അർദ്ധസൈനിക വിഭാഗത്തിന്റെ നരനായാട്ട്; സുഡാനിൽ 124 ​പേർ കൊല്ലപ്പെട്ടു

ഏറ്റുമുട്ടലിന്റെ മറവിൽ അർദ്ധ സൈനിക വിഭാഗവും സുഡാൻ സേനയും സാധാരണക്കാരെ കൊലപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകളുണ്ട്

Update: 2024-10-28 05:56 GMT

ഖാർത്തൂം: ആഭ്യന്തര യുദ്ധത്തിൽ വലഞ്ഞ സുഡാനിൽ അർദ്ധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊലയിൽ 124 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിന് തെക്ക് ഭാഗത്തുള്ള ഗ്രാമത്തിലാണ് അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർഎസ്എഫ്) നേതൃത്വത്തിൽ നരനായാട്ട് നടന്നത്. സുഡാൻ സേനയായ സുഡാൻ ആംഡ് ഫോഴ്സുമായി (എസ്എഎഫ്) ഒരുവർഷത്തിലേറെ ഏറ്റുമുട്ടുകയാണ് ആർഎസ്എഫ്. വംശഹത്യക്ക് സമാനമായ സാഹചര്യങ്ങളാണ് സുഡാനിൽ അരങ്ങേറുന്നതെന്ന് യുഎൻ അടക്കമുള്ള ഏജൻസികൾ വ്യക്തമാക്കുന്നു.

ഗെസിറ സംസ്ഥാനത്തെ അൽ-സിരേഹ ഗ്രാഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ആർഎസ്എഫ് നടത്തിയ ആക്രമത്തിൽ 124 പേർ കൊല്ലപ്പെട്ടുവെന്ന് സുഡാൻ ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്കിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണ സംഖ്യ 124 ൽ നിന്ന് ഉയരുമെന്നാണ് പുറത്തുവരുന്ന വിവരം. 200 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാരും സാമൂഹിക പ്രവർത്തകരും പറയുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ചത് സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. കഴിഞ്ഞ എപ്രിൽ മുതൽ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനായി സുഡാനീസ് സായുധ സേനയുമായി (എസ്എഎഫ്) ആർഎസ്എഫ് ഏറ്റുമുട്ടുകയാണ്. ഏറ്റുമുട്ടലിന്റെ മറവിൽ ഇരുസേനകളും സാധാരണക്കാരെ കൊലപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.

Advertising
Advertising

അൽ ഗെസിറയിലെ കമാൻഡർ കൂറുമാറിയതിനെ തുടർന്നാണ് ആർഎസ്എഫ് മേഖലയിൽ ആക്രമണം തുടങ്ങിയത്. പുരുഷന്മാരെ ക്രൂരമായികൊലപ്പെടുത്തുകയും സ്ത്രീകളെ ക്രൂ​രമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്തായും റിപ്പോർട്ടുകളുണ്ട്. കിഴക്കൻ ഗെസിറയിലെ 30-ലധികം ഗ്രാമങ്ങളിൽ നിന്ന് പ്രദേശവാസികൾ പലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ. വ്യാപകമായി പൊതു-സ്വകാര്യ സ്വത്തുക്കൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു.

ആക്രമണത്തിൽ 200ലധികം സാധാരണക്കാർക്ക് പരിക്കേറ്റതായും 150 പേരെ ആർഎസ്എഫ് കസ്റ്റഡിയിലെടുമെടുത്തു. ആശയവിനിമയ സംവിധാനങ്ങൾ ആർഎസ്എഫ് തകർത്തതിനാൽ വിവരങ്ങൾ കൃത്യമായി പുറത്തുവരാത്ത സാഹചര്യവുമുണ്ട്. സുഡാനിലെ ഡോക്‌ടറുമാരുടെ കൂട്ടായ്മയാണ്  കൂട്ടക്കൊല​കളെ കുറിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്.

സുഡാന്‍ സായുധസേന മേധാവി അബദുൽ ഫത്താഹ് അല്‍ബുര്‍ഹാനും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് മേധാവി മുഹമ്മദ് ഹംദാന്‍ ദഗാലോയും തമ്മിലുള്ള അധികാരത്തർക്കമാണ് 2023 എപ്രിൽ 15 ന് മറ്റൊരു ആഭ്യന്തരയുദ്ധത്തിലേക്ക് സുഡാനെ കൊണ്ടെത്തിച്ചത്. അതിദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന സുഡാനെ പിടിച്ചുലച്ചതായിരുന്നു 2003 ലെ ആഭ്യന്തര യുദ്ധം. ആ പ്രതിസന്ധികളിൽ നിന്ന് ഇനിയും അവിടുത്തെ ജനത കരകയറിയിട്ടില്ല. അന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ച ആയിരക്കണക്കിന് ആളുകൾക്ക് 21 വർഷത്തിനിപ്പുറവും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. അതിനിടയിലാണ് വീണ്ടും ഒരു ആഭ്യന്തരയുദ്ധത്തിന് സുഡാൻ സാക്ഷ്യം വഹിക്കേണ്ടിവരുന്നത്.

സുഡാൻ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് യുഎൻ ഏജൻസിയായ യുനിസെഫ് വെളിപ്പെടുത്തിയിരുന്നു. 14 ദശലക്ഷത്തിലധികം ആളുകൾ അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായി. ലോകത്തിലെ ഏറ്റവും വലിയ കുടിയിറക്കൽ പ്രതിസന്ധിയിലൂടെയാണ് സുഡാൻ കടന്നുപോകുന്നതെന്ന് യുഎൻ വ്യക്തമാക്കി. സുഡാനിലെ ജനസംഖ്യയുടെ പകുതിയിലധികം പേർ സംഘർഷം കാരണം കടുത്ത പട്ടിണി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും യുഎൻ നൽകുന്നുണ്ട്. യുനിസെഫും യുഎൻഎച്ച്‌സിആറും ലോകരാജ്യങ്ങളോട് സുഡാനിനെ സഹായിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആൾക്കൂട്ട ബലാത്സംഗം,വംശീയ ഉന്മൂലനമടക്കമുള്ളവ സുഡാനിൽ വ്യാപകമാണെന്നും യുഎൻ വ്യക്തമാക്കുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News