ശൈഖ് ഹസീന രാജിവെച്ചതിന്റെ തെളിവുകൾ കൈയിലില്ലെന്ന് പ്രസിഡന്റ്; ബംഗ്ലാദേശ് വീണ്ടും സംഘർഷഭരിതം

തെരുവിലിറങ്ങിയ ആയിരക്കണക്കിന് പ്രക്ഷോഭകർ പ്രസിഡന്റിന്റെ വസതിയി​ലേക്ക് തള്ളിക്കയറി

Update: 2024-10-24 08:21 GMT

ധാക്ക: ഒരിടവേളക്ക് ശേഷം ബംഗ്ലാദേശ് വീണ്ടും സംഘർഷഭരിതം. വിദ്യാർഥി ​പ്രക്ഷോഭത്തെതുടർന്ന് പ്രധാനമന്ത്രി പദവി രാജിവെച്ച് രാജ്യം വിട്ട ശൈഖ് ഹസീനയുടെ പേരിലാണ് ബംഗ്ലാദേശിൽ വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുന്നത്. ശൈഖ് ഹസീന പ്രധാനമന്ത്രി പദവി രാജിവെച്ചതിന്റെ തെളിവുകളൊന്നും തന്റെ കൈയിലില്ലെന്ന പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ്താവനയാണ് വീണ്ടും പ്രക്ഷോഭത്തിന് കാരണമായിരിക്കുന്നത്.

ഹസീനക്ക് അനുകൂലമായ പ്രസ്താവന നടത്തിയ ഷഹാബുദ്ദീൻ രാജിവെക്കണമെന്നാവശ്യമാണ് പ്രക്ഷോഭകർ ഉയർത്തുന്നത്. തെരുവിലിറങ്ങിയ ആയിരക്കണക്കിന് പ്രക്ഷോഭകർ പ്രസിഡന്റിന്റെ വസതിയായ ബംഗഭവനി​ലേക്ക് തള്ളിക്കയറി. പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിലും കണ്ണീർ വാതക പ്രയോഗത്തിലും 30 ഓളം പേർക്ക് പരിക്കേറ്റു. മനാബ് സാമിൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റ് ഹസീനക്ക് അനുകൂലമായ പരാമർശം നടത്തിയത്. ആഗസ്റ്റ് അഞ്ചിന് ശൈഖ് ഹസീന രാജിവച്ചതിന് തന്റെ പക്കൽ തെളിവില്ലെന്നും അതിനെക്കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളൂവെന്നുമായിരുന്നു ഷഹാബുദ്ദീൻ പറഞ്ഞത്.

Advertising
Advertising

മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയോട് കൂറുപുലർത്തുന്ന പ്രസ്താവനയാണ് പ്രസിഡന്റ് നടത്തുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഹസീനയോടും അവാമി ലീഗ് പാർട്ടിയോടും കൂറുപുലർത്തുന്ന ​പ്രസിഡന്റ് ആ പദവിയൊഴിയണമെന്നും അവർ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഫാസിസ്റ്റ് ഭരണകൂടത്തെ അട്ടിമറിച്ചു.

അതിനാൽ ആ ഭരണത്തിൽ പങ്കാളിയായ ഒരാൾ പ്രസിഡന്റായി ഉണ്ടാകരുത്. അദ്ദേഹത്തിന് പകരം ഒരു ജനകീയ പ്രസിഡന്റിനെ നിയമിക്കണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാക്കളിലൊരാളായ ഫാറൂഖ് ഹുസൈൻ പറഞ്ഞു. ഹസീനയെ പുറത്താക്കിയതിന് പിന്നാലെ സുപ്രിം കോടതി ജസ്റ്റിസുമാരും രാജ്യത്തെ സെൻട്രൽ ബാങ്ക് മേധാവിയും ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ സംഘർഷം നിയന്ത്രിക്കാനായെന്ന് ബംഗ്ലാദേശ് സുരക്ഷാസേന വ്യക്തമാക്കി.  

സംവരണ നിയമത്തിനെതിരെ ​​പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇക്കഴിഞ്ഞ ആഗസ്റ്റിൽ  ബംഗ്ലാദേശ് വിട്ട് ശൈഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു. ബംഗ്ലാദേശ് സൈന്യത്തിന്റെ നിർദേശപ്രകാരമാണ് ഹസീന രാജിവെച്ച് രാജ്യം വിട്ടത്. സഹോദരിയോടൊപ്പമാണ് രാജ്യംവിട്ടത്. 

1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പ​ങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം ​സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെയാണ് ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയത്. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ  400 ലേറെ പേരാണ് കൊല്ലപ്പെട്ടത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News