സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം രാഹുലിന്

ഒമ്പത് മണ്ഡലങ്ങളില്‍ യു.ഡി.എഫ് ലീഡ് ലക്ഷം കടന്നു. ഇ.അഹമ്മദ് 2014ല്‍ നേടിയ 1.94 ലക്ഷമായിരുന്നു കേരളത്തില്‍ ഇതുവരെയുള്ള ഉയര്‍ന്ന ഭൂരിപക്ഷം.

Update: 2019-05-23 13:45 GMT
Advertising

യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച കേരളത്തില്‍ ഒമ്പത് മണ്ഡലങ്ങളില്‍ യു.ഡി.എഫ് ലീഡ് ലക്ഷം കടന്നു. വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാല് ലക്ഷത്തിലധികം ലീഡ് ചെയ്ത് റെക്കോര്‍ഡ് ഭൂരിപക്ഷം നേടി. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ലീഡും രണ്ടര ലക്ഷം കവിഞ്ഞു. ഇ.അഹമ്മദ് 2014ല്‍ നേടിയ 1.94 ലക്ഷമായിരുന്നു കേരളത്തില്‍ ഇതുവരെയുള്ള ഉയര്‍ന്ന ഭൂരിപക്ഷം.

"ധീരാ ധീരാ നേതാവേ.. ധീരതയോടെ നയിച്ചോളൂ.. ലക്ഷം ലക്ഷം പിന്നാലെ" എന്ന അണികളുടെ മുദ്രാവാക്യം ശരിവക്കുന്നതാണ് 9 മണ്ഡലങ്ങളിലെ യു.ഡി.എഫ് ലീ‍‍ഡ്. ഭൂരിപക്ഷത്തില്‍ ഒന്നാമന്‍ പ്രതിപക്ഷത്തിന്റെ രാജ്യത്തെ ഒന്നാം നമ്പര്‍ സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി തന്നെ. സംസ്ഥാന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷമെന്ന റെക്കോര്‍ഡും ഇനി രാഹുലിനാണ്.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 2,60,000ന് മുകളിലാണ്. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും എറണാംകുളത്ത് ഹൈബി ഈഡനും ലക്ഷം ക്ലബില്‍ എത്തി. ഇരുവരും തോല്‍പിച്ചത് സി.പി.എം സെക്രട്ടേറിയറ്റ് അംഗങ്ങളെ. ഹൈബി നേടിയ 1,69,153 ഭൂരിപക്ഷം മണ്ഡലത്തിലെ യു.ഡി.എഫിന്റെ ഏറ്റവുമുയര്‍ന്ന ലീഡാണ്. മറികടന്നത് അച്ഛന്‍ ജോര്‍ജ് ഈഡന്റെ 1.11 ലക്ഷത്തിന്റെ റെക്കോഡ്. കഴിഞ്ഞ തവണത്തെ 37649 എന്ന ഭൂരിപക്ഷമാണ് പ്രേമചന്ദ്രന്‍ 1,49,772 ആക്കി ഉയര്‍ത്തിയത്.

Full View

2014ലെ തോല്‍വിക്ക് ജോയ്സ് ജോര്‍ജിനോട് പകരം വീട്ടിയ ഡീന്‍ കുര്യാക്കോസിന് ഭൂരിപക്ഷം ഇരട്ടി മധുരമായി. വോട്ട് വ്യത്യാസം ഒരു ലക്ഷത്തി എഴുപതിനായിരത്തിലധികമാണ്. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ അട്ടിമറി ജയം നേടിയ രമ്യ ഹരിദാസിന്റെ ഭൂരിപക്ഷം 1,58,968 ലക്ഷം വോട്ട്. തോറ്റത് സിറ്റിങ് എം.പി പി.കെ ബിജു. കഴിഞ്ഞ തവണ പൊന്നാനിയില്‍ 25410 വോട്ടിന് ജയിച്ച ഇ.ടി മുഹമ്മദ് ബഷീറും ഭൂരിപക്ഷം ലക്ഷം കടത്തി. 1,90,000ല്‍ അധികം വോട്ടിന് തോല്പിച്ചത് സിറ്റിങ് എം.എല്‍.എ പി.വി അന്‍വറിനെ. ചാലക്കുടിയില്‍ സിറ്റിംഗ് എം.പി ഇന്നസെന്‍റിനെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ 1,32,274 വോട്ടിന് തോല്‍പിച്ചത്.

കോട്ടയത്തും യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്റെ ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞു. കണ്ണൂരും തൃശൂരും ഭൂരിപക്ഷം 90,000 ത്തിന് മുകളിലാണ്. മാവേലിക്കരയിലും കോഴിക്കോടും തിരുവനന്തപുരത്തും വടകരയിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം 50,000ല്‍ കൂടുതലും.

Tags:    

Similar News