ഇംഗ്ലീഷ് അറിയാത്തതിന്‍റെ പേരില്‍ അന്ന് പലതവണ പരിഹസിക്കപ്പെട്ടു... ഇന്ന് ഐ.എ.എസ് ഓഫീസര്‍

സ്വന്തം കഴിവുകള്‍ സ്വയം തിരിച്ചറിഞ്ഞ്, സ്വപ്നം എത്തിപ്പിടിച്ച്, സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാവുകയാണ് സുരഭി ഗൗതം

Update: 2022-07-25 07:20 GMT

സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുക എന്നത് ഒരുപാട് വിദ്യാർഥികളുടെ ജീവിതാഭിലാഷമാണ്. ചിലര്‍ക്ക് മാത്രമേ പ്രിലിമിനറിയും മെയിന്‍ പരീക്ഷയും കടന്ന് ഇന്‍റര്‍വ്യൂവില്‍ കൂടി ജയിച്ച് ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ. യു.പി.എസ്‌.സി പരീക്ഷയിൽ വിജയിക്കാന്‍ എല്ലാ ഉദ്യോഗാർഥികൾക്കും അവരുടേതായ വ്യത്യസ്‌ത തന്ത്രങ്ങളുണ്ട്. ചിലര്‍ ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കുന്നു. അതിലൊരാൾ ആണ് ഐ.എ.എസ് ഉദ്യോഗസ്ഥ സുരഭി ഗൗതം. സ്വന്തം കഴിവുകള്‍ സ്വയം തിരിച്ചറിഞ്ഞ്, സ്വപ്നം എത്തിപ്പിടിച്ച്, സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാവുകയാണ് സുരഭി ഗൗതം.

Advertising
Advertising

മധ്യപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിലാണ് സുരഭി ഗൗതം ജനിച്ചത്. കുട്ടിക്കാലം മുതൽ തന്നെ പഠനത്തില്‍ മിടുക്കിയായിരുന്നു. പത്താം ക്ലാസ്, 12ആം ക്ലാസ് ബോർഡ് പരീക്ഷകളില്‍ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.


സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, സുരഭി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതി. ഉപരിപഠനത്തിനായി നഗരത്തിലേക്ക് താമസം മാറിയ ആ ഗ്രാമത്തിലെ ആദ്യത്തെ പെൺകുട്ടിയായിരുന്നു സുരഭി. ഭോപ്പാലിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ സ്വര്‍ണ മെഡലോടെ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി.

പരീക്ഷകളില്‍ ഉന്നത വിജയം നേടിയിട്ടും ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാന്‍ അറിയാത്തതിന്‍റെ പേരില്‍ കോളജ് കാലത്ത് പലതവണ പരിഹസിക്കപ്പെട്ടെന്ന് സുരഭി പറയുന്നു. എന്നിട്ടും ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി തയ്യാറെടുത്തു. തന്റെ ആശയങ്ങള്‍ മറ്റൊരാളിലേക്ക് എത്തിക്കണമെങ്കില്‍ ഭാഷ അറിയണമെന്ന് സുരഭി തിരിച്ചറിഞ്ഞു. അങ്ങനെ എല്ലാ ദിവസവും ഇംഗ്ലീഷില്‍ 10 പുതിയ വാക്കുകൾ പഠിക്കാൻ തുടങ്ങിയെന്ന് സുരഭി പറയുന്നു.


ഒരു വർഷത്തോളം ബാർക്കിൽ ആണവ ശാസ്ത്രജ്ഞയായി ജോലി ചെയ്തിരുന്നു സുരഭി. ഗേറ്റ്, ഐഎസ്ആർഒ, സെയിൽ, എംപിപിഎസ്‌സി പിസിഎസ്, എസ്എസ്‌സി സിജിഎൽ, ഡൽഹി പൊലീസ്, എഫ്‌സിഐ തുടങ്ങിയ പരീക്ഷകളും പാസായി. 2016ല്‍ ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതി സുരഭി ഐ.എ.എസ് സ്വന്തമാക്കി. നിലവിൽ ജില്ലാ വികസന ഓഫീസറായി അഹമ്മദാബാദിലെ വിരാംഗം ജില്ലയിലാണ് ജോലി ചെയ്യുന്നത്. എന്തു തടസ്സമുണ്ടായാലും പിന്മാറാതെ അര്‍പ്പണബോധത്തോടെ അധ്വാനിച്ച് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കൂ എന്നാണ് പുതിയ തലമുറയോട് സുരഭി പറയുന്നത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News