''അമ്മ നഷ്ടപ്പെട്ട കുഞ്ഞിനെ മുലയൂട്ടാന്‍ ഞാന്‍ തയ്യാര്‍'': ആ തീരുമാനത്തെക്കുറിച്ച് സഫൂറ സര്‍ഗാര്‍

ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന്റെ ആരോ​ഗ്യത്തിന് മുലപ്പാൽ അത്രമേൽ പ്രാധാന്യമുള്ളതാണ്. അത് ഒരു കുഞ്ഞിനും ലഭിക്കാതെ പോകരുതെന്ന ബോധം സഫൂറ സർ​ഗാറിനുണ്ടായിരുന്നു.

Update: 2021-08-14 15:33 GMT
Editor : Roshin | By : Web Desk
Advertising

'ഡൽഹിയിൽ ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന് അത്യാവശ്യമായി മുലപ്പാൽ വേണം. കുഞ്ഞിന്റെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു. തയാറായവർ ഈ നമ്പറിൽ ബന്ധപ്പെടുക.' മനീഷ മൊണ്ടാൽ എന്ന മാധ്യമപ്രവർത്തക ട്വിറ്ററിൽ എഴുതിയ വാക്കുകളാണിത്. ആ പോസ്റ്റിന് താഴെ, 'ഞാൻ തയാറാണ്, ആവശ്യമെങ്കിൽ ബന്ധപ്പെടുക' എന്ന കമന്റ് പ്രത്യക്ഷപ്പെടുന്നു. പൗരത്വ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന, ​ഗർഭിണിയായിരിക്കെ യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ട സഫൂറ സർ​ഗാറിന്റേതായിരുന്നു ആ കമന്റ്. ചിലർ മോശമായ രീതിയിൽ ആ കമന്റിനെ സമീപിച്ചെങ്കിലും നിരവധി പേരാണ് ആ ധീരമായ സന്നദ്ധതയെ പ്രശംസിച്ചത്. ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന്റെ ആരോ​ഗ്യത്തിന് മുലപ്പാൽ അത്രമേൽ പ്രാധാന്യമുള്ളതാണ്. അത് ഒരു കുഞ്ഞിനും ലഭിക്കാതെ പോകരുതെന്ന ബോധം സഫൂറ സർ​ഗാറിനുണ്ടായിരുന്നു. എന്താണ് സഫൂറ സര്‍ഗാറിനെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്?

ഗർഭിണിയായിരിക്കെയാണ് പൗരത്വ സമരത്തിൽ നേതൃത്വം നൽകിയിന്റെ പേരിൽ യു.എ.പി.എ ചുമത്തി സഫൂറ സർ​ഗാറിനെ ഡൽഹി പോലീസ് തുറുങ്കിലടക്കുന്നത്. നിരവധി തവണ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും അതെല്ലാം നിരസിക്കപ്പെട്ടു. ​നിരവധി പ്രസവങ്ങൾ നടന്ന സ്ഥലമാണ് ഡൽഹി സെൻട്രൽ ജയിലെന്നും അതിനാൽ സഫൂറക്ക് ജാമ്യം നൽകേണ്ടതില്ലെന്നുമായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്. ഒടുക്കം 23 ആഴ്ച ​ഗർഭിണിയായിരിക്കെ 2020 ജൂണ്‍ 23ന് മാനുഷിക പരി​ഗണനയുടെ പേരില്‍ കോടതി സഫൂറയെ ജാമ്യത്തിലയക്കുന്നു. തന്റെ കുഞ്ഞിന് ജന്മം നൽകിയ ശേഷം മുലയൂട്ടാന്‍ പോലും സഫൂറക്ക് സാധിച്ചിരുന്നില്ല. ആ അനുഭവം സഫൂറ വിശദീകരിക്കുന്നത് ഇങ്ങനെയാണ്...

"ജനിച്ചപ്പോള്‍ തന്നെ എന്‍റെ കുഞ്ഞിനെ എന്‍.ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് അവനെ അപ്പോള്‍ മുലയൂട്ടാന്‍ സാധിച്ചിരുന്നില്ല. 24 മണിക്കൂറിന് ശേഷം മുലപ്പാല്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. അത് എന്നെ വല്ലാത്ത മാനസിക സമ്മര്‍ദത്തിലേക്കാണ് തള്ളി വിട്ടത്. കാരണം, എന്‍റെ കുഞ്ഞിന് വിശന്നിരിക്കുമ്പോള്‍ എനിക്ക് അതിന് സാധിക്കാതെ വന്നപ്പോഴുള്ള അവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

ലോകത്താകമാനം ബാധിച്ചിരിക്കുന്ന ഈ മഹാമാരി കാലത്ത് ഒരുപാട് കുഞ്ഞുങ്ങള്‍ ജനിച്ചയുടനെ മുലപ്പാല്‍ ലഭിക്കാത്ത അവസ്ഥ അനുഭവിക്കുന്നു. കോവിഡ് മൂലം അമ്മ മരിച്ച കുഞ്ഞിന് മുലപ്പാല്‍ വേണമെന്ന ട്വീറ്റ് കണ്ടതും ഞാന്‍ തയാറായത് അതുകൊണ്ടാണ്. മറ്റുള്ളവര്‍ എന്തുപറയുമെന്ന് ഞാന്‍ ചിന്തിച്ചില്ല. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് കുഞ്ഞിന് മുലപ്പാലില്‍ നിന്നും ലഭിക്കുന്ന പോഷകങ്ങള്‍ മികച്ച ആരോഗ്യമുണ്ടാകുവാന്‍ ഒരുപാട് സഹായിക്കും. ഞാന്‍ ആ അവസ്ഥയിലൂടെ കടന്നു പോയതാണ്. ഞാന്‍ അന്ന് ജയിലിലായിരുന്നു. ജനിച്ച കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞിനെ പിരിഞ്ഞിരിക്കേണ്ടി വരുന്ന ഒരു അമ്മയുടെ അവസ്ഥ വളരെ ഭീതിതമാണ്. എന്‍റെ കമന്‍റിനെക്കുറിച്ച് മറ്റുള്ളവര്‍ ഏത് രീതിയില്‍ ചിന്തിക്കുമെന്ന് പോലും ആലോചിക്കാതെ മുന്നോട്ട് വരാന്‍ എന്നെ പ്രേരിപ്പിച്ചത് ആ അനുഭവങ്ങളാണ്..."

പ്രസവശേഷം രണ്ട് മാസത്തേക്ക് കുഞ്ഞിന്‍റെ പരിചരണത്തിനായി സഫൂറക്ക് ഉപാധികളോടെ വീണ്ടും ജാമ്യം ലഭിച്ചു. ജയില്‍ മോചിതയായെങ്കിലും ഉപാധികള്‍ നിലനില്‍ക്കുന്നതുകൊണ്ട് ജന്മസ്ഥലമായ കശ്മീരിലേക്ക് പോകാനാകാതെ ഡല്‍ഹിയില്‍ തന്നെ സഫൂറ സര്‍ഗാര്‍ തുടരുകയാണ്.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News