'പാക് ഇൻ്റലിജന്‍സിന് അതുപോലും കണ്ടെത്താനായില്ലേ?'; പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തത് വ്യാജ പീസാ ഹട്ട്, വ്യാപക വിമര്‍ശനം
പീസാ ഹട്ടിൻ്റെ അതേ നിറങ്ങളും ലോഗോയും ഉപയോഗിച്ചുള്ള കടയാണ് സിയാല്‍ക്കോട്ടില്‍ മന്ത്രി ഉദ്ഘാടനം ചെയ്തത്
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സിയാല്‍ക്കോട്ടില്‍ വ്യാജ പീസാ ഹട്ട് ഉദ്ഘാടനം ചെയ്ത് പുലിവാലു പിടിച്ചിരിക്കുകയാണ് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാല്‍കോട്ട് കൻ്റോണ്‍മെന്റ് ഏരിയയില്‍ ഖ്വാജ ആസിഫ് റിബ്ബണ്‍ മുറിച്ച് പീസ ഹട്ട് ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ, ഉദ്ഘാടനം ചെയ്തത് വ്യാജ സ്ഥാപനമാണെന്ന് ചൂണ്ടിക്കാട്ടി യഥാര്‍ഥ പീസാ ഹട്ട് രംഗത്തെത്തുകയായിരുന്നു.
പീസാ ഹട്ടിൻ്റെ അതേ നിറങ്ങളും ലോഗോയും ഉപയോഗിച്ചുള്ള കടയാണ് സിയാല്‍ക്കോട്ടില്‍ മന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ ഒറിജിനല്‍ പീസാ ഹട്ട് സമൂഹമാധ്യമത്തില്‍ പ്രസ്താവനയിറക്കി. 'സിയാല്‍ക്കോട്ടില്‍ തുറന്നത് വ്യാജ പീസാ ഹട്ടാണ്. ഞങ്ങളുമായി ബന്ധമില്ല. ബ്രാന്‍ഡ് നെയിമും ലോഗോയും അനുമതിയില്ലാതെ ഉപയോഗിക്കുകയാണ്. ട്രേഡ്മാര്‍ക്ക് അനുമതിയില്ലാതെ ഉപയോഗിച്ചതില്‍ പരാതി നല്‍കും' -പീസാ ഹട്ട് വ്യക്തമാക്കി.
സംഭവത്തിനു പിന്നാലെ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനെതിരെയും വിമര്‍ശനമുയര്‍ന്നു. ഉന്നത പദവിയിലിരിക്കുന്ന ഒരാള്‍ എന്തിനാണ് ഒരു പീസാ കടയുടെ ഉദ്ഘാടനത്തിന് പോയത് എന്നാണ് ഉയരുന്ന ചോദ്യം. ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന പീസാ ഹട്ട് യഥാര്‍ഥമാണോ വ്യാജനാണോയെന്നു പോലും പാക് ഇന്റലിജന്‍സിന് അന്വേഷിച്ച് കണ്ടെത്താന്‍ സാധിച്ചില്ലേയെന്നും പലരും പരിഹസിക്കുന്നു.