ലോസ്റെ ആഞ്ചലസ്: കാർപറ്റിൻ്റെ തിളക്കവും ലോക പ്രശസ്ത ഗായകരുടെ പ്രകടനങ്ങളുംകൊണ്ട് പ്രശസ്തമായ ഗ്രാമി അവാർഡുകൾ ഇത്തവണ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. 68-ാമത് ഗ്രാമി അവാർഡ് വേദി മുൻ വർഷങ്ങളെ അപേക്ഷിച്ച് രാഷട്രീയ സന്ദേശങ്ങൾ ഉയർത്തി പിടിച്ച ചടങ്ങായിരുന്നു.
അവാർഡ് സ്വീകരിക്കാൻ വേദിയിലെത്തിയ നിരവധി താരങ്ങൾ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനേയും അദ്ദേഹത്തിൻ്റെ കുടിയേറ്റ നിയന്ത്രണ നിയമങ്ങളേയും വിമർശിച്ചു. പ്രത്യേകിച്ച് കുടിയേറ്റ ഏജൻസിയായ ഐസിഇ (Immigration and Customs Enforcement)യുടെ നടപടികൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് ചടങ്ങിൽ ഉയർന്നത്.
ചടങ്ങിൻ്റെ അവതാരകനായ ട്രെവർ നോഹ ട്രംപിനെ പരിഹസിച്ച് നടത്തിയ പരാമർശങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രംപിനേയും അന്തരിച്ച ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനെയും ബന്ധിപ്പിച്ചായിരുന്നു കൊമേഡിയനായ ട്രെവർ നോഹയുടെ പരാമർശം. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ട്രെവർ നോഹ പിന്നീട് അമേരിക്കയിലേക്ക് കുടിയേറി ആഗോള തലത്തിൽ ശ്രദ്ധ നേടിയ അവതാരകനാണ്.
കഴിഞ്ഞ മാസം മിനസോട്ടയിലെ മിനിയാപൊളിസിൽ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് പേർ കൊല്ലപ്പെട്ട സംഭവം അമേരിക്കയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, അമേരിക്കൻ നഗരങ്ങളിൽ ഭരണകൂടം നടത്തുന്ന ആക്രമാസക്തമായ നിയമപാലന രീതികളെ ഗ്രാമി ജേതാക്കൾ പ്രസംഗങ്ങളിലൂടെ അപലപിച്ചു. യുഎസിലെ കുടിയേറ്റ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പലരുടെയും വാക്കുകൾ.
ചടങ്ങിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം താരങ്ങളും "ഐസിഇ ഔട്ട്" എന്ന് രേഖപ്പെടുത്തിയ വട്ടത്തിലുള്ള വെളുത്ത പിന്നുകൾ ധരിച്ചാണ് എത്തിയത്. ജസ്റ്റിൻ ബീബർ, ജോണി മിച്ചൽ, കാരൾ കിംഗ് തുടങ്ങി നിരവധിയാളുകൾ ഈ പ്രതിഷേധത്തിൽ പങ്കുചേർന്നു. കഴിഞ്ഞ മാസം നടന്ന ഗോൾഡൻ ഗ്ലോബ് അവാർഡ് ചടങ്ങിലും സമാനമായ രീതിയിൽ താരങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു.
ബാഡ് ബണ്ണി
പ്യൂർട്ടോ റീക്കോ ഗായകനായ ബാഡ് ബണ്ണി മൂന്ന് പുരസ്കാരങ്ങൾ ഇത്തവണ സ്വന്തമാക്കി. Debí Tirar Más Foto എന്ന ആൽബത്തിനാണ് അദ്ദേഹം ആൽബം ഓഫ് ദി ഇയർ അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. ഗ്രാമി പുരസ്കാര ചടങ്ങിൽ ഈ പുരസ്കാരം കൈവരിയിക്കുന്ന അദ്യ ലാറ്റിൻ ഗായകൻ എന്ന ചരിത്രമാണ് അദ്ദേഹം ഇതിലൂടെ സ്വന്തമാക്കിയത്.
പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് "ഐസിഇ ഔട്ട്" എന്ന് അദ്ദേഹം പ്രഖ്യാപിച്ചത് കാണികൾ വലിയ കയ്യടികളോടെയാണ് സ്വീകരിച്ചത്. കുടിയേറി വന്ന ജനങ്ങൾ അന്യഗ്രഹ ജീവികളല്ല മനുഷ്യരാണെന്നും, വിദ്വേഷം കൊണ്ട് വിദ്വേഷം മാത്രമേ വളരൂ എന്നും പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സ്വപ്നങ്ങൾ പിന്തുടരാൻ സ്വന്തം ജന്മ രാജ്യം ഉപേക്ഷിക്കേണ്ടി വന്നവർക്ക് വേണ്ടി പുരസ്കാരം സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബില്ലി ഐലിഷ്
പോപ് താരമായ ബില്ലി ഐലിഷും സഹോദരൻ ഫിനിയാസും ചേർന്ന് വൈൽഡ് ഫ്ലവർ എന്ന ഗാനത്തിലൂടെ സോങ് ഓഫ് ദി ഇയർ പുരസ്കാരം നേടി. ഇതോടെ ഈ അവാർഡ് മൂന്നു തവണ നേടുന്ന ആദ്യത്തെ വ്യക്തികളായി ഇരുവരും മാറി.
