മോദി ഗംഭീര നേതാവാണെന്ന് ട്രംപ്; 'ഇന്ത്യയുമായി നല്ലൊരു വ്യാപാര കരാറുണ്ടാക്കും'

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഗസ്റ്റില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ നിലച്ചത്

Update: 2026-01-21 17:19 GMT

നരേന്ദ്ര മോദിയും ഡോണള്‍ഡ് ട്രംപും (ഫയല്‍ ചിത്രം)

ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ഇന്ത്യയുമായി വ്യാപാര കരാറിലെത്തുമെന്ന പ്രതീക്ഷ പങ്കുവച്ചും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മോദിയെ ഗംഭീര നേതാവെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യയുമായി നല്ലൊരു വ്യാപാര കരാറില്‍ എത്തുമെന്നും സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ ട്രംപ് പറഞ്ഞു. 

'പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഭീര നേതാവാണ്. എനിക്ക് അദ്ദേഹത്തോട് ഏറെ ബഹുമാനമുണ്ട്. ഇന്ത്യയും യുഎസും ഇരുപക്ഷത്തിനും ഗുണപരമായ ഒരു വ്യാപാര കരാറിലെത്തും' -ട്രംപ് പറഞ്ഞു.

Advertising
Advertising

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഗസ്റ്റില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ നിലച്ചത്. പിന്നീട് പല തവണ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ശ്രമം നടന്നെങ്കിലും പൂര്‍ണതയിലെത്തിയില്ല. വ്യാപാര കരാറിനെക്കുറിച്ച് ഇരുപക്ഷവും ഗൗരവത്തോടെ ആലോചിക്കുകയാണെന്നും കരാര്‍ അന്തിമമാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

അതേസമയം, ഇന്ത്യ-പാക് യുദ്ധം ഉള്‍പ്പെടെ നിരവധി യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് ഒഴിവാക്കിയെന്ന വാദം ദാവോസിലും ട്രംപ് ആവര്‍ത്തിച്ചു. തന്‌റെ ഇടപെടല്‍ ആയിരക്കണക്കിന് ജീവനുകളാണ് രക്ഷിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ ഉറപ്പിച്ചു പറയുന്നതിനിടെയാണ് വീണ്ടും വീണ്ടും ട്രംപിന്റെ അവകാശവാദം. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News