ബുർഖ ധരിച്ചാൽ 80,000 രൂപ പിഴ; കടുത്ത നടപടിക്ക് സ്വിറ്റ്‌സർലൻഡ്

കരടുനിയമം സ്വിസ് പാർലമെന്റിൽ അവതരിപ്പിച്ചു

Update: 2022-10-14 10:00 GMT
Editor : Shaheer | By : Web Desk
Advertising

ജനീവ: ബുർഖ ധരിച്ചാൽ കടുത്ത പിഴ ചുമത്താൻ നീക്കവുമായി സ്വിറ്റ്‌സർലൻഡ് ഭരണകൂടം. പാർലമെന്റിൽ അവതരിപ്പിച്ച കരടുനിയമത്തിലാണ് പിഴ അടക്കം കർശന നടപടികൾക്കുള്ള നിർദേശങ്ങളുള്ളത്. മുഖാവരണത്തിനുള്ള നിരോധനം ലംഘിച്ചവർക്കെതിരെ 1,000 സ്വിസ് ഫ്രാങ്ക്(ഏകദേശം 82,000 രൂപ) പിഴ ചുമത്തും.

മുഖാവരണം നിരോധിക്കാനുള്ള നടപടിയിൽ ജനഹിതം തേടി കഴിഞ്ഞ വർഷം സ്വിറ്റ്‌സർലൻഡിൽ വോട്ടെടുപ്പ് നടന്നിരുന്നു. ഇതിൽ ബുർഖ നിരോധനത്തെ 51.2 ശതമാനം പേരാണ് പിന്തുണച്ചത്. എന്നാൽ, ഇസ്‌ലാംഭീതിയും സ്ത്രീവിരുദ്ധതയുമാണെന്നു ചൂണ്ടിക്കാട്ടി വലിയ തോതിൽ വിമർശനവും ഉയർന്നു. ജനഹിത പരിശോധനയുടെ തുടർച്ചയായാണ് കരടുനിയമം തയാറായിട്ടുള്ളത്.

നേരത്തെ പൊതുസ്ഥലത്ത് ബുർഖ ധരിച്ചാൽ 10,000 സ്വിസ് ഫ്രാങ്ക് പിഴ ചുമത്താനായിരുന്നു നേരത്തെ നീക്കമുണ്ടായിരുന്നത്. ഇത് പിന്നീട് ആയിരം ഫ്രാങ്ക് ആക്കി ചുരുക്കുകയായിരുന്നു. പൊതുസുരക്ഷയും ക്രമസമാധാനവും മുൻനിർത്തിയാണ് ബുർഖ നിരോധനമെന്നും ശിക്ഷയ്ക്കല്ല മുൻഗണനയെന്നും കരടുരേഖയിൽ ഭരണകൂടം ചൂണ്ടിക്കാട്ടുന്നു.

കരടുനിയമത്തിൽ ബുർഖയെന്നോ നിഖാബെന്നോ വ്യക്തമാക്കുന്നില്ല. എന്നാൽ പൊതുഗതാഗതം, റെസ്റ്റോറന്റുകൾ, പൊതുനിരത്ത് തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കണ്ണും മൂക്കും വായും അടക്കമുള്ള മുഖഭാഗം മറച്ച് എത്തുന്നതിനാണ് നിരോധനമെന്ന് നിയമത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ബുർഖ നിരോധനം വനിതാ അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവുമെല്ലാം ഹനിക്കുന്ന അപകടകരമായ നയമാണെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ പ്രതികിരച്ചിട്ടുണ്ട്.

ബുർഖ നിരോധിക്കപ്പെട്ട അഞ്ചു രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സർലൻഡ്. 2011ൽ ഫ്രാൻസാണ് മുഖാവരണത്തിന് ആദ്യമായി നിരോധനം ഏർപ്പെടുത്തുന്നത്. പിന്നീട് ഡെന്മാർക്ക്, ആസ്ട്രിയ, നെതർലൻഡ്‌സ്, ബൽഗേറിയ തുടങ്ങിയ രാജ്യങ്ങളും നിരോധനം പ്രഖ്യാപിക്കുകയായിരുന്നു. സ്വിറ്റ്‌സർലൻഡിലെ വലതുപക്ഷ കക്ഷിയായ സ്വിസ് പീപ്പിൾസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് രാജ്യത്ത് ബുർഖ നിരോധനം ആവശ്യപ്പെട്ട് കാംപയിൻ ശക്തമാക്കിയത്.

Summary: Switzerland proposes $1,000 fines for breaking 'burqa ban'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News