ആശയവിനിമയ സംവിധാനങ്ങൾ തകർന്നു; അഫ്ഗാനില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരം

1000 പേര്‍ മരിച്ചു എന്നാണ് ഏകദേശ കണക്ക്

Update: 2022-06-24 02:25 GMT

കാബൂള്‍: തെക്കു കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരം. മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത. 1000 പേര്‍ മരിച്ചു എന്നാണ് ഏകദേശ കണക്ക്. ടവറുകള്‍ അടക്കമുള്ള ആശവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. കെട്ടിട്ടാവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങികിടക്കുന്നുണ്ട് എന്നതിലും വ്യക്തതയില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. പക്തിക പ്രവിശ്യയിലെ ഗയാര്‍, ബര്‍മാല്‍ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ഇവിടങ്ങളിലെ ഒട്ടുമിക്ക ഗ്രാമങ്ങളും മണ്ണിനടിയിലാണ്. മണ്ണുകൊണ്ട് നിര്‍മിച്ച വീടുകള്‍ പൂര്‍ണ്ണമായും ഇല്ലാതായി. ദുഷ്കരമായ ഭൂപ്രകൃതിയും കഴിഞ്ഞ ദിവസങ്ങളിലെ മഴയും മൂലം രക്ഷപ്രവര്‍ത്തകര്‍ക്ക് ദുരിതബാധിത പ്രദേശങ്ങളില്‍ എത്താന്‍ പോലും സാധിക്കുന്നില്ല. ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചതും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്.

Advertising
Advertising

ഇതുവരെ ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തിയെന്നാണ് ഔദ്യോഗിക കണക്ക്. 1500ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിനായി താലിബാന്‍ ഭരണകൂടം അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂണിയനും അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ മുന്‍കയ്യെടുക്കുന്നുണ്ട്.

റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 20 വര്‍ഷത്തിനിടെ അഫ്ഗാനിസ്ഥാനിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ്. പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപമുള്ള പക്തിക പ്രവിശ്യയാണ് പ്രഭവകേന്ദ്രം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News