എലികളെ കൊണ്ട് പൊറുതിമുട്ടി; ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയ എലി വിഷം വാങ്ങുന്നു

ഓസ്‌ട്രേലിയയില്‍ നിരോധനമുള്ള എലിവിഷം 5000 ലീറ്റര്‍ ഇറക്കുമതി ചെയ്യാനാണ് ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്

Update: 2021-05-31 03:44 GMT
Editor : Jaisy Thomas | By : Web Desk

എലികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഓസ്ട്രേലിയക്കാര്‍. ഗ്രാമപ്രദേശങ്ങളിലെ കൃഷിയെയും ജനജീവിതത്തെയും ദുസ്സഹമാക്കുന്ന രീതിയിലാണ് എലികള്‍ പെരുകിയിരിക്കുന്നത്. രൂക്ഷമായ എലി ശല്യം തീര്‍ക്കാന്‍ ഇന്ത്യയില്‍ നിന്നും എലി വിഷം വാങ്ങാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.

ഓസ്‌ട്രേലിയയില്‍ നിരോധനമുള്ള എലിവിഷം 5000 ലീറ്റര്‍ ഇറക്കുമതി ചെയ്യാനാണ് ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനു ഫെഡറല്‍ ഓസ്ട്രേലിയന്‍ ഭരണകൂടത്തിന്‍റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. '' ഏറ്റവും ശക്തിയുള്ള എലിവിഷം ഭൂമിയിലെവിടെ ഉണ്ടെങ്കിലും അത് വാങ്ങി 24 മണിക്കൂറിനുള്ളില്‍ എലികളെ മുഴുവന്‍ കൊല്ലുമെന്ന്'' ന്യൂ സൌത്ത് വെയില്‍സ് കൃഷി മന്ത്രി ആദം മാര്‍ഷല്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertising
Advertising

തികച്ചും അപ്രതീക്ഷിതമായിട്ടാണ് എലികള്‍ പെറ്റുപെരുകിയതെന്നും ഇത് ന്യൂ സൌത്ത് വെയില്‍സിലെ വിശാലമായ കൃഷിയിടങ്ങളെ ബാധിച്ചുവെന്നും അധികൃതര്‍ പറയുന്നു. ഫാമുകളിലൂടെയും കളപ്പുരകളിലൂടെയും അലഞ്ഞു നടക്കുന്ന എലികളുടെയും വസ്തുവകകള്‍ നശിപ്പിക്കുന്ന എലികളുടെയും ചിത്രങ്ങള്‍ ഈയിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

രാത്രികളില്‍ സീലിംഗിനുള്ളിലും ഷെഡുകളിലും എലികള്‍ കേറി മേയുകയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. വിളകള്‍ക്ക് ഭീഷണിയായ എലികളെ മറ്റുപോംവഴികളില്ലാതെ വിഷംനല്‍കി കൊല്ലുകയാണിപ്പോള്‍ കര്‍ഷകര്‍. ചിലര്‍ പിടികൂടി വെള്ളത്തില്‍ മുക്കികൊല്ലുന്നുമുണ്ട്. 

ഈ എലികൾ ഓസ്‌ട്രേലിയയിൽ നൂറുകണക്കിന് ആളുകളെ കടിച്ചതായി റിപ്പോർട്ടിൽ പറയുന്നു.തെക്കൻ ക്വീൻസ്‌ലാന്റ്, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഗുരുതരമായ രീതിയില്‍ പകർച്ചവ്യാധികൾ പടരുന്നുണ്ട്. എലികള്‍ കടിച്ചതിനാല്‍ ടണ്‍ കണക്കിന് ധാന്യങ്ങളാണ് വില്‍ക്കാനാവാതെ കൃഷിയിടങ്ങളില്‍ കെട്ടിക്കിടക്കുന്നത്. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News