കടുത്ത മദ്യപാനി; കുടി മാറ്റാനായി നായയെ ഡി അഡിക്ഷൻ സെന്ററിലാക്കി

മദ്യാസക്തി കുറക്കാനായി നാലാഴ്ചയോളം നായയെ മയക്കിക്കിടത്തി

Update: 2023-04-12 09:26 GMT
Editor : Lissy P | By : Web Desk

ബ്രിട്ടണ്‍: മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ അത് അറിഞ്ഞുകൊണ്ട് തന്നെയാണ് പലരും മദ്യപാനികളാകുന്നത്. രുചി അറിയാൻ കുടിച്ചുനോക്കി കടുത്ത മദ്യപാനികളാവുന്നവരും ഏറെയാണ്. മദ്യപാനത്തിൽ നിന്ന് മുക്തരാക്കാനാക്കാനും ആ ശീലം മാറ്റാനുമായി ഡിഅഡിക്ഷൻ സെന്ററുകളുണ്ട്. എന്നാൽ ഗ്രേറ്റ് ബ്രിട്ടണിൽ മദ്യപാനശീലം മാറ്റാനായി ഡി അഡിക്ഷൻ സെന്ററിലെത്തിയത് മനുഷ്യനായിരുന്നില്ല.ഒരു വളർത്തുനായയായിരുന്നു.

 രണ്ടുവയസുള്ള ലാബ്രഡോർ ക്രോസ് ഇനത്തിൽപ്പെട്ട കൊക്കോ എന്നുപേരുള്ള നായയെയാണ് ചികിത്സക്കായി എത്തിയത്. നായയുടെ ഉടമസ്ഥൻ ഉറങ്ങുന്നതിന് മുമ്പ് സ്ഥിരമായി മദ്യപിക്കുമായിരുന്നു. മദ്യപാനത്തിന് ശേഷം ഗ്ലാസിൽ മദ്യം ബാക്കി വെച്ച് അദ്ദേഹം ഉറങ്ങും. ബാക്കിവന്ന മദ്യം കുടിച്ചാണ് കോക്കോയും മറ്റൊരു നായയും മദ്യപാനശീലം തുടങ്ങുന്നത്. പിന്നീടത് സ്ഥിരമായി മാറി. എന്നാല്‍ ഉടമസ്ഥൻ പെട്ടന്ന് മരിച്ചതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. അനാഥരായ രണ്ടുവളര്‍ത്തുനായയെയും ഡവോണിലെ പ്ലിംപ്ടണിലുള്ള വുഡ്സൈഡ് അനിമൽ റെസ്‌ക്യൂ ട്രസ്റ്റ്  ഏറ്റെടുത്തു. അവരാണ് നായ്കൾക്ക് മദ്യപാന ശീലമുണ്ടെന്ന് മനസിലാക്കിയത്.  മദ്യപാന ശീലം ഇരുവരുടെയും ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ടായിരുന്നു. അധികം വൈകാതെ കോക്കോയുടെ കൂടെയുണ്ടായിരുന്ന നായ ചത്തു.

Advertising
Advertising
Full View

തുടർന്നാണ് കൊക്കോയെ ഡിഅഡിക്ഷൻ സെന്ററിലാക്കിയത്. മദ്യാസക്തി കുറക്കാനായി നാലാഴ്ചയോളം നായയെ മയക്കിക്കിടത്തി. തുടർന്ന് നടത്തിയ ചികിത്സകള്‍ ഫലം ചെയ്തു. പഴയ ആരോഗ്യം വീണ്ടെടുത്തതായും വുഡ്സൈഡ് അനിമൽ റെസ്‌ക്യൂ ട്രസ്റ്റ് സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നിരുന്നാലും കൊക്കോക്ക് കൂടുതൽ പരിചരണം ആവശ്യമാണെന്നും ഇവർ പറയുന്നു. 'ഞങ്ങൾ കൊക്കോ ഇപ്പോൾ അപകടനില തരണം ചെയ്തു. കൂടാതെ കൊക്കോ എല്ലാ മരുന്നുകളും നിർത്തി, ഇപ്പോൾ ഒരു സാധാരണ നായയെപ്പോലെ പെരുമാറാൻ തുടങ്ങിയിരിക്കുന്നെന്നും അവർ സോഷ്യൽമീഡിയയിൽ കുറിച്ചു. ആരെങ്കിലും കൊക്കോയെ ദത്തെടുക്കാൻ തയ്യാറായി വന്നാൽ ആ നടപടിയിലേക്ക് കടക്കുമെന്നും ആനിമൽ ട്രസ്റ്റ് വ്യക്തമാക്കി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News