ദൃശ്യം മോഡല്‍ കൊലപാതകം യുഎസിലും; കാണാതായ സ്ത്രീകളെ കൊന്ന് ഫ്രീസറിലാക്കി കുഴിച്ചിട്ടു, 5 പേര്‍ പിടിയില്‍

സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ചു പേര്‍ പിടിയിലായി

Update: 2024-05-23 04:26 GMT

ഒക്‌ലഹോമ: ജീത്തു ജോസഫിന്‍റെ ഹിറ്റ് ചിത്രം ദൃശ്യത്തിലേതിനു സമാനമായ കൊലപാതകം അമേരിക്കയിലും. ഒന്നര മാസം മുന്‍പ് കാണാതായ സ്ത്രീകളെ കൊന്ന് ഫ്രീസറിലാക്കി കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ചു പേര്‍ പിടിയിലായി.

മാര്‍ച്ച് 30ന് കാന്‍സാസില്‍ നിന്ന് ഒഹ്ലഹോമയിലേക്ക് പോകും വഴി കാണാതായ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളാണ് ഫ്രീസറിലാക്കി കുഴിച്ചിട്ട നിലയില്‍ ഒരു പുല്‍മൈതാനത്ത് കണ്ടെത്തിയത്. ഏപ്രില്‍ 14നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെറോണിക്ക ബട്‍ലര്‍ (27), ജിലിയന്‍ കെല്ലി (39) എന്നീ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. പശുക്കളെ മേയ്ക്കാനായി പ്രതികളില്‍ ഒരാള്‍ പാട്ടത്തിനെടുത്ത മേച്ചില്‍പ്പുറത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് പൊലീസ് സ്ഥലം കണ്ടുപിടിച്ചതും പ്രതികളെ പിടികൂടിയതും. പ്രതികളില്‍ ഒരാളായ ടിഫാനി ആഡംസ് എന്ന 54കാരിയും വെറോണിക്കയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. വെറോനിക്കയുടെ കുട്ടികളുടെ മുത്തശ്ശിയാണ് ആഡംസ്. കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് ഇരുവരും നിയമപോരാട്ടത്തിലായിരുന്നു. കൊല്ലപ്പെട്ട അന്ന് വെറോനിക്കയും ജിലിയനും കുട്ടികളെ കാണാനായി പോയതായിരുന്നു.

Advertising
Advertising

കന്‍സാസിലെ ഹ്യൂഗോട്ടണില്‍ നിന്ന് ഒക്‌ലഹോമയിലെ ഫോര്‍ കോര്‍ണേഴ്സിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടെയാണ് ഇവരെ കാണാതായത്. അവരുടെ വാഹനം ടെക്‌സസ് കൗണ്ടിയിലെ ഒരു ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി, അവിടെ വാഹനത്തിലും സമീപവും രക്തം തളംകെട്ടി കിടന്നിരുന്നു. പിടിവലി നടന്ന പാടുകളുമുണ്ടായിരുന്നു. മുഖ്യ പ്രതിയായ ടിഫാനി ആഡംസ് ഉള്‍പ്പെട്ട ഒരു പ്രത്യേക മത സമൂഹത്തിലെ അംഗങ്ങളാണ് കുറ്റകൃത്യത്തിന് കൂടെ നിന്നത്.

ആഡംസ് മൂന്ന് ബര്‍ണര്‍ ഫോണുകള്‍ വാങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി.അവയെല്ലാം കൊല്ലപ്പെട്ട സ്ത്രീകളുടെ കാര്‍ കണ്ടെത്തിയ സ്ഥലത്തിനടുത്തുനിന്ന് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ഡാറ്റ അനുസരിച്ച് അന്വേഷണം നടത്തിയ പൊലീസ് എത്തിച്ചേര്‍ന്നത് കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്ന് 8 മൈല്‍ അകലെയുള്ള ഒരു മേച്ചില്‍ സ്ഥലത്താണ്. അവിടെ പുതുതായി എടുത്ത മണ്ണ് കണ്ടെത്തി. അവിടെ പരിശോധിച്ചപ്പോള്‍ നിറയെ മാലിന്യങ്ങള്‍ക്കു താഴെ ഫ്രീസറില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. സമീപത്തുനിന്ന് തോക്കും കണ്ടെത്തി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News