സിപിഎം സ്ഥാനാര്‍ത്ഥികളില്‍ 12 വനിതകള്‍; എട്ടുപേരും പുതുമുഖങ്ങള്‍
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.
സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇത്തവണ ഇടം പിടിച്ചിരിക്കുന്നത് 12 വനിതകളാണ്. കെ കെ ശൈലജ (മട്ടന്നൂര്‍), കാനത്തില്‍ ജമീല (കൊയിലാണ്ടി), ജിജി .പി (വേങ്ങര), പി മിഥുന (വണ്ടൂര്‍), കെ. ശാന്തകുമാരി (കോങ്ങാട്), പ്രൊഫ. ആര്‍ ബിന്ദു (ഇരിങ്ങാലക്കുട), ഷെല്‍ന നിഷാദ് അലി (ആലുവ), ദലീമ ജോജോ (അരൂര്‍), അഡ്വ. യു പ്രതിഭ (കായംകുളം), വീണ ജോര്‍ജ് (ആറന്മുള), ജെ മേഴ്‍സിക്കുട്ടിയമ്മ (കുണ്ടറ), ഒ എസ് അംബിക (ആറ്റിങ്ങല്‍) എന്നിവരാണ് ഇത്തവണ സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള വനിതകള്‍.
മന്ത്രിമാരായ കെ.കെ ശൈലജയ്ക്കും ജെ. മേഴ്‍സിക്കുട്ടിയമ്മയ്ക്കുമൊപ്പം എം.എല്‍.എമാരായ അഡ്വ. യു പ്രതിഭയും വീണ ജോര്‍ജും ഇത്തവണയും ജനവിധി തേടുന്നുണ്ട്. ബാക്കി എട്ടുപേരും പുതുമുഖങ്ങളാണ്. മട്ടന്നൂരില്‍ കെ. കെ ശൈലജയും കുണ്ടറയില്‍ ജെ. മേഴ്‍സിക്കുട്ടിയമ്മയും തന്നെ മത്സരിക്കും. അതുപോലെ കായംകുളം മണ്ഡലത്തില്‍ നിന്ന് അഡ്വ. യു പ്രതിഭയും ആറന്മുളയില്‍ നിന്ന് വീണ ജോര്‍ജും തന്നെയാണ് ജനവിധി തേടുന്നത്.
കൊയിലാണ്ടി മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് കന്നിയങ്കത്തിനൊരുങ്ങുന്ന കാനത്തില്‍ ജമീല നിലവില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷയാണ്. മുന്‍ എം.പി, പി സതീദേവിയുടെ പേരാണ് ആദ്യം സി.പി.എം പരിഗണിച്ചിരുന്നെങ്കിലും കാനത്തില്‍ ജമീല മത്സരിക്കട്ടെ എന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് എടുത്തത്. നിലവില്‍ സി.പി.എമ്മിന്‍റെ ജില്ലാ കമ്മിറ്റി മെമ്പര്‍ കൂടിയാണ് കാനത്തില്‍ ജമീല.
വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടി തന്നെയാകും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്ന് ഏകദേശം ഉറപ്പായിരിക്കെ ആണ് കുഞ്ഞാലിക്കുട്ടിക്കെതിരെ സി.പി.എം ഒരു വനിതയെ തന്നെ മത്സര രംഗത്തിറക്കിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി കാരണം അടിക്കടി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്ന വേങ്ങരയിലെ ജനങ്ങള്‍ മാറി ചിന്തിക്കും എന്ന പ്രതീക്ഷയാണ് ജിജി .പി പങ്കുവെക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തിന് തുടര്‍ച്ചയുണ്ടാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന്‍റെ ഭാഗമാകാന്‍ കഴിയുക, തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക എന്നത് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വമാണ്. അത് ഭംഗിയായി നിറവേറ്റുമെന്നും ജിജി പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളും വേങ്ങരയിലെ അടിക്കടിയുള്ള തെരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടിയായിരിക്കും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണമെന്നും ജിജി കൂട്ടിച്ചേര്‍ത്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് ജിജി.
2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മലപ്പുറം പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റായി നിയമിതയായത് ഒരു 22 കാരിയായിരുന്നു, പി മിഥുന. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു അവര്‍. പള്ളിക്കല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിന്ന് മുസ്‍ലിം ലീഗ് പ്രതിനിധിയായാണ് മിഥുന തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഇടതുപക്ഷത്തേക്ക് എത്തിയ അവര്‍ ഇത്തവണ വണ്ടൂരില്‍ നിന്ന് സി.പി.എം പ്രതിനിധിയായി നിയമസഭയിലേക്ക് ജനവിധി തേടുന്നു.
പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയായിരുന്നു കോങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് കെ. ശാന്തകുമാരി. ശാന്തകുമാരിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നേരത്തെ ലോക്കല്‍ കമ്മിറ്റികള്‍ക്കുള്ളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. ശാന്തകുമാരിയെ അംഗീകരിക്കാനാവില്ലെന്നും മണ്ഡലത്തിലുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും പ്രാദേശിക തലത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. മണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഒ.വി സ്വാമിനാഥനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു ലോക്കല്‍ കമ്മിറ്റികളുടെ ആവശ്യം. സ്വാമിനാഥനെ നേരത്തെ പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി, ശാന്തകുമാരിയെ തന്നെ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥി പ്രൊഫ. ആര്‍ ബിന്ദു, എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍റെ ഭാര്യയാണ്. കേരള വര്‍മ്മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ, പിന്നീട് വൈസ് പ്രിന്‍സിപ്പല്‍ അതിന് ശേഷം പ്രിന്‍സിപ്പല്‍, തൃശൂരിന്‍റെ ആദ്യ വനിതാ മേയര്‍, ജനാധിപത്യ മഹിള അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
വലത് കോട്ടയായ ആലുവയെ ഇടതിനൊപ്പം ചേര്‍ക്കാന്‍ സി.പി.എം ഇറക്കുന്നത് കോണ്‍ഗ്രസ് നേതാവിന്‍റെ മരുമകളെയാണ്. ആലുവയില്‍ 26 വര്‍ഷം എം.എല്‍.എ ആയിരുന്ന കെ.മുഹമ്മദാലിയുടെ മരുമകളായ ഷെല്‍ന നിഷാദാണ് ഇത്തവണത്തെ സി.പി.എം സ്ഥാനാര്‍ഥി. എല്ലാവര്‍ക്കും വ്യക്തിപരമായ രാഷ്ട്രീയമുണ്ടെന്നും തന്‍റെ രീതിയുമായി യോജിച്ചുപോകുന്ന സര്‍ക്കാരാണ് ഇതെന്നും ഷെല്‍ന പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുപാട് പേര് തന്നെ വിളിച്ച് പിന്തുണ നല്‍കിയിട്ടുണ്ടെന്നും ഷെല്‍ന പറഞ്ഞു. തൃശൂര്‍ ഒരുമനയൂര്‍ സ്വദേശിയായ ഷെല്‍ന ആര്‍ക്കിടെക്ച്ചറാണ്. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽനിന്ന് ബിആർക്ക് പൂർത്തിയാക്കിയ ഷെൽന കൊച്ചിയിലെ എസ്എൻ ആർക്കിടെക്ടിന്‍റെ ചീഫ് ആയി പ്രവർത്തിക്കുന്നു. അങ്കാൻസ് ഗ്രൂപ്പ് ഡയറക്ടർ നിഷാദ് അലിയാണ് ഭർത്താവ്. അന്‍വര്‍ സാദത്ത് തന്നെയാണ് ഇത്തവണയും ആലുവയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി.
അരൂര്‍ തിരിച്ചു പിടിക്കാന്‍ ഷാനിമോള്‍ ഉസ്മാനെതിരെ സിപിഎം ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത് ഗായിക കൂടിയായ ദലീമ ജോജോയെയാണ്. 1957 മുതൽ 2016 വരെ നടന്ന 15 തിരഞ്ഞെടുപ്പിൽ പത്ത് തവണ ഇടതുപക്ഷത്തിനൊപ്പം നിലയുറച്ച മണ്ഡലമാണ് അരൂർ. നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റാണ് ദലീമ. ഇരുപത്തിയഞ്ചിൽ അധികം സിനിമാ ഗാനങ്ങളും ഭക്തിഗാനങ്ങളും ആയി 7000ത്തോളം പാട്ടുകൾ അവർ പാടിയിട്ടുണ്ട്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലം, കല്യാണ പിറ്റേന്ന്, നീ വരുവോളം എന്നീ ചിത്രങ്ങളിൽ ദലീമ പാടിയ പാട്ടുകൾ ഏറെ പ്രശസ്തമാണ്. ഗായികയെന്ന നിലയിലെ ദലീമയുടെ ജനപ്രീതി വോട്ടാറുമാറുമെന്ന പ്രതീക്ഷയിലാണ് സിപിഎം.
സിപിഎം ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി അംഗമാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഒ എസ് അംബിക. മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗം. മഹിള അസോസിയേഷന്‍ ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗവുമാണ് ഒ എസ് അംബിക.