Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
സൈന്യത്തിന്റെ സുരക്ഷിതത്വത്തേക്കാള്‍ സമാധാനത്തിന്റെ മുദ്ര പതിഞ്ഞ രാജ്യങ്ങളുണ്ട് ലോകത്ത്. ഏതൊരു സ്വതന്ത്ര രാഷ്ട്രത്തിന്റെയും സുരക്ഷക്ക് സൈന്യം വേണമെന്ന സങ്കല്‍പം പൊളിച്ചെഴുതുന്ന രാജ്യങ്ങള്‍. ഈ രാജ്യങ്ങൾ എങ്ങനെയാണ് തങ്ങളുടെ പൗരന്മാരെ സുരക്ഷിതരായി നിർത്തുന്നത്?. ഉയർന്ന പ്രതിരോധ ബജറ്റ് ഇല്ലാതെ തന്നെ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളായി തുടരുന്ന, എന്നാൽ വ്യത്യസ്തമായ സുരക്ഷാ തന്ത്രങ്ങൾ അവലംബിക്കുന്ന അഞ്ച് രാജ്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
സിംഗപ്പൂർ
ഒരു ദ്വീപ് നഗരപദവും തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യവുമാണ് സിംഗപ്പൂർ. സിംഗപ്പൂർ പ്രതിരോധത്തിനായി പ്രതിവർഷം ഏകദേശം $11.5 ബില്യൺ ഡോളർ ചെലവഴിക്കുന്നു (ജി.ഡി.പി.യുടെ 2.8%). കുറഞ്ഞ കുറ്റകൃത്യ നിരക്കിന് പേരുകേട്ട ഈ രാജ്യം, ശക്തമായ സുരക്ഷാ ശൃംഖലയെയും കർശനമായ നിരീക്ഷണ നടപടികളെയും ആശ്രയിക്കുന്നു.
ന്യൂസിലൻഡ്
ഒരു ദ്വീപ് രാഷ്ട്രമാണ് ന്യൂസിലൻഡ്. പ്രധാനമായും വടക്കേ ദ്വീപും തെക്കേ ദ്വീപും കൂടാതെ സ്റ്റീവാർട്ട് ദ്വീപ്, ചാത്തം ദ്വീപുകൾ തുടങ്ങിയ ഒട്ടനവധി ചെറുദ്വീപുകളും ചേർന്നതാണ് ഈ രാജ്യം. പ്രതിരോധത്തിനായി ഏകദേശം $3.9 ബില്യൺ ഡോളർ (ജി.ഡി.പി.യുടെ 1% ൽ താഴെ) ചെലവഴിക്കുന്നു. രാജ്യത്തിൻ്റെ ഒറ്റപ്പെട്ട ഭൂമിശാസ്ത്രവും കര അതിർത്തികളുടെ അഭാവവും പ്രകൃതിദത്തമായ സുരക്ഷ നൽകുന്നു. സുതാര്യമായ ഭരണവും ശക്തമായ നീതിന്യായ വ്യവസ്ഥയും പ്രതിരോധ ചെലവുകൾ കുറയ്ക്കാൻ സഹായിക്കുന്നു.
ഓസ്ട്രിയ
മധ്യയൂറോപ്പിൽ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ് ഓസ്ട്രിയ. വാർഷിക പ്രതിരോധ ബജറ്റ് വെറും $3.4 ബില്യൺ ഡോളറാണ്. രാജ്യത്തിൻ്റെ ദീർഘകാലമായുള്ള നിഷ്പക്ഷതാ നയമാണ് പ്രധാന സുരക്ഷാ ഘടകം. ഇതിനൊപ്പം കർശനമായ അതിർത്തി നിയന്ത്രണങ്ങളും അവർ പാലിക്കുന്നു.
അയർലൻഡ്
വടക്കു പറിഞ്ഞാറൻ യൂറോപ്പിൽ അയർലന്റ് ദ്വീപിന്റെ 85 ശതമാനത്തോളം ഭൂവിഭാഗം ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര രാജ്യമാണ് അയർലൻഡ് എന്ന് അറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് അയർലൻഡ്. വലിപ്പം കൊണ്ട് ചെറിയ രാജ്യമായ അയർലണ്ട് യൂറോപ്യൻ യൂണിയനിലെ ഒരു അംഗ രാജ്യം കൂടിയാണ്. പ്രതിരോധ ചെലവ് ഏകദേശം $1.3 ബില്യൺ ഡോളർ (ജി.ഡി.പി.യുടെ 0.3% മാത്രം). നിഷ്പക്ഷതയുടെ ഉറച്ച നയവും സൈനിക സഖ്യങ്ങളില്ലാത്തതുമായ അയർലൻഡ്, ശക്തവും കാര്യക്ഷമവുമായ പൊലീസ് സേനയുടെ പിന്തുണയോടെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി തുടരുന്നു.
ഐസ്‌ലാൻഡ്
വടക്കന്‍ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ഐസ്‍ലാന്‍ഡ്. ലോകത്തെ ഏറ്റവും അധികം വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യം കൂടിയാണിത്. കുറഞ്ഞ ജനസംഖ്യയുള്ള ഇവിടെ യുദ്ധം, കലാപം എന്നിവ കണികാണാന്‍ കിട്ടില്ല. ലോകത്ത് ഏറ്റവും സന്തോഷവാന്‍മാരായ ജനങ്ങളുടെ കൂട്ടായ്മ കൂടിയാണ് ഇവിടം. 1869 മുതല്‍ ഈ രാജ്യത്ത് സൈന്യമില്ല. നാറ്റോയില്‍ അംഗമായ ഐസ്‍ലാന്‍ഡിന് അമേരിക്കയുമായി പ്രതിരോധത്തില്‍ പേരിനൊരു കരാറുണ്ടെന്ന് മാത്രം. സ്ഥിരമായ സൈന്യമില്ലാത്ത ഈ രാജ്യത്തിൻ്റെ മൊത്തം പ്രതിരോധ ബജറ്റ് $40 മില്യൺ ഡോളർ മാത്രമാണ്. ദ്വീപിൻ്റെ വിദൂര സ്ഥാനവും മഞ്ഞുമൂടിയ ഭൂപ്രകൃതിയും അതിനെ അന്താരാഷ്ട്ര സംഘർഷങ്ങളിൽ നിന്ന് ഏറെക്കുറെ അകറ്റി നിർത്തുന്നു.