"കവർന്നെടുത്ത ഭൂമിയിൽ ആരും തന്നെ നിയമവിരുദ്ധരല്ല" എന്ന ശക്തമായ പ്രസ്താവനയോടെയാണ് പുരസ്കാരം ഏറ്റുവാങ്ങിയുള്ള പ്രസംഗത്തിന് ബില്ലി തുടക്കം കുറിച്ചത്. ഈ മുറിയിലുള്ളവരിൽ തനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്, നമ്മൾ പോരാട്ടവും പ്രതിഷേധവും തുടർന്നു കൊണ്ടേയിരിക്കണമെന്നാണ് തനിക്ക് തോന്നുന്നതെന്നും ബില്ലിയുടെ പ്രസംഗത്തിൽ പറയുന്നു. നമ്മുടെ ശബ്ദത്തിനും വിലയുണ്ട്, അതേപോലെ ജനതയ്ക്കും എന്നു പറഞ്ഞാണ് പ്രസംഗമവസാനിപ്പിച്ചത്.
ഒലിവിയ ഡീൻ
ബെസ്റ്റ് ന്യൂ അർട്ടിസ്റ്റിനുള്ള പുരസ്കാരം ഏറ്റു വാങ്ങിയ ബ്രിട്ടീഷ് ഗായിക ഒലിവിയ ഡീൻ കുടിയേറ്റ ജനങ്ങൾക്ക് വേണ്ടിയാണ് തൻ്റെ പ്രസംഗത്തിൽ ശബ്ദമുയർത്തിയത്. "ഞാൻ ഒരു കുടിയേറ്റക്കാരൻ്റെ കൊച്ചുമകളാണ്. ധീരതയുടെ ഫലമാണ് ഞാൻ. അത്തരക്കാർ ആഘോഷിക്കപ്പെണ്ടവരാണ്" എന്ന് ഡീൻ വികാരനിർഭരമായ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ശബ്ദമുയർത്തിയ മറ്റു താരങ്ങൾ
ആർ & ബി ഗായിക കെഹലാനി മികച്ച ആർ & ബി ഗാനത്തിനും പെർഫോമൻസിനുമുള്ള പുരസ്കാരം ഏറ്റുവാങ്ങി. കെഹലാനി തൻ്റെ പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും ഐസിഇയെ വിമർശിച്ചു. "നമ്മൾ കലാകാരന്മാർ ഒന്നിച്ചുനിന്ന് അനീതിക്കെതിരെ പോരാടണം" എന്ന് കെഹലാനി ആവശ്യപ്പെട്ടു.
നൈജീരിയൻ കുടിയേറ്റ കുടുംബത്തിൽ ജനിച്ച ഗായകൻ ശബൂസി തൻ്റെ ആദ്യ പുരസ്കാരം കുടിയേറ്റക്കാരുടെ മക്കൾക്കായി സമർപ്പിച്ചു. "കുടിയേറ്റക്കാരാണ് ഈ രാജ്യത്തെ പണിതെടുത്തത്. മെച്ചപ്പെട്ട അവസരങ്ങൾ തേടി ഈ നാടിലേക്ക് വന്നവർക്കാണ് ഈ പുരസ്കാരം. നിങ്ങളുടെ സംസ്കാരം, സംഗീതം, കഥകൾ, ആചാരങ്ങൾ അതാണ് അമേരിക്കക്ക് അതിൻ്റെ നിറം നൽക്കുന്നത്". "ആമേൻ" എന്ന തൻ്റെ ഗാനത്തിന് മികച്ച കൻട്രീ ഗ്രൂപ് ഗാന വിഭാഗത്തിൽ ലഭിച്ച പുരസ്കാരം സ്വീകരിച്ച് കൊണ്ട് ശബൂസി പറഞ്ഞു.
ക്യൂബയിൽ ജനിച്ച ഗായിക ഗ്ലോറിയ എസ്റ്റഫാൻ അമേരിക്കയിൽ നടക്കുന്ന മാറ്റങ്ങൾ ആശങ്ക ജനകമാണെന്ന് അഭിപ്രായപ്പെട്ടു. "കുടിയേറ്റക്കാരെ കുറ്റവാളികളായി കാണുന്നത് ശരിയല്ല, അവർ രാജ്യത്തിന് നൽകിയ സംഭാവനകൾ അംഗീകരിക്കണം" എന്ന് ഗ്ലോറിയ തന്റെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. സംഗീതം മനുഷ്യരെ ഒന്നിപ്പിക്കുന്ന ശക്തിയാണെന്നും സാമൂഹിക നീതി ഉറപ്പാക്കുന്നതിൽ കലാകാരന്മാർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് 68-ാമത് ഗ്രാമി അവാർഡ് വേദി സമാപിച്ചത്.