കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പക്വമായല്ല നടന്നതെന്ന് പി.സി ചാക്കോ
“മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും സങ്കുചിതമായ ഗ്രൂപ്പ് താത്പര്യങ്ങളെ മറികടക്കാനാകുന്നില്ല”
കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പക്വമായ രീതിയില്‍ അല്ല നടന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. ഗ്രൂപ്പ് വീതം വെപ്പാണ് നടന്നത്. എന്നാല്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്ന അഭിപ്രായം ശരിയല്ലെന്നും പി.സി ചാക്കോ പറഞ്ഞു.
കേരളത്തിലെ സ്ഥാനാര്‍ഥിത്വ നിര്‍ണ്ണയ ചര്‍ച്ചകള്‍ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയത് പക്വമായ രീതിയില്‍ അല്ലെന്നും രണ്ട് ഗ്രൂപ്പുകള്‍ തമ്മലുള്ള സീറ്റു വീതംവെപ്പ് മാത്രമാണ് നടന്നതെന്നും പി.സി ചാക്കോ വിമര്‍ശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ ഇക്കാര്യത്തില്‍ മുന്‍പ് അഭിപ്രായപ്രകടനം നടത്തിയിട്ടുള്ളതാണെന്നും പി.സി ചാക്കോ പറഞ്ഞു.
സീറ്റ് ചര്‍ച്ചകള്‍ അല്‍പം കൂടി ഭംഗിയായി നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കുന്നതില്‍ രണ്ട് ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം ഉണ്ടാകും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തി ആപ്ലിക്കേഷനിലൂടെ നടത്തിയ അഭിപ്രായ സര്‍വേ അതില്‍ നിര്‍ണ്ണായകമാകും. ഷീല ദീക്ഷിത് എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കുമെന്നും പി.സി ചാക്കോ വ്യക്തമാക്കി.