'നിരപരാധികളായ സ്ത്രീകളെയും എൽജിബിടിക്യു, ജൂത ന്യൂനപക്ഷങ്ങളെയും ഹമാസ് തൂക്കിക്കൊല്ലുന്നു'; ഇസ്രായേലിന്റെ അടുത്ത വ്യാജ പ്രചരണവും ചീറ്റി

ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് പേജാണ് വ്യാജ പ്രചരണവുമായി രം​ഗത്തെത്തിയത്.

Update: 2023-11-20 11:13 GMT

ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ ഇസ്രായേലിനെതിരെ പ്രതിഷേധം ശക്തമായി തുടരവെ പുതിയ വ്യാജ പ്രചരണം. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് പേജാണ് വ്യാജ പ്രചരണവുമായി രം​ഗത്തെത്തിയത്. 'നിരപരാധികളായ സ്ത്രീകൾ, എൽജിബിടിക്യു, ജൂതർ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിലെ ആളുകൾ എന്നിവരെ ഹമാസ് കൊല്ലുന്നു, ഇത്തരം ഭീകര സംഘടനകളെ ഇനിയും നിങ്ങൾക്ക് പിന്തുണയ്ക്കണോ' എന്നാണ് ഒരാളെ പൊതുവിടത്തിൽ തൂക്കിലേറ്റുന്ന വീഡിയോ പങ്കുവച്ചുള്ള ട്വീറ്റ്.

എന്നാൽ, ഇത് 2014ൽ ഇറാനിൽ നടത്തിയ വധശിക്ഷയുടെ ദൃശ്യങ്ങളാണെന്ന് ഫാക്ട് ചെക്ക് സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു. ഒമ്പത് വർഷം മുമ്പ് ഇറാനിൽ എട്ട് കിലോ ഹെറോയിൻ കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ടുള്ള വീഡിയോ ആണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം നുണ പ്രചാരണത്തിന് ഉപയോഗിച്ചത്. പ്രതിക്ക് വധശിക്ഷ വിധിക്കുന്ന ഈ വീഡിയോ അടക്കം ഇറാൻ വാർത്താ ഏജൻസിയായ മെഹ്ർ ന്യൂസ് വാർത്ത നൽകിയിരുന്നു.

Advertising
Advertising

ഇതാദ്യമായല്ല, ഇസ്രായേൽ ഹമാസിനെതിരെയുൾപ്പെടെ വ്യാജപ്രചരണവുമായി രംഗത്തെത്തുന്നത്. 40 കുട്ടികളെ ഹമാസ് കഴുത്തറുത്തു കൊന്നു എന്നതായിരുന്നു ഇതിൽ ആദ്യത്തേത്. ഇതേറ്റുപിടിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കം രം​ഗത്തെത്തിയെങ്കിലും പ്രചരണം തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെ പിന്നീട് വൈറ്റ് ഹൗസിന് തന്നെ തിരുത്തേണ്ടിവന്നിരുന്നു.

നിരവധി കുഞ്ഞുങ്ങളും രോ​ഗികളുമടക്കമുള്ള 500 പേർ കൊല്ലപ്പെടാനിടയായ ​ഗസ്സയിലെ അൽ അഹ്‌ലി അറബ് ആശുപത്രിക്ക് മേലുണ്ടായ വ്യോമാക്രമണം നടത്തിയത് ഹമാസ് ആണെന്നായിരുന്നു ഇസ്രായേൽ ആരോപിച്ചത്. എന്നാൽ ഇതിനു പിന്നിൽ ഇസ്രായേൽ തന്നെയാണെന്ന് വ്യക്തമാവുകയായിരുന്നു. ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ചും പ്രതിഷേധം അറിയിച്ചും നിരവധി രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും രം​ഗത്തെത്തിയിരുന്നു. വിവിധ രാജ്യങ്ങളിൽ കൂറ്റൻ പ്രക്ഷോഭവും അരങ്ങേറി.

ഒക്ടോബർ 12ന് ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഉമർ ബിലാൽ അൽ-ബന്ന എന്ന നാലു വയസുകാരന്റെ മൃതദേഹവുമായി നിൽക്കുന്ന ഒരാളുടെ വീഡിയോയും ചിത്രവും പുറത്തുവന്നിരുന്നു. നിലത്ത് നിരത്തിവച്ച നിരവധി മൃത​ദേഹങ്ങൾക്കിടയിലാണ് ഉമറിന്റെ മയ്യിത്തുമായി ആ മനുഷ്യൻ നിന്നിരുന്നത്. എന്നാൽ ഇത് മൃതദേഹമല്ല, പാവയാണ് എന്നായിരുന്നു ഇസ്രായേൽ വ്യാജപ്രചരണവും പരിഹാസവും.

ഇസ്രായേലിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ ഒക്ടോബർ 14നായിരുന്നു കുറിപ്പ്. സഹതാപം നേടാൻ ഹമാസ് കളിപ്പാവയിൽ ചോരപുരട്ടി പൊതിഞ്ഞുകെട്ടിയതാണെന്നായിരുന്നു ഇസ്രായേലിന്റെ ‘കണ്ടുപിടിത്തം’. ഈ വ്യാജ ആരോപണം ശരവേഗം പ്രചരിച്ചു. ഫ്രാൻസിലെയും ഓസ്ട്രിയയിലെയും ഇസ്രായേൽ എംബസിയും മറ്റ് ഔദ്യോഗിക ഇസ്രായേലി സോഷ്യൽമീഡിയ അക്കൗണ്ടുകളും ‘പാവ’ ആരോപണം പങ്കുവച്ചു. ഇന്ത്യയിൽ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറും മാധ്യമപ്രവർത്തകരായ സ്വാതി ഗോയൽ ശർമ, അഭിജിത് മജുംദർ തുടങ്ങിയവരും ഇത് ഷെയർ ചെയ്തിരുന്നു.

റൻതീസിയിലെ കുട്ടികളുടെ ആശുപത്രിക്കടിയിൽ ഹമാസിന്‍റെ ടണൽ ഉണ്ടെന്നായിരുന്നു ഇസ്രായേലിന്റെ മറ്റൊരു വ്യാജ ആരോപണം. ഇത് സാധൂകരിക്കാൻ വ്യാജ വിഡിയോയുമായി ഇസ്രായേൽ സേന രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരിയാണ് വിഡിയോയിലൂടെ വ്യാജ പ്രചരണം അഴിച്ചുവിട്ടത്. എന്നാൽ, ഈ വ്യാജപ്രചരണവും സോഷ്യൽമീഡിയ പൊളിച്ചടുക്കിയിരുന്നു. വീഡിയോയുടെ ഭാഗങ്ങൾ നിരവധി തവണ എഡിറ്റ് ചെയ്യുകയും മുറിച്ചുമാറ്റുകയും ചെയ്തതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുകയും ചെയ്തു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News