ജര്‍മനിയില്‍ ചര്‍ച്ചില്‍ വെടിവെപ്പ്: 7 പേര്‍ കൊല്ലപ്പെട്ടു
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഒരു വ്യക്തിയാണ് അക്രമം നടത്തിയത്
ഹാംബർഗ്: ജര്‍മനിയിലെ ഹാംബർഗില്‍ യഹോവ സാക്ഷികളുടെ പള്ളിയിൽ നടന്ന വെടിവെപ്പിൽ നിരവധി പേര്‍ കൊല്ലപ്പെട്ടു. എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഏഴു പേര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമിയും കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ആക്രമണത്തിന്‍റെ കാരണം ഇപ്പോള്‍ വ്യക്തമല്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു. വെടിയൊച്ചയ്ക്ക് പിന്നാലെ ദുരന്ത മുന്നറിയിപ്പ് നല്‍കുന്ന ആപ്പിലൂടെ അപായ മുന്നറിയിപ്പ് നല്‍കി. വീടിനുള്ളിൽ തന്നെ തുടരാൻ പ്രദേശവാസികളോട് പൊലീസ് ആവശ്യപ്പെട്ടു. പ്രതിവാര ബൈബിള്‍ പഠനത്തിനായി ആളുകള്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പോർട്ട് സിറ്റി മേയർ പീറ്റർ ചെൻഷർ വെടിവെപ്പില്‍ ഞെട്ടൽ രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു.
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഒരു വ്യക്തിയാണ് അക്രമം നടത്തിയത്. അക്രമി വെടിവെപ്പിനു ശേഷം സംഭവ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടതിനു തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അക്രമിയും സംഭവ സ്ഥലത്ത് കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്നാണ് പൊലീസിന്‍റെ നിഗമനം. ജര്‍മനിയില്‍ 1,75,000 പേരാണ് യഹോവയുടെ സാക്ഷികള്‍ എന്ന വിഭാഗത്തിലുള്ളത്. ഹാംബർഗില്‍ 3800 പേരുണ്ട്.
Summary- Several people have been killed in a shooting at a Jehovah's Witness centre in Hamburg, with the gunman believed to be among the dead, German police said