പ്രക്ഷോഭകർ കൊട്ടാരത്തിൽ നിന്ന് പിരിഞ്ഞുപോകണം, സമാധാനം പാലിക്കണമെന്ന് സൈന്യം; ശ്രീലങ്കയെ കടുത്ത ആശങ്കയോടെയാണ് കാണുന്നതെന്ന് ഐഎംഎഫ്

കലാപം രൂക്ഷമായതോടെ ശ്രീലങ്കയിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും കടുത്ത ആശങ്കയോടെയാണ് കാണുന്നതെന്നും ഐഎംഎഫ് അറിയിച്ചു.

Update: 2022-07-10 05:30 GMT
Editor : Sikesh | By : Web Desk
Advertising

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കലാപഭൂമിയായ ശ്രീലങ്കയിൽ പ്രക്ഷോഭകരോട് പിരിഞ്ഞുപോകാൻ അഭ്യർത്ഥിച്ച് സംയുക്ത മേധാവി ജനറൽ ഷാവേന്ദ്ര സിൽവ. രാജ്യത്ത് സമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് സൈന്യത്തിന്റെ അഭ്യർത്ഥന. പ്രസിഡന്റ് ഗോതബയ രജപക്സെ വസതി ഉപേക്ഷിച്ച് രക്ഷപ്പെടുകയും ബുധനാഴ്ച രാജിവെയ്ക്കുമെന്ന് അറിയിച്ചിട്ടും പ്രക്ഷോഭകാരികൾ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് പിൻവാങ്ങിയിട്ടില്ല. പ്രസിഡന്റ് രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്നാണ് ഇവർ അറിയിച്ചിട്ടുളളത്.

അതേസമയം പ്രസിഡന്റായി തുടരുന്നത് വരെ ഗോതബയയ്ക്ക് സംരക്ഷണം നൽകുമെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. വെളളിയാഴ്ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ താത്കാലിക പ്രസിഡന്റായി നിലവിലെ സ്പീക്കർ മഹിന്ദ അബേയ്‌വർധനേ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു മാസത്തിന് ശേഷമാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.സർവകക്ഷി സർക്കാരിൽ എല്ലാ പാർട്ടികൾക്കും പങ്കാളിത്തമുണ്ടാകും.

കലാപം രൂക്ഷമായതോടെ ശ്രീലങ്കയിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും കടുത്ത ആശങ്കയോടെയാണ് കാണുന്നതെന്നും ഐഎംഎഫ് അറിയിച്ചു. അധികം വൈകാതെ രാഷ്ട്രീയ അസ്ഥിരതകൾ അവസാനിക്കുമെന്നാണ് പ്രതീക്ഷ. നിലവിലുളള സാമ്പത്തിക പ്രതിസന്ധി സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുളള ജനങ്ങളിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് തങ്ങൾ വളരെയധികം ആശങ്കയുളളവരാണെന്നും ശ്രീലങ്കയ്ക്കായുളള ഐഎംഎഫ് മിഷന്റെ ഉദ്യോഗസ്ഥൻ പീറ്റർ ബ്രുയർ അറിയിച്ചു. സ്വാതന്ത്ര്യാനന്തരം ഇതുവരെയുളളതിൽ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.

ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തത്കാലം ശ്രീലങ്കയിലെ പ്രശ്‌നങ്ങളിൽ ഇടപെടേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനവും. സാഹചര്യങ്ങൾ പരിഗണിച്ച് മാനുഷിക സഹായം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉറപ്പുവരുത്തും. അതേസമയം അഭയാർത്ഥി പ്രവാഹം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

ഇന്ധനവും ഭക്ഷണവും ഇല്ലാതായതിനെ തുടർന്ന് വലിയ പ്രതിഷേധത്തിലായ ശ്രീലങ്കൻ ജനത ശനിയാഴ്ചയാണ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികൾ കയ്യേറിയത്. പതിനായിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് പാഞ്ഞെത്തിയതോടെ പ്രസിഡന്റ് ഗോതബയ രജപക്സെ വസതി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വസതിക്ക് പ്രക്ഷോഭകാരികൾ തീയിടുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം രാഷ്ട്രീയ പ്രതിസന്ധി കൂടി ഉടലെടുത്തതോടെ അടിയന്തരമായി സർവകക്ഷി യോഗം ചേരുകയായിരുന്നു.പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രസിഡന്റും രാജി സന്നദ്ധത അറിയിച്ചതായി സ്പീക്കർ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ചയോടെ രാജിയുണ്ടാകുമെന്നാണ് സ്പീക്കർ അറിയിച്ചത്.

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News