ബ്രസീലിൽ അഞ്ചുലക്ഷം പിന്നിട്ട് കോവിഡ് മരണം

അമേരിക്കയ്ക്കുശേഷം അഞ്ചു ലക്ഷം കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്ന ആദ്യ രാജ്യമാണ് ബ്രസീൽ

Update: 2021-06-20 16:52 GMT
Editor : Shaheer | By : Web Desk

അമേരിക്കയ്ക്കുശേഷം അഞ്ചു ലക്ഷം കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ബ്രസീൽ. മഹാമാരിയുടെ മൂന്നാം തരംഗം പിടിമുറുക്കാനിരിക്കുന്നതിനിടെയാണ് ബ്രസീലിൽ കോവിഡ് മരണനിരക്ക് കുത്തനെ ഉയരുന്നത്.

ബ്രസീൽ ആരോഗ്യമന്ത്രി മാഴ്‌സെലോ കൈ്വരോഗയാണ് കോവിഡ് മരണസംഖ്യ അഞ്ചുലക്ഷം പിന്നിട്ട വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം മാത്രം 2,301 പേർക്കാണ് മഹാമാരിക്കിരയായി ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ ബ്രസീലിലെ മൊത്തം കോവിഡ് മരണസംഖ്യ 5,00,800 ആയി. യഥാർത്ഥ മരണസംഖ്യ മറച്ചുവയ്ക്കുന്നതായി ആരോഗ്യ, സാമൂഹിക പ്രവർത്തകർ ആരോപണമുയർത്തുന്നതിനിടെയാണ് മരണസംഖ്യ അഞ്ചുലക്ഷം പിന്നിടുന്നത്.

Advertising
Advertising

ഈയാഴ്ച പ്രതിദിന മരണനിരക്ക് 2,000 കടന്നിട്ടുണ്ട്. കഴിഞ്ഞ മെയ് പത്തിനുശേഷം ഇതാദ്യമായാണ് വീണ്ടും മരണനിരക്ക് കുത്തനെ ഉയർന്നിരിക്കുന്നത്. അതിനിടെ, ബ്രസീല്‍ നഗരങ്ങളില്‍ പ്രസിഡന്‍റ് ജെയ്ര്‍ ബൊല്‍സനാരോയ്ക്കെതിരെ ജനകീയ പ്രക്ഷോഭം രൂക്ഷമാകുകയാണ്. റിയോഡി ജനീറോ, ബ്രസീലിയ, സാവോപോളോ അടക്കമുള്ള വന്‍ നഗരങ്ങളിലാണ് തൊഴിലില്ലായ്മയും കോവിഡ് പ്രതിരോധത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടി പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങള്‍ പ്രകടനങ്ങള്‍ നടത്തുന്നത്.

അതേസമയം, മരണം കുത്തനെ ഉയരുമ്പോഴും രാജ്യത്തെ വാക്‌സിനേഷൻ പരിപാടികൾ മന്ദഗതിയിലാണെന്ന് എസ്പിരിറ്റോ സാന്റോ സർവകലാശാലയിലെ സാംസ്‌ക്രമികരോഗ വിദഗ്ധൻ എഥേൽ മാഷ്യേൽ പറയുന്നു. വലിയ നഗരങ്ങളിൽ ജീവിതം സാധാരണനിലയിലേക്ക് മാറിയിട്ടുണ്ട്. റെസ്റ്റോറന്റുകളും ബാറുകളും മറ്റു കടകളും സാധാരണ പോലെ തുറന്നുപ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ജനങ്ങൾ മാസ്‌ക് ധരിക്കാതെയാണ് തെരുവുകളിലിറങ്ങി നടക്കുന്നത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News