ദുരന്തമേഖലയില്‍ ബോംബിട്ട് സിറിയന്‍ സൈന്യം; ബശ്ശാറുൽ അസദ് ഭരണകൂടത്തിനെതിരെ വൻ വിമർശനം

സിറിയയിൽ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്

Update: 2023-02-09 10:33 GMT
Editor : Shaheer | By : Web Desk
Advertising

ദമാസ്‌കസ്: ഭൂകമ്പത്തിനു പിന്നാലെ സിറിയയിൽ ബശ്ശാറുൽ അസദ് ഭരണകൂടത്തിന്റെ വ്യോമാക്രമണവും. തിങ്കളാഴ്ച ഭൂകമ്പം പിടിച്ചുലച്ച വടക്കുപടിഞ്ഞാറൻ സിറിയയിൽ സൈന്യം ബോംബാക്രമണം നടത്തിയത്. നടപടിക്കെതിരെ അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുകയാണ്.

കഴിഞ്ഞ ദിവസമാണ് അലെപ്പോയിൽനിന്ന് 35 കി.മീറ്റർ അകലെയുള്ള മരിയയിൽ ബശ്ശാർ സൈന്യത്തിന്റെ ആക്രമണം. പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. ഭൂകമ്പത്തിന്റെ കെടുതികളിൽനിന്ന് രക്ഷതേടി മറ്റു പ്രദേശങ്ങളിലേക്ക് പലായനം ചെയ്തവർക്കുനേരെയായിരുന്നു ബോംബിട്ടത്.

ഭൂകമ്പത്തിനു പിന്നാലെയായിരുന്നു ആക്രമണമെന്ന് നാട്ടുകാർ പറയുന്നു. സംഭവം സൈനികവൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൈന്യം അവകാശപ്പെട്ടു.

ആക്രമണത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലവേർലി കടുത്ത ഭാഷയിൽ വിമർശിച്ചു. ഹീനമായ കൃത്യമാണിതെന്നും അസദ് ഭരണകൂടത്തിന്റെ സ്ഥിരം സ്വഭാവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആക്രമത്തെ ബ്രിട്ടൻ അപലപിച്ചു.

വൻ നാശനഷ്ടങ്ങൾ വിതച്ച ഭൂകമ്പത്തിന്റെ ആഘാതത്തിൽനിന്ന് തുർക്കിയും സിറിയയും ഇനിയും മുക്തമായിട്ടില്ല. ലോകമെങ്ങും സഹായഹസ്തം നീട്ടുമ്പോഴും ആയിരക്കണക്കിനു ജീവനും കെട്ടിടങ്ങളും അപഹരിച്ച ദുരന്തം ഏറെനാൾ ഒരു ഞെട്ടലായി തുർക്കി, സിറിയ ജനതയ്ക്കിടയിൽ നിലനിൽക്കുമെന്നുറപ്പാണ്. ദുരന്തത്തിൽ ഇരുരാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണം 16,000 കടന്നതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. തുർക്കിയിൽ മാത്രം 12,873 പേരാണ് മരിച്ചത്. 62,914 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിറിയയിൽ 3,162 മരണവും റിപ്പോർട്ട് ചെയ്യുന്നു.

Summary: Bashar Al-Assad's government forces bombed the areas hit by earthquake hours after disaster in Syria

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News