കൊറോണക്കാലത്ത് ഇന്റർനെറ്റിനെ‌ന്ത് സംഭവിക്കും?

പല സ്ഥാപനങ്ങളും ഓൺ ലൈനിലേക്ക് മാറിക്കഴിഞ്ഞു. വലിയൊരു ലോഡാണ് ഇത് ഡാറ്റാ ഫ്ലോവിലുണ്ടാക്കുക

Update: 2020-03-26 09:55 GMT

യുനസ്കോയുടെ കണക്കനുസരിച്ച് 150 രാജ്യങ്ങളിൽ സ്കൂളുകളും യൂണിവേഴ്സിറ്റികളും അടച്ചു കഴിഞ്ഞു. നൂറ്റമ്പത് കോടിയിലേറെ വിദ്യാർഥികളുടെ റഗുലർ പഠനങ്ങൾ നടക്കുന്നില്ല. പല സ്ഥാപനങ്ങളും ഓൺ ലൈനിലേക്ക് മാറിക്കഴിഞ്ഞു. വലിയൊരു ലോഡാണ് ഇത് ഡാറ്റാ ഫ്ലോവിലുണ്ടാക്കുക. കമ്പനികൾ ഒന്നടങ്കം work from home പോളിസിയനുസരിച്ച് ജോലിക്ക് ഇന്റെർനെറ്റ് കമ്മ്യൂണിക്കേഷനെ തന്നെയാണ് ആശ്രയിക്കുന്നത്. വീടുകളിൽ തന്നെ കഴിയുന്നവരുടെ ടൈം പാസ്സ് ആശ്രയവും നെറ്റ് ഫ്ലിക്സ്, യൂ ട്യൂബ് തുടങ്ങിയ ഇന്റെർനെറ്റ് സൈറ്റുകൾ തന്നെ. പല സൈറ്റുകളിലെയും ട്രാഫിക് 30 മുതൽ 70% വരെ കൂടിയിരിക്കുന്നു.

Advertising
Advertising

ഈ പശ്ചാത്തലത്തിലാണ് സ്റ്റ്രീമിംഗ് സൈറ്റുകൾ വേഗത കുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. അല്ലെങ്കിൽ പിടിച്ച് നിൽക്കാൻ നല്ല പാടാവും. കൊറോണ മാനേജ്മെന്റ് താളം തെറ്റും. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയാതെ വരും.‌ അൺ ലിമിറ്റഡ് അത്ര അൺ ലിമിറ്റഡ് അല്ല എന്നർഥം.

കശ്മീരിലെ സ്ഥിതി നോക്കൂ. എട്ട് മാസങ്ങളായി ലോക് ഡൗണിലാണ് ആ 80 ലക്ഷം മനുഷ്യർ. വാർത്തയില്ല. വാർത്താ വിനിമയവുമില്ല. ഒന്നങ്ങാൻ പോലുമുള്ള സ്വാതന്ത്ര്യമില്ല.

175 ദിവസങ്ങൾക്ക് ശേഷം കനിഞ്ഞ് നൽകിയിരിക്കുന്നതാവട്ടെ വേഗത കുറഞ്ഞ 2G മാത്രം. കോറോണയെ കുറിച്ചുള്ള വിവരങ്ങളൊന്നും ഭൂരിപക്ഷമാളുകളും അറിഞ്ഞ് കാണില്ല.‌ മുന്നറിയിപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും അവർക്ക് വിധിച്ചിട്ടില്ല. കോവിഡിന്റെ ചികിത്സാ പ്രോട്ടോൾ download ചെയ്യാൻ പോലുമുള്ള നെറ്റ് സ്പീഡില്ലെന്ന് ഡോക്ടർമാർ പറയുന്നു. രാജ്യത്തെ ഏറ്റവും കുറഞ്ഞ ഡോക്ടർ- രോഗി അനുപാതമാണ് കാശ്മീരിലേത്. ദേശീയതലത്തിൽ 2000 രോഗികൾക്ക് ഒരു ഡോക്ടറുണ്ട്. കാശ്മീരിൽ 3866 രോഗികൾക്ക് ഒരു ഡോക്ടറേ ഉള്ളൂ. വേണ്ടത് 1000 രോഗികൾക്കൊരു ഡോക്ടറാണെന്നോർക്കണം. ആശുപത്രി ബെഡുകൾ തുലോം പരിമിതം. നഴ്സുമാരുടെയും‌ ഉപകരണങ്ങളുടെയും അവസ്ഥ ഇത് തന്നെ.

ഇതേ നില തുടർന്നാൽ ഞങ്ങളിവിടെ കിടന്ന് കന്ന് കാലികളെ പോലെ മരിക്കും എന്നവർ പറയുന്നു. ആരോട് പറയാൻ. ആരു കേൾക്കാൻ.

പക്ഷെ ഒരു കാര്യമുണ്ട്. കൊറോണക്ക് വിവേചനങ്ങളില്ല. പ്രജയായാലും രാജാവായാലും. കാലം കണക്ക് തീർക്കട്ടെ.

Tags:    

Similar News