വയസ് 24, ശമ്പളം 3.2 കോടി, നിലവിലെ ആസ്തി 700,000 ഡോളര്‍; ജോലിക്ക് പോകാൻ താൽപര്യമില്ലെന്ന് മെറ്റ ജീവനക്കാരൻ, കാരണമിതാണ്...
ഒരു വ്യക്തിയുടെ ആസ്തി 1 മില്യൺ ഡോളറിലെത്തിയാൽ അത് ഭ്രാന്തുപോലെയാകും എന്നത് ശരിയാണോ എന്ന് മെറ്റാ ജീവനക്കാരൻ ചോദിക്കുന്നു
Representation Image
മുംബൈ: ജോലിയിലെ മടുപ്പ് സാധാരണമാണ്...അത്യാവശ്യത്തിന് ശമ്പളമില്ലാത്തതും അംഗീകാരമില്ലാത്തതുമായിരിക്കും ഭൂരിഭാഗം പേര്‍ക്കും ജോലി മടുക്കാനുള്ള കാരണം. അതുമല്ലെങ്കിൽ ജോലിയിലെ സമ്മര്‍ദവും. എന്നാൽ മികച്ച ശമ്പളവും ആനുകൂല്യങ്ങളും ഉണ്ടായിട്ടും ജോലി ഉപേക്ഷിക്കുകയാണെന്ന ഒരു മെറ്റ ജീവനക്കാരന്‍റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചര്‍ച്ചയായിരിക്കുന്നത്.
ജീവനക്കാര്‍ അവരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി രൂപീകരിച്ച പ്രൊഫഷണൽ നെറ്റ്‌വർക്കിങ് ആപ്പായ ബ്ലൈൻഡിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 24കാരനായ യുവാവാണ് ജോലിക്ക് പോകാൻ താൽപര്യമില്ലെന്നും അതിൽ തന്നെ പ്രചോദിപ്പിക്കുന്നത് ഒന്നുമില്ലെന്നും വ്യക്തമാക്കിയിരിക്കുന്നത്. "എനിക്ക് 24 വയസുണ്ട്. നിലവിലെ ആസ്തി 700,000 ഡോളറാണ്. ചെറുപ്പത്തിൽ തന്നെ ഇത് ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്'' എന്ന് മെറ്റ ജീവനക്കാരൻ സമ്മതിക്കുന്നുണ്ട്. അതേസമയം ജോലി വിടാൻ ആഗ്രഹിക്കുന്നതായും യുവാവ് വ്യക്തമാക്കുന്നു.
ബ്ലൈൻഡ് എന്നത് ഒരു അജ്ഞാത പ്രൊഫഷണൽ കമ്മ്യൂണിറ്റിയാണ്. അവിടെ വെരിഫൈഡ് ജീവനക്കാർക്ക് അവരുടെ കരിയറിലെയും ജീവിതത്തിലെയും പ്രശ്നങ്ങൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ആപ്പിൽ പങ്കുവയ്ക്കാം. രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾ യഥാർഥത്തിൽ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെന്ന് അവരുടെ വർക്ക് ഇമെയിൽ വഴി ആപ്പ് സ്ഥിരീകരിക്കുന്നു.
വിരമിക്കുന്നതിന് മുൻപ് തന്‍റെ ആസ്തി മൂന്ന് മില്യൺ ഡോളറാക്കുകയാണ് ലക്ഷ്യമെന്നും ഓരോ ഡോളറും ലാഭിക്കാൻ പാടുപെടുകയാണെന്നും യുവാവ് പറയുന്നു. ഒരു വ്യക്തിയുടെ ആസ്തി 1 മില്യൺ ഡോളറിലെത്തിയാൽ അത് ഭ്രാന്തുപോലെയാകും എന്നത് ശരിയാണോ എന്ന് മെറ്റാ ജീവനക്കാരൻ ചോദിക്കുന്നു. ''എനിക്കീ ജോലി ഒട്ടും ഇഷ്ടമില്ല. എല്ലാ ദിവസവും ജോലിക്കാൻ പോകാൻ പറ്റുന്ന വിധത്തിൽ ഒന്നും അവിടെയില്ല. ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ എന്‍റെ കുടുംബത്തിന് പണം ആവശ്യമാണ്. അതുകൊണ്ട് ജോലി ഉപേക്ഷിക്കാനും പറ്റാത്ത സാഹചര്യമാണ്'' അദ്ദേഹം വിശദീകരിക്കുന്നു.
നിരവധി പേരാണ് ഇതിനോട് പ്രതികരിച്ചത്. താങ്കൾ യുവാവാണെന്നും ആരോഗ്യമുള്ള സമയമാണെന്നും നന്നായി ജോലി ചെയ്യുകയാണ് വേണ്ടതെന്നും ഒരു ഉപയോക്താവ് ഉപദേശിച്ചു. ജീവിതം ആസ്വദിക്കാനുള്ള വഴികൾ ഇപ്പോൾ കണ്ടെത്തണമെന്നാണ് 24കാരൻ പറയുന്നതെന്ന് ഒരാൾ ചൂണ്ടിക്കാട്ടി. എന്നാൽ നിങ്ങൾ മാത്രമല്ല, കഴിഞ്ഞ 10 വർഷമായി ഞാൻ ജോലി ചെയ്തിട്ടുള്ള മിക്ക ആളുകളും അവരുടെ ജോലിയെ വെറുക്കുന്നുവെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.