ഇറ്റലിയിലെ നീളം കൂടിയ നദി വറ്റിവരണ്ടപ്പോള്‍; സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രൂക്ഷമായ വരള്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്

Update: 2022-06-30 10:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

പോ വാലി: ആധുനികലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കാലാവസ്ഥ വ്യതിയാനം. അതിന്‍റെ ദൂഷ്യഫലങ്ങള്‍ ലോകമെമ്പാടും ദൃശ്യമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രൂക്ഷമായ വരള്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഏറ്റവും കുറഞ്ഞ മഴ ലഭിച്ച രാജ്യമാണ് ഇറ്റലി. മഴയുടെ ദൗര്‍ലഭ്യം മൂലം ജലാശയങ്ങള്‍ വറ്റിവരണ്ടു. രാജ്യത്തെ ഏറ്റവും നീളം കൂടിയ നദിയായ 'പോ' പോലും അടിത്തട്ട് കാണുന്ന വിധത്തില്‍ വരണ്ടുണങ്ങിയിരിക്കുകയാണ്. ഈ നദിയുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി.

യൂറോപ്യൻ ബഹിരാകാശ ഏജൻസി അതിന്‍റെ കോപ്പർ നിക്കസ് സെന്‍റിനല്‍-2 ഉപഗ്രഹം ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പിയാസെൻസയ്ക്ക് സമീപമുള്ള പോ നദിയുടെ ഒരു ഭാഗമാണ് ചിത്രങ്ങളില്‍ കാണിക്കുന്നത്. കൂടാതെ 2020 ജൂണിനും 2022 ജൂണിനും ഇടയിൽ നദി എങ്ങനെ ഗണ്യമായി കുറഞ്ഞുവെന്നും ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. കുറഞ്ഞ മഴയ്ക്ക് പുറമെ, അനുദിനം ഉയരുന്ന താപനിലയും പർവതങ്ങളിൽ നിന്ന് ലഭിക്കുന്ന ചെറിയ അളവിലുള്ള മഞ്ഞും ജലക്ഷാമത്തിന് പിന്നിലെ മറ്റ് പ്രധാന ഘടകങ്ങളാണ്.

കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഇറ്റലിക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന നദിയാണ് പോ. 652 കിലോമീറ്റർ നീളമുള്ള പോ നദി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് പോ താഴ്‍വര മുഴുവൻ വ്യാപിച്ചുകിടക്കുന്നു. 71,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഇത് ഇറ്റലിയിലെ ഏറ്റവും വലിയ നദീതടമാണ്. ചില സ്ഥലങ്ങളില്‍ 110 ദിവസമായി മഴ ലഭിച്ചിട്ടില്ലെന്ന് പോ റിവർ ഒബ്സർവേറ്ററി റിപ്പോർട്ട് ചെയ്യുന്നു.റിപ്പോർട്ടുകൾ പ്രകാരം, 70 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയാണ് നദി നേരിട്ടുകൊണ്ടിരിക്കുന്നത്.

ഗോതമ്പ്, അരി, തക്കാളി എന്നിവയുൾപ്പെടെ ഇറ്റലിയുടെ ഭക്ഷ്യമേഖലയുടെ 40 ശതമാനവും പ്രദാനം ചെയ്യുന്ന പോ താഴ്വര രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക മേഖലയാണ്. കടുത്ത വരൾച്ച മൂലം കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. പോ വാലിയിലെ പല മുനിസിപ്പാലിറ്റികൾക്കും രാത്രിയിൽ റേഷൻ വെള്ളം നൽകാൻ അധികൃതര്‍ നിർദേശം നൽകിയിട്ടുണ്ട്.പോ നദിക്ക് സമാനമായി, മെഡിറ്ററേനിയൻ കടലും 1985-2005 കാലഘട്ടത്തിലെ ശരാശരിയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനിലയുള്ള 2022 മെയ് മാസത്തിൽ ഒരു സമുദ്ര ഉഷ്ണതരംഗം നേരിടുകയാണ്. ഉപരിതല ജലത്തിന്‍റെ താപനില 23 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News