓരോന്നിനെയും പഠിക്കാനുള്ള അവസരമായി കണക്കാക്കുകയും ചെയ്തവെന്ന് അദ്ദേഹം പറയുന്നു. നിരസിക്കപ്പെട്ടപ്പോൾ അവഗണിച്ചില്ല. മെച്ചപ്പെടുത്തേണ്ടതെന്ന് മനസിലാക്കാൻ അത് ഉപയോഗിച്ചു. ഇത് മെച്ചപ്പെടാനും മികച്ച രീതിയിൽ തയ്യാറെടുക്കാനും സഹായിച്ചു.
ആസൂത്രണവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഇന്ത്യയിലിരുന്ന് തന്നെ ആഗോള വിപണി കീഴടക്കാമെന്ന് കാർത്തിക് തെളിയിക്കുന്നു. വിസ സ്പോൺസർഷിപ്പ് നൽകുന്ന 25–30 അന്താരാഷ്ട്ര കമ്പനികളെ കാർത്തിക് ആദ്യം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. LinkedIn, Indeed, Levels.fyi തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഇതിനു വേണ്ടി ഉപയോഗപ്പെടുത്തി.
വിവിധ കമ്പനികളുടെ നാൽപ്പതോളം ജോബ് ഡിസ്ക്രിപ്ഷനുകൾ പഠിച്ച്, അതിൽ 60 ശതമാനത്തിലധികം കമ്പനികൾ ആവശ്യപ്പെടുന്ന കഴിവുകൾ കണ്ടെത്തി ഒരു 'പ്രെപ്പറേഷൻ റോഡ്മാപ്പ്' തയാറാക്കി. 10 - 12 ആഴ്ച വരെ നീളുന്ന പ്ലാനും പിന്തുടർന്നു. 60 ശതമാനത്തിലധികം കമ്പനികളും ആവർത്തിച്ച് ആവശ്യപ്പെടുന്ന പ്രധാന കഴിവുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞു. ആദ്യത്തെ 5 ആഴ്ച ഡാറ്റാ സ്ട്രക്ചേഴ്സിനും ബാക്കി സമയം സിസ്റ്റം ഡിസൈൻ, ബിഹേവിയറൽ ട്രെയിനിംഗ് എന്നിവയ്ക്കുമായി മാറ്റിവെച്ചു. ആയിരക്കണക്കിന് പ്രോബ്ലംസ് ചെയ്യുന്നതിന് പകരം, ഏറ്റവും പ്രധാനപ്പെട്ട 100 പ്രോബ്ലംസ് തിരഞ്ഞെടുത്ത് പാറ്റേണുകൾ മനസ്സിലാക്കി പഠിച്ചു. ഇന്ത്യൻ രീതിയിലുള്ള റെസ്യൂമെ ഫോർമാറ്റ് ഒഴിവാക്കി, മികച്ച ഒരു വൺ-പേജ് റെസ്യൂമെ തയാറാക്കി. പ്രോജക്റ്റുകളുടെ ഇംപാക്ട് കൃത്യമായി ഇതിൽ രേഖപ്പെടുത്തി.
യുണൈറ്റഡ് കിംഗ്ഡത്തിലെ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഉബർ, മെറ്റാ, അറ്റ്ലാസിയൻ, ആമസോൺ എന്നിവയുൾപ്പെടെ പ്രമുഖ സാങ്കേതിക കമ്പനികളിൽ നിന്ന് കാർത്തിക്കിന് ജോലി ഓഫറുകൾ ലഭിച്ചു. 2022ൽ യൂബറിൽ സോഫ്റ്റ്‌വെയർ എൻജിനീയറായും പിന്നീട് സൊമാറ്റോ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളിലും കാർത്തിക് ജോലി ചെയ്തിട്ടുണ്ട്.