ബിൽ ഗേറ്റ്‌സിന്റെ രാജിക്കു പിന്നിൽ ജീവനക്കാരിയുമായുള്ള വഴിവിട്ട ബന്ധമെന്ന് റിപ്പോര്‍ട്ട്

ലൈംഗിക ആരോപണത്തിൽ അന്വേഷണം നടക്കുമ്പോൾ ബിൽ ഗേറ്റ്‌സ് കമ്പനിയുടെ പദവിയിൽ തുടരുന്നത് ഡയരക്ടർ ബോർഡ് എതിർത്തിരുന്നെന്നും ഇതാണ് രാജിയിലേക്ക് വഴിവച്ചതെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു

Update: 2021-05-17 12:06 GMT
Editor : Shaheer | By : Web Desk
Advertising

മൈക്രോസോഫ്റ്റിന്റെ ഡയരക്ടർ ബോർഡിൽനിന്ന് ബിൽ ഗേറ്റ്‌സ് രാജിവച്ചത് ലൈംഗിക ആരോപണത്തിനുമേലുള്ള അന്വേഷണത്തെ തുടർന്നെന്ന് റിപ്പോർട്ട്. കമ്പനി ജീവനക്കാരിയാണ് ബിൽ ഗേറ്റ്‌സിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതേത്തുടർന്ന് മൈക്രോസോഫ്റ്റ് അന്വേഷണം ആരംഭിച്ചിരുന്നു.

വാൾസ്ട്രീറ്റ് ജേണലാണ് രാജിക്കു പിന്നിലെ രഹസ്യം പുറത്തുവിട്ടത്. ലൈംഗിക ആരോപണത്തിൽ അന്വേഷണം നടക്കുമ്പോൾ ബിൽ ഗേറ്റ്‌സ് കമ്പനിയുടെ പദവിയിൽ തുടരുന്നത് ഡയരക്ടർ ബോർഡ് എതിർത്തിരുന്നെന്നും ഇതാണ് രാജിയിലേക്ക് വഴിവച്ചതെന്നും ജേണൽ റിപ്പോർട്ട് ചെയ്തു.

2020 മാർച്ചിലാണ് മൈക്രോസോഫ്റ്റിന്റെ ഡയരക്ടർ ബോർഡിൽനിന്ന് ബിൽ ഗേറ്റ്സ് രാജിവച്ചത്. സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നായിരുന്നു അന്ന് വിശദീകരിച്ചിരുന്നത്. എന്നാൽ, യഥാർത്ഥ കാരണം മറ്റൊന്നായിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.

മൈക്രോസോഫ്റ്റിൽ എഞ്ചിനീയറായിരുന്ന യുവതിയാണ് തനിക്ക് ദീർഘകാലം ബിൽ ഗേറ്റ്‌സുമായി ലൈംഗികബന്ധമുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. 2019ൽ കമ്പനിയെ കത്തുമുഖേനയാണ് ഇവർ ഇക്കാര്യം അറിയിച്ചത്. പരാതി ലഭിച്ചയുടൻ തന്നെ കമ്പനി അന്വേഷണത്തിനായി പുറത്തുനിന്നുള്ള ഒരു നിയമസ്ഥാപനത്തെ ചുമതലപ്പെടുത്തി. അന്വേഷണത്തിലുടനീളം ജീവനക്കാരിക്ക് എല്ലാവിധ പിന്തുണയും കമ്പനി ഉറപ്പാക്കിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് വൃത്തങ്ങൾ പ്രതികരിച്ചിട്ടുണ്ട്.

ബിൽ ഗേറ്റ്‌സും ഭാര്യ മെലിൻഡയും വേർപിരിഞ്ഞത് അടുത്താണ്. 27 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഇരുവരും പരസ്യമാക്കുകയും ചെയ്തിരുന്നു. ദാമ്പത്യജീവിതം തിരിച്ചെടുക്കാനാകാത്ത വിധം തകർന്നുപോയെന്നായിരുന്നു വിവാഹമോചന അപേക്ഷയിൽ മെലിൻഡ വ്യക്തമാക്കിയത്.

1975ലാണ് അമേരിക്കൻ വ്യവസായ ഭീമനായിരുന്ന പോൾ അലനുമായി ചേർന്ന് ബിൽഗേറ്റ്‌സ് മൈക്രോസോഫ്റ്റിന് തുടക്കം കുറിക്കുന്നത്. 2000 വരെ കമ്പനിയുടെ സിഇഒ ആയിരുന്നു. തുടർന്ന് 2014 വരെ ചെയർമാൻ സ്ഥാനത്തും തുടർന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News