രണ്ട് നിലകളുള്ള ഹോട്ടലിന്റെ അഞ്ചാം നില; അർണാബിന് പണികൊടുത്ത് 'ഇന്റലിജൻസ്'

ഇന്ത്യയിലെ മാത്രമല്ല, പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും ട്രോളന്മാരും അർണാബിനു പിന്നാലെയുണ്ട്

Update: 2022-08-30 13:11 GMT
Editor : André | By : Web Desk
Advertising

റിപ്പബ്ലിക് ടി.വി ആങ്കർ അർണാബ് ഗോസ്വാമിയുടെ 'ഇന്റലിജൻസ്' അബദ്ധം ലൈവ് ചർച്ചക്കിടെ തുറന്നുകാട്ടി പാകിസ്താൻ ഭരണകക്ഷിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പ്രതിനിധി. അഫ്ഗാനിസ്താനിൽ ഭരണം പിടിച്ച താലിബാനിൽ ഭിന്നതയുണ്ടെന്നും ഇതിനു കാരണം പാക് ഇന്റലിജൻസ് വിഭാഗമായ ഐ.എസ്.ഐയുടെ ഇടപെടലാണെന്നും തനിക്ക് വിവരം രഹസ്യ ലഭിച്ചുവെന്ന അർണാബിന്റെ അവകാശവാദമാണ് കാബൂളിലെ സറീന ഹോട്ടലിന്റെ 'അഞ്ചാംനിലയിൽ' തട്ടി തകർന്നുവീണത്.

കഴിഞ്ഞയാഴ്ചയാണ് 'താലിബാനിലെ ഭിന്നത' വിഷയത്തിൽ അർണാബ് റിപ്പബ്ലിക് ടി.വിയിൽ പ്രൈം ടൈം ചർച്ച നയിച്ചത്. ഐ.എസ്.ഐയുടെ പ്രോത്സാഹനത്തോടെ പ്രവർത്തിക്കുന്ന ഹഖാനി നെറ്റ്‌വർക്കുമായി യോജിച്ചു പ്രവർത്തിക്കാൻ താലിബാൻ നേതാവ് മുല്ല ബറാദർ തയാറാവാത്തതിനെ തുടർന്ന് താലിബാനിൽ ഭിന്നതയുണ്ടായെന്നും, പാക് ഇടപെടലിനുള്ള തെളിവ് തന്റെ പക്കലുണ്ടെന്നും അർണാബ് പറഞ്ഞു. തന്റെ ഇന്റലിജൻസ് വൃത്തങ്ങളാണ് ഈ വിവരങ്ങൾ കൈമാറിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.



ചർച്ചയിൽ പങ്കെടുത്ത പി.ടി.ഐ പ്രതിനിധി അബ്ദുൽ സമദ് യാകൂബ് അർണാബിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തു. പരിഹാസത്തോടെയാണ് അർണാബ് ഇതിനെ നേരിട്ടത്. 'ഇന്നു തന്നെ പോയി പരിശോധിച്ചു നോക്കൂ. സെറിന ഹോട്ടലിന്റെ അഞ്ചാം നിലയിൽ, ഞാൻ പറയുന്നു, നിങ്ങൾക്ക് പരിശോധിക്കാം, കാബൂളിലെ സെറിന ഹോട്ടലിന്റെ അഞ്ചാം നിലയിൽ എത്ര പാക് സൈനിക ഓഫീസർമാരാണുള്ളത്...' കഴിഞ്ഞ ദിവസം രാത്രി ഹോട്ടലിൽ നിന്ന് സൈനിക ഓഫീസർമാർ കഴിച്ച ഭക്ഷണത്തിന്റെ വിവരങ്ങൾ പോലും തന്റെ കൈവശമുണ്ടെന്നും അർണാബ് പറഞ്ഞു.

എന്നാൽ, പിറ്റേന്ന് ചർച്ചയ്‌ക്കെത്തിയ പി.ടി.ഐ പ്രതിനിധി കാബൂളിലെ സെറിന ഹോട്ടലിന് രണ്ട് നിലകളേയുള്ളൂ എന്നു വ്യക്തമാക്കിയതോടെ അർണാബ് കുടുങ്ങി. എന്നാൽ, അത്രവേഗം തോൽവി സമ്മതിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. 'അപ്പോൾ പാക് ഉദ്യോഗസ്ഥർ സെറിന ഹോട്ടലിലുണ്ടെന്ന് താങ്കൾ സമ്മതിച്ചു. ഹോട്ടലിൽ ഫോൺ ചെയ്ത് അവർ അവിടെയുണ്ടെന്ന് താങ്കൾ ഉറപ്പുവരുത്തി. അഞ്ചാം നില എന്ന് ഞാൻ പറഞ്ഞത് താങ്കളെ കുഴപ്പത്തിലാക്കാനുള്ള ഒരു അടവായിരുന്നു...' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

എന്നാൽ, താൻ ഫോൺ ചെയ്ത് അന്വേഷിച്ചതല്ലെന്നും ഗൂഗിളിൽ തെരഞ്ഞാൽ തന്നെ സെറിന ഹോട്ടലിന് രണ്ട് നിലകളേ ഉള്ളൂ എന്ന് മനസ്സിലാകുമെന്നുമാണ് അബ്ദുൽ സമദ് യാകൂബ് ഇതിനോട് പ്രതികരിച്ചത്. ഇതിനു പിന്നാലെ, അർണാബിന് കിട്ടിയ 'ഇന്റലിജൻസ്' പണി ട്രോളന്മാരും ഏറ്റെടുത്തു. ഇന്ത്യയിലെ മാത്രമല്ല പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും സോഷ്യൽ മീഡിയ ഉപയോക്താക്കളും അർണബിനെ പരിഹസിച്ച് രംഗത്തെത്തി.





Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News