കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ ട്രക്ക് സമരം; കാനഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

സമരം 18-മത്തെ ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2022-02-15 14:28 GMT
Advertising

കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ട്രക്കർമാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാനഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.1988ൽ നടപ്പാക്കിയ അടിയന്തരാവസ്ഥ നിയമമാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജ്യത്ത് നടപ്പിലാക്കിയത്.

അപകടകരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. സമരം 18-മത്തെ ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി 29ന് കാനഡയുടെ തലസ്ഥാനത്തെത്തിയാണ് ട്രക്കർമാർ പ്രതിഷേധം തുടങ്ങിയത്. അതിശൈത്യം അവഗണിച്ച് തലസ്ഥാനത്തെത്തിയ ട്രക്കർമാർ കൂറ്റൻ വാഹനങ്ങൾ റോഡുകളിൽ പാർക്ക് ചെയ്തു. താത്കാലിക ടെൻറുകൾ കെട്ടി പ്രതിഷേധം തുടങ്ങി. തലസ്ഥാനത്തെ സ്തംഭിപ്പിക്കുന്ന വിധത്തിൽ പ്രതിഷേധം പലപ്പോഴും അക്രമാസക്തമായി. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും രാജ്യതലസ്ഥാനം വിട്ട് രഹസ്യകേന്ദ്രത്തിലേക്ക് മാറിയതായും റിപ്പോർട്ടുണ്ടായിരുന്നു.

വാക്‌സിനെടുത്തവർക്കു മാത്രമേ യുഎസ്-കനേഡിയൻ അതിർത്തി കടക്കാൻ അനുമതി നൽകൂ എന്ന നിബന്ധനയാണ് ട്രക്ക് ഡ്രൈവർമാരെ രോഷാകുലരാക്കിയത്. തുടക്കത്തിൽ വാക്‌സിൻ നിർദേശങ്ങൾക്കെതിരെ ആയിരുന്നു പ്രതിഷേധമെങ്കിൽ, പിന്നീട് കോവിഡ് നിയന്ത്രണങ്ങൾക്കും ട്രൂഡോ സർക്കാരിനുമെതിരായ പ്രതിഷേധമായി മാറുകയായിരുന്നു. എയർ ഹോണുകൾ നിർത്താതെ മുഴക്കിയും ട്രക്കുകൾ നടുറോഡിൽ പാർക്ക് ചെയ്തും ട്രക്കർമാർ ഉപദ്രവിക്കുകയാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ട്രക്കർമാരും അവരെ പിന്തുണയ്ക്കുന്നവരും പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News