അക്രമി എത്തിയത് നാസി ചിഹ്നമുള്ള ടീ ഷർട്ട് ധരിച്ച്; റഷ്യയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ മരണം പതിനഞ്ചായി

പരിക്കേറ്റ ഇരുപത് പേരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്

Update: 2022-09-26 16:36 GMT

മോസ്‌കോ: റഷ്യയിലെ ഈഷവ്ക് നഗരത്തിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ മരണംപതിനഞ്ചായി. പതിനൊന്ന് കുട്ടികളും രണ്ട് അധ്യാപകരും രണ്ട് സുരക്ഷാ ജീവനക്കാരുമാണ്‌കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇരുപത് പേരിൽ ചിലരുടെനില അതീവ ഗുരുതരമാണ്. രണ്ട് തോക്കുകളുമായാണ് അക്രമി സ്‌കൂളിലെത്തിയത്. നാസി ചിഹ്നമുള്ള ടീ ഷർട്ടായിരുന്നു അക്രമി ധരിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വെടിയുതിർത്ത ശേഷം അക്രമി സ്വയം നിറയൊഴിക്കുകയായിരുന്നു.

ആക്രമണം നടക്കുന്ന സമയത്ത് ആയിരം കുട്ടികളും 80 ജീവനക്കാരുമായിരുന്നു സ്‌കൂളിൽ ഉണ്ടായിരുന്നത്. സുരക്ഷാ ജീവനക്കാരനെ കൊന്ന ശേഷം അക്രമി ഗേറ്റിലൂടെ സ്‌കൂളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം നടന്ന് അൽപ സമയത്തിനകം തന്നെ സ്‌കൂളിലെ മറ്റാളുകളെ മുഴുവൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Advertising
Advertising

സമീപ വർഷങ്ങളിൽ റഷ്യയെ പിടിച്ചുകുലുക്കിയ സ്‌കൂൾ വെടിവയ്പ്പുകളിൽ ഒന്നാണ് ഇന്നുണ്ടായത്. ആക്രമണത്തെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ അപലപിച്ചു. 'മനുഷ്യത്വ രഹിതമായ ആക്രമണം' എന്നാണ് അദ്ദേഹം ആക്രമണത്തെ വിശേഷിപ്പിച്ചത്. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയുടെ വീട് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഏകദേശം 630,000ത്തേളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരമാണ് ഈഷവ്ക്. കഴിഞ്ഞ ഏപ്രിലില്‍ റഷ്യയിൽ തന്നെ മറ്റൊരു സ്‌കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർഥികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടിരുന്നു. വെടിവെച്ചയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

2021 വരെ റഷ്യയിലെ സ്‌കൂളുകളിലും കോളേജുകളിലും വെടിവെപ്പുകൾ അപൂർവമായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ 2021 സെപ്തംബറിൽ കറുത്ത വസ്ത്രവും ഹെൽമറ്റും ധരിച്ച് ഒരു വിദ്യാർഥി റഷ്യയിലെ ഒരു പ്രമുഖ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് 2022 മെയിലായിരുന്നു 19 കാരൻ തന്റെ സ്‌കൂളിൽ വെച്ച് ഒമ്പത് പേരെ വെടിവെച്ചു കൊന്നത്.

ഈ സംഭവം നടക്കുന്നത് വരെ 18 വയസായ ഒരാൾക്ക് തോക്ക് കൈവശം വെക്കാനുള്ള ലൈസൻസിന് അപേക്ഷിക്കാമായിരുന്നു. എന്നാൽ ആക്രമണത്തിന് ശേഷം തോക്കിനുള്ള ലൈസൻസ് ലഭിക്കാനുള്ള പ്രായം 18ൽ നിന്ന് 21ആയി ഉയർത്തുകയും മറ്റു നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയുമായിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News