ഹിറ്റ്ലറുടെ വാച്ച് ലേലത്തില്‍ പോയത് 8.69 കോടി രൂപയ്ക്ക്

ലേലത്തിന്‍റെ ലക്ഷ്യം ചരിത്രം കാത്തുസൂക്ഷിക്കുക എന്നതാണെന്ന് കമ്പനി

Update: 2022-08-01 05:12 GMT

അഡോൾഫ് ഹിറ്റ്‌ലറിന്‍റേതെന്ന് കരുതുന്ന ഹ്യൂബർ വാച്ച് 1.1 മില്യണ്‍ ഡോറിന് (8.69 കോടി രൂപ) ലേത്തില്‍ വിറ്റു. ആരാണ് വാച്ച് ലേലത്തില്‍ സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

അമേരിക്കയിലെ അലക്സാണ്ടർ ഹിസ്റ്റോറിക്കൽ ഓക്‌ഷൻസാണ് വാച്ച് ലേലത്തിന് വെച്ചത്. പേരു വെളിപ്പെടുത്താത്ത വ്യക്തി സ്വസ്തിക് ചിഹ്നവും എഎച്ച് എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും കൊത്തിയ വാച്ച് ലേലത്തില്‍ സ്വന്തമാക്കുകയായിരുന്നു.

1933 ഏപ്രിൽ 20ന് ഹിറ്റ്‌ലറുടെ 44-ാം ജന്മദിനത്തിൽ സമ്മാനമായി ലഭിച്ച വാച്ചാണിത്. വാച്ചിൽ മൂന്ന് തിയ്യതികളുണ്ട് - ഹിറ്റ്‌ലറുടെ ജനന തിയ്യതി, ചാൻസലറായ തിയ്യതി, 1933 മാർച്ചിൽ നാസി പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിച്ച ദിവസം. 1945ല്‍ ഫ്രഞ്ച് സൈനികര്‍ ഈ വാച്ച് സ്വന്തമാക്കിയെന്നും പല തലമുറകളായി കൈമാറി വന്നുവെന്നും ഓക്ഷന്‍ കമ്പനി അവകാശപ്പെട്ടു.

Advertising
Advertising

1933 മുതൽ 45 വരെ ജര്‍മനിയുടെ ചാന്‍സലറായിരുന്നു ഹിറ്റ്ലര്‍. ഹിറ്റ്ലറുടെ കാലത്ത് 11 മില്യണ്‍ പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിപക്ഷവും ജൂതന്മാരായിരുന്നു. വാച്ചിന്റെ ലേലത്തെ ജൂത നേതാക്കൾ അപലപിച്ചു. ലേലം വെറുപ്പുളവാക്കുന്നതാണെന്ന് അവര്‍ വിശേഷിപ്പിച്ചു. ഈ ഇടപാട് നാസി പാർട്ടി എന്തിനുവേണ്ടി നിലകൊണ്ടോ അതിനെ പിന്തുടരുന്നവര്‍ക്ക് ഉപകാരമായെന്നും അവര്‍ കുറ്റപ്പെടുത്തി.

അതേസമയം ലേലത്തിന്‍റെ ലക്ഷ്യം ചരിത്രം കാത്തുസൂക്ഷിക്കുക എന്നതാണെന്ന് ലേല സ്ഥാപനം പറഞ്ഞു- "ചരിത്രം നല്ലതോ ചീത്തയോ ആകട്ടെ, അത് സംരക്ഷിക്കപ്പെടണം. നിങ്ങൾ ചരിത്രം നശിപ്പിച്ചാൽ, അത് സംഭവിച്ചുവെന്നതിന് തെളിവില്ല"- ലേല കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് മിൻഡി ഗ്രീൻസ്റ്റീൻ പറഞ്ഞു.

Summary- A watch believed to have belonged to Nazi leader Adolf Hitler has been sold for $1.1 million at an auction in the United States

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News