കോവിഡ് വ്യാപനത്തിന് മുമ്പേ വുഹാന്‍ ലാബിലെ മൂന്ന് ഗവേഷകര്‍ ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ട്

2019 നവംബറിലാണ് ഗവേഷകര്‍ ചികിത്സ തേടിയത്

Update: 2021-05-24 07:40 GMT
Editor : Jaisy Thomas | By : Web Desk

കോവിഡ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന് മുമ്പേ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 നവംബറിലാണ് ഗവേഷകര്‍ ചികിത്സ തേടിയത്.

രോഗബാധിതരായ ഗവേഷകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്‍റെ വിവരങ്ങള്‍ തുടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന അടുത്ത ഘട്ടം അന്വേഷണത്തെക്കുറിച്ച് ആലോചിക്കാനുള്ള യോഗം നടക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ദേശീയ സുരക്ഷ കൌണ്‍സില്‍ വക്താവ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ കോവിഡിന്‍റെ തുടക്കം മുതല്‍ തന്നെ ബൈഡന്‍ ഭരണകൂടത്തിന് ചൈനക്കെതിരെ നിരവധി സംശയങ്ങളുണ്ടായിരുന്നുവെന്ന് വക്താവ് വ്യക്തമാക്കി. കോവിഡിന്‍റെ ഉറവിടത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ലോകാരോഗ്യസംഘടനയുടെ പഠനത്തെ സംബന്ധിക്കുന്ന പ്രസ്താവനകള്‍ ഒന്നും നടത്തുന്നില്ലെന്നും നിലവില്‍ അന്വേഷണവുമായി സഹകരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

കോവിഡിന്‍റെ ഉറവിടത്തെക്കുറിച്ച ലോകാരോഗ്യ സംഘടന നടത്തുന്ന പഠനത്തില്‍ നോര്‍വെ, കാനഡ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊവിഡ് വൈറസ് ചൈന വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്തയെ അനുകൂലിക്കുന്ന തരത്തില്‍ കൊവിഡിനെ ചൈനീസ് വൈറസ് എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. പകര്‍ച്ചവ്യാധിയെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ട്രംപിന്‍റെ നടപടിയെ ചൈനയും ശക്തമായി വിമര്‍ശിച്ചിരുന്നു.

കോവിഡിന്‍റെ പ്രഭവകേന്ദ്രം വുഹാനിലെ വൈറോളജി ലാബില്‍ നിന്നല്ലെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. വവ്വാലുകളില്‍നിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു വൈറസ് പകരുന്നതിനാണ് ഏറ്റവും സാധ്യതയെന്നാണ് ലോകാരോഗ്യ സംഘടന ചൈനയുമായി നടത്തിയ സംയുക്ത പഠനത്തില്‍ വ്യക്തമാക്കിയത്. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